കവിത 

'മണ്ണില്‍ മറവുചെയ്യരുതെന്നെ'- ഗിരിജ പാതേക്കര എഴുതിയ കവിത

ഗിരിജ പാതേക്കര

രിച്ചുകഴിഞ്ഞാല്‍
മണ്ണിനടിയില്‍
മറവുചെയ്യരുതെന്നെ.
പകരം
ദഹിപ്പിക്കണമുടല്‍.
മണ്ണിലടക്കുമ്പോള്‍,
ആധികളും വ്യാധികളും
ആനന്ദങ്ങളും
ആവോളമറിഞ്ഞ
മാംസത്തിന്നടരുകള്‍ 
അലിഞ്ഞില്ലാതായാലും
അതെല്ലാം
ആഴത്തിലറിഞ്ഞ അസ്ഥികള്‍
അഴുകാതഴുകാതെ കിടക്കും,
യുഗാന്തരങ്ങളില്‍
ഫോസിലായ് മാറും.
അവ കണ്ടെടുക്കുന്നവര്‍ക്കു മുന്‍പില്‍
എന്റെ ജീവരഹസ്യങ്ങള്‍
വെളിപ്പെടും.

പറയാനാവാതെ
ഉള്ളം നീറ്റിയ വാക്കുകള്‍,
പ്രാണവേദനകള്‍,
കനല്‍പോലെരിഞ്ഞ കനവുകള്‍,
കടലലപോല്‍
ഹൃദയതീരം തകര്‍ത്ത കാമനകള്‍,
ചുട്ടുപഴുക്കയും
താനേ തണുക്കയും ചെയ്ത
ഉന്മാദങ്ങള്‍,
മറച്ചുവെച്ച മോഹങ്ങള്‍,
ഒളിച്ചുവെച്ച ദാഹങ്ങള്‍,
മറ്റൊന്നായ് പേരിട്ടു വിളിച്ച പ്രണയം,
ഹൃദയരക്തംപതിച്ച
പ്രേമോപഹാരം,
ലിപികളില്ലാത്ത ഭാഷയില്‍
അദൃശ്യങ്ങളായ നേര്‍മ്മകളിലെഴുതിയ ലിഖിതങ്ങള്‍,
ഒരുമിച്ചു പങ്കിട്ട നിലാവ്, കാറ്റ്...

നൂറ്റാണ്ടുകള്‍ക്കപ്പുറത്തിരുന്ന്
എല്ലാമവര്‍ വായിച്ചെടുക്കും,
എന്നെ വിധിക്കും.
അതിനാല്‍
മരിച്ചുകഴിഞ്ഞാല്‍
ദഹിപ്പിക്കണമുടല്‍.
ചിതയിലാളുമഗ്‌നി പോരാ,
ഒരൊറ്റയാലിംഗനത്താല്‍
ഒരുപിടി ഭസ്മമാക്കും
വൈദ്യുതസ്ഫുലിംഗങ്ങളാല്‍
ദഹിപ്പിക്കണമുടല്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്