കവിത 

ശകലങ്ങള്‍

കെ. സച്ചിദാനന്ദന്‍
നാം പന്ത്രണ്ടു വീടുകളില്‍ താമസിച്ചു.
ഓരോന്നിലും നമ്മുടെ ഓരോ ശകലം
വിട്ടുപോന്നു, പൂച്ച അതിന്റെ വീടുകളില്‍
രോമം പൊഴിച്ചിടും പോലെ.
അതിനിടെ നാം കുട്ടികളെ വളര്‍ത്തി,
ഞാന്‍ കവിതകളെയും നീ പൂക്കളെയും.
കരച്ചിലുകളും സുഗന്ധങ്ങളും ബാക്കിയായി.
ഇപ്പോള്‍ നാം അവസാനത്തെ വീട്ടിലാണ്,
കുട്ടികള്‍ ഇല്ലാതെ. നാം വളര്‍ത്താന്‍ മാത്രം
വിധിക്കപ്പെട്ടവരാണ്, മരിക്കും വരെ
അവരെച്ചൊല്ലി ഉല്‍ക്കണ്ഠപ്പെടാന്‍,
ആര്‍ക്കറിയാം, മരിച്ചുകഴിഞ്ഞാലും.
എന്നിട്ടും നീ വിത്തുകള്‍ വിതയ്ക്കുന്നു,
ഞാന്‍ വാക്കുകളും:
ഇനിയും ഈ വഴി വരുന്നവര്‍ക്കായി,
അല്പം പച്ച, അല്പം സൗരഭ്യം,
ബഷീര്‍ ജയിലില്‍ എന്നപോലെ.
മഴ വരുമ്പോള്‍ കിളികള്‍ക്ക്
നനയുമോ എന്ന് നീ വ്യാകുലയാകുന്നു
ഞാന്‍ സ്ലെയ്റ്റ് തലയില്‍ വെച്ച്
സ്‌കൂളിലേയ്ക്ക് പോകുന്നത് ഓര്‍മ്മിക്കുന്നു.
നാം കാലത്തില്‍ നനയുന്നു,
പതുക്കെ അലിയുന്നു.
നാം അലിഞ്ഞ മണ്ണില്‍നിന്ന്
പന്ത്രണ്ടു വീടുകള്‍ ഉയര്‍ന്നുവരുന്നു
നമ്മുടെ ശബ്ദങ്ങള്‍ അവയില്‍
അലഞ്ഞുതിരിയുന്നു,
പുതിയ ഉടലുകള്‍ തേടി.
ചിത്രീകരണം / സചീന്ദ്രന്‍ കാറഡുക്ക
ചിത്രീകരണം / സചീന്ദ്രന്‍ കാറഡുക്ക

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഡ്രൈവിങ് സ്‌കൂള്‍ ഉടമകളുടെ സമരം; മന്ത്രിയുമായി സംഘടനകളുടെ ചര്‍ച്ച നാളെ

കൊല്ലത്ത് യുവതിയും യുവാവും ട്രെയിനിടിച്ച് മരിച്ച നിലയില്‍

ഡല്‍ഹി ആദായ നികുതി ഓഫീസില്‍ തീപിടിത്തം; ഒരു മരണം, ഏഴു പേരെ രക്ഷപ്പെടുത്തി

നവവധുവിന് ക്രൂരമര്‍ദനം;യുവതിക്ക് നിയമസഹായം നല്‍കും ; മാനസിക പിന്തുണ ഉറപ്പാക്കാന്‍ കൗണ്‍സിലിങ്

ചങ്ങനാശേരിയില്‍ വീടുകള്‍ കുത്തിത്തുറന്ന് മോഷണം; 2.5 ലക്ഷം രൂപയും സ്വര്‍ണവും കവര്‍ന്നു