ശീനുവിനോട് പ്രേമമാണെന്ന് ഈശ്വർലാൽ മുൾജി ആദ്യമായി പറഞ്ഞത് വലിയങ്ങാടിയിൽ ചരക്കിറക്കാൻ വന്ന ഒരു ലോറി ഡ്രൈവറോടായിരുന്നു. അയാൾക്ക് ശീനുവിനേയും മുൾജിയേയും അറിയുമായിരുന്നില്ല. എങ്കിലും മുൾജി കൊടുത്ത കത്ത് കൃത്യമായി അയാൾ ശീനുവിനെ ഏല്പിച്ചു. അഷ്ടമിരോഹിണി ദിവസം ബാലകൃഷ്ണ ലാൽജി മന്ദിറിലെ പൂജയ്ക്കെത്തിയതായിരുന്നു അവൾ. പട്ടുപാവാടയുടുത്ത ഒരു പാതി അപ്‌സരസ്. മുൾജിക്ക് കോരിത്തരിപ്പുണ്ടായി. ലോറി ഡ്രൈവർ കത്ത് ശീനുവിനെ ഏല്പിച്ച് മുൾജിയെ ചൂണ്ടിക്കാണിച്ചു. ശീനുവിന്റെ കണ്ണുകളെ നേരിടാനാവാതെ മുൾജി ആൾക്കൂട്ടത്തിലൊളിച്ചു.
കുറേനാൾ കഴിഞ്ഞിട്ടും അവൾ മറുപടി കൊടുത്തില്ല. എത്രയോ ദിവസങ്ങൾ മന്ദിറിൽ കാത്തിരുന്ന് മുൾജി മടങ്ങി.
ശീനു മലയാളിയാണ്. ഇളയ മകളായ ശാരദകുമാരിയെ അച്ഛനുമമ്മയും ശീനു എന്ന് ഓമനിച്ച് വിളിച്ചു. ബാലകൃഷ്ണ ലാൽജി മന്ദിറിനടുത്തുള്ള ഗോശാലയിൽ അവളുടെ അച്ഛൻ പാൽ കറക്കാൻ വരുന്നതല്ലാതെ ഗുജറാത്തികളും മാർവാഡികളും സിന്ധികളും തിങ്ങിപ്പാർക്കുന്ന ആ തെരുവുമായി അവൾക്ക് മറ്റു ബന്ധങ്ങളൊന്നും ഉണ്ടായിരുന്നില്ല.
ഞ്ച, ഝ, ഋ തുടങ്ങി നാലോ അഞ്ചോ അക്ഷരങ്ങൾ എഴുതുമ്പോഴുള്ള ചെറിയ ആശയക്കുഴപ്പവും ധോത്തിയുടുക്കുന്ന ശീലവും ഒഴിച്ചാൽ മുൾജിയും ഒരുകണക്കിനു മലയാളി തന്നെ. ആറു വയസ്സു മുതൽ അവിടെയുണ്ട്. അച്ഛൻ നവീൻചന്ദ് മുൾജിക്കു മുൻപുള്ള രണ്ട് തലമുറ ഗുജറാത്തിലെ കച്ചിൽനിന്ന് കപ്പലുകേറി വന്നവരാണ്. വലിയങ്ങാടിക്കടുത്ത് അവർ നിരനിരയായി പാണ്ടികശാലകൾ തുറന്നു. മുകളിൽ താമസവും താഴെ കച്ചവടവും. അരിയും പരുത്തിയും പഞ്ചസാരയും കൊണ്ടുവന്നു. ബോംബെ ഹോട്ടലിലെ കച്ചിച്ചായ കുടിച്ചു. ഏലവും ചന്ദനവും കപ്പലിൽ കയറ്റിവിട്ടു. അതിനു വിലയായി ടിന്നിലടച്ച സ്വർണനാണയങ്ങൾ തിരികെ വന്നു.
പാട്ടും മേളവുമായി തെരുവിൽ നവരാത്രി ആഘോഷം നടക്കുന്നതിനിടയിലാണ് ശീനൂന്റെ അച്ഛനോട് മുൾജി കാര്യം അവതരിപ്പിച്ചത്. മുൾജി കച്ചിലേക്കുതന്നെ തിരിച്ചു പോകുമെന്നതായിരുന്നു അയാളുടെ ഭയം.
"നിങ്ങള് ഈടെ വന്നുകൂടിയോരല്ലേ... തേങ്ങേം ചൂടീം കപ്പലുകേറ്റുമ്പോ കൂടെ കേറിപ്പോവില്ലെന്ന് എന്താ ഉറപ്പ്. പോയാ തന്നെ തിരിച്ചുവരൂന്ന് എന്താ ഉറപ്പ്."
"ഞാനൊറ്റയ്ക്ക് ഇവിടംവിട്ട് പോവില്ല. ശീനൂം കൂടെയുണ്ടാവും" -ദാണ്ടിയ പാട്ടിനിടയിൽ മുൾജി പറഞ്ഞത് കേട്ടില്ലെങ്കിലും ശീനൂന്റെ അച്ഛൻ അത് ഊഹിച്ചു.
"ഇയാളെ വയസ്സെത്രയാ?"
"ഇരുപത്തൊന്ന്."
"അയ്യോ, ഓൾക്ക് ഇരുപത്തഞ്ച് തുടങ്ങി."
"എനിക്ക് പ്രശ്നമില്ല, അത് നമ്മളറിഞ്ഞാ പോരെ"-മുൾജി ശബ്ദം താഴ്ത്തി.
"അത് മാത്രല്ല" ഗർബാ സംഗീതം മുറുകിയപ്പോൾ ശീനൂന്റെ അച്ഛൻ ഒന്നുനിർത്തി.
"ഓൾക്കിതൊന്നും പിടിക്കൂല" -അയാൾ മുൾജിയുടെ അയഞ്ഞുകിടക്കുന്ന ധോത്തിയും പൈജാമയും ഇഷ്ടമാവാതെ നോക്കി.
"മന്ദിറിൽ ബാലഗോപാലന് പാലും തൈരും കൊടുക്കുന്ന നേരമത്രയും ശീനുവിന്റെ പ്രാർത്ഥന കഴിയുന്നതും കാത്ത് മുൾജിയിരുന്നു. രാജ്‌ഭോഗ് പൂജ കഴിഞ്ഞതും ശീനു അയാളെ നോക്കാതെ ഗോശാലയിലേക്ക് നടന്നു.
"ഏയ്..."
ശീനു തിരിഞ്ഞുനിന്നു.
"ധോത്തിയാണോ പ്രശ്നം?"
അവൾക്ക് മനസ്സിലായില്ല.
"ഞാൻ മുണ്ടുടുക്കാം. വേണേൽ ബാബുരാജിന്റെ പാട്ടും പഠിക്കാം..." ശീനുവിനെ ചെരിഞ്ഞൊന്ന് നോക്കിക്കൊണ്ട് അയാൾ ഹാർമോണിയത്തിന്റെ ആക്ഷൻ കാണിച്ചു.
"പാതിരാക്കാറ്റിൽ നിന്റെ പട്ടുറുമാലിളകിയല്ലോ" എന്നൊക്കെ മുൾജി പാടുന്നതോർത്ത് ശീനൂനു തമാശ തോന്നി.
"ആ പടം കണ്ടോ... അയാളാണ് ഇവിടെ ആദ്യം വന്ന ഗുജറാത്തി." മന്ദിറിന്റെ അരഭിത്തിയോട് ചേർന്ന് ഏതോ തെരുവുചിത്രകാരൻ വരച്ച കടൽത്തീരത്തിന്റെ ചിത്രത്തിൽ ധോത്തിയുടുത്ത് തലപ്പാവുമിട്ട് നിൽക്കുന്ന ഒരു സഞ്ചാരിയെ മുൾജി കാണിച്ചുകൊടുത്തു. ശീനു കണ്ണുമിഴിച്ച് നോക്കി.
"ആ ധോത്തിക്കാരന്റെ കൂടെ നിൽക്കുന്നത് ആരാന്നറിയോ?"
ശീനു അപ്പോഴാണ് ആ ചിത്രം നന്നായി ശ്രദ്ധിച്ചത്.
"അതാണ് ഇബ്‌നുബത്തൂത്ത."
"ഹായ് വത്തക്ക!" പൂജ കഴിഞ്ഞ് വരാന്തയിൽ കൊണ്ടുവച്ച പഴങ്ങളുടെ പാത്രത്തിൽനിന്ന് അവൾ തണ്ണിമത്തന്റെ ഒരു കഷണം എടുത്തു.
"വത്തക്ക മാത്രേ ഇഷ്ടുള്ളൂ..? എന്നെ ഇഷ്ടായില്ലേ?"
"മിണ്ടല്ല... പൂജാരി കേക്കും."
"എനിക്ക് ഭംഗിയില്ലാത്തോണ്ടാണോ?"
തണ്ണിമത്തൻ കടിച്ചുകൊണ്ട് ശീനു ചിരിച്ചു.
"ആരോടെങ്കിലും പ്രേമം ഉണ്ടോ?"മുൾജിയുടെ ശബ്ദം കുമിളപോലെ നേർത്തു; ശീനു തൊട്ടാൽ ആ ചോദ്യം പൊട്ടിപ്പോവുന്നത്രയും.
ശീനു ഇല്ലെന്ന് തലയാട്ടി. മുൾജി ശ്വാസം വിട്ടു. അങ്ങാടിയിലേക്ക് ചരക്കുകൊണ്ടുവരുന്ന ഒരു വണ്ടി മണ്ണുപാറ്റി കടന്നുപോയി. രണ്ടുപേരും ചുമച്ചു. ഏതൊക്കെയോ സുഗന്ധദ്രവ്യങ്ങളുടെ മണം സൗത്ത് ബീച്ചിൽനിന്നുള്ള അനേകം ഇടവഴികളിലൂടെ തെരുവിലെത്തി.
"ഇങ്ങനെ കാലാട്ട്യാല് അച്ഛന് കടം കേറൂന്നാണ്." മന്ദിറിന്റെ വരാന്തയിൽ കാലാട്ടിക്കൊണ്ടിരുന്ന മുൾജിയോട് ശീനു പറഞ്ഞു.
"കേറട്ടെ... എന്നെ ഇവിടെക്കൊണ്ടിട്ടിട്ട് അങ്ങേര് നാട്ടിൽ വേറെ പെണ്ണും കെട്ടി സുഖിക്കുവാണ്."
"വരത്തന്മാരെ വിശ്വസിക്കാൻ കൊള്ളൂല."
"എന്നേം?"
ശീനു നാലഞ്ചടി മുന്നോട്ട് നടന്ന് മുൾജിയെ ആകമാനം നോക്കി. ചൂളിപ്പോവാതിരിക്കാൻ അയാൾ അകലെനിന്നു കേൾക്കുന്ന കടപ്പുറത്തെ ബഹളത്തിലേക്ക് വെറുതെ ശ്രദ്ധിച്ചു. ചരക്കുകയറ്റിപ്പോയ രണ്ട് ഉരുക്കൾ നങ്കൂരംപൊട്ടി പുറംകടലിൽ ഒഴുകിനടക്കുന്നതായി ആളുകൾ പറയുന്നുണ്ടായിരുന്നു. അത് തിരിച്ചെത്തിക്കാണും. ഇരുമ്പുപോലെ തോളുള്ള ഖലാസികൾ ഉരു കയറുകെട്ടി വലിക്കുന്നതിന്റെ ആരവമാണ്.
"ശ്രീകൃഷ്ണ ശരണം മമഃ" എന്നു തുടർച്ചയായി ഉരുവിട്ട് പ്രായമേറെ ചെന്ന ഒരു സ്ത്രീ മന്ദിറിന്റെ വരാന്തയിൽ കാലുനീട്ടിയിരിപ്പുണ്ടായിരുന്നു. ശീനു അവരുടെ കണ്ണിൽപെടാതെ ഒരു തൂണിന്റെ മറപറ്റി മുൾജിക്കരികിലിരുന്നു. ശീനുവിന്റെ ഭംഗിയുള്ള ചെറുവിരലിൽ തൊട്ടുതൊട്ടില്ല എന്ന മട്ടിൽ മുൾജിയും.
എന്തോ പറയാൻ തുടങ്ങിയെങ്കിലും ജപിച്ചുകൊണ്ടിരുന്ന സ്ത്രീ പെട്ടെന്ന് അതു നിർത്തി എഴുന്നേറ്റതോടെ അവളും മടങ്ങാനൊരുങ്ങി.
"കച്ച് ഏടെയാ... കൊറേ ദൂരെയാണോ?" -ഗോശാലയിലേക്കുള്ള പടി കയറുമ്പോൾ ശീനു തിരിഞ്ഞുചോദിച്ചു.
"കപ്പലിലോ തീവണ്ടിയിലോ പോണം. എന്തേ..." -മറുപടി പ്രതീക്ഷിച്ച് മുൾജി അവൾക്കു പുറകേ ഗോശാലയുടെ അതിരുവരെ പോയെങ്കിലും ഒന്നുമുണ്ടായില്ല. അകത്തേക്ക് കയറും മുന്‍പ് ശീനു മുൾജിയെ നോക്കി ഒന്നൂടെ ചിരിച്ചു. അതിന്റെ തുമ്പും പിടിച്ച് ശാലയ്ക്ക് പുറത്ത് മുൾജി കുറച്ചുനേരം പരുങ്ങിനിന്നു. അകത്ത് പാൽപാത്രങ്ങളുടെ തട്ടുംമുട്ടും കേട്ടപ്പോൾ അയാൾ തിരിച്ചുനടന്നു.
ആഷാഢമാസത്തിലെ രണ്ടാംദിവസം പാരമ്പര്യ കേരളീയരീതിയിൽ മുൾജിയുടേയും ശീനുവിന്റേയും കല്ല്യാണം നടന്നു.
"പണ്ട് ഇവിടൊരു ലൈറ്റ് ഹൗസ് ഉണ്ടായിരുന്നു."
കല്ല്യാണരാത്രിയിൽ ശീനുവിനേയും കൂട്ടി കടൽപ്പാലം കാണാനിറങ്ങിയ സമയം ഇരുട്ടത്ത് നിഴലുപോലെ നിൽക്കുന്ന ഇരുമ്പുതൂണുകൾക്കപ്പുറത്തേക്ക് മുൾജി ചൂണ്ടി.
"അവിടുന്ന് നോക്കിയാൽ കച്ചീന്ന് കപ്പലു വരുന്ന കാണാം."
"വന്ന കപ്പല് തിരിച്ചുപോവുന്ന കാണുന്നുണ്ടോ?"
അയാൾക്കതിന്റെ അർത്ഥം മനസ്സിലായി. മിടുക്കിപ്പെണ്ണ്. മുൾജി നിലക്കടലയുടെ പൊതി തുറന്നു. ശീനു മണലിൽ കമിഴ്ന്നു കിടന്ന് കൊറിച്ചു. കടൽക്കാറ്റടിച്ച് പാവാട പറന്നപ്പോൾ അവളുടെ കണങ്കാൽ വെളിപ്പെട്ടു.
"ശീനു ഒട്ടകത്തിന്റെ പുറത്ത് കേറീട്ടുണ്ടോ?"
"ഇല്ല."
"കച്ചില് നിറയെയുണ്ട്. അത് നടക്കുന്ന കണ്ടിട്ടുണ്ടോ?"
അവൾ ഒരു കയ്യിൽ തല താങ്ങി മുൾജിയെ നോക്കി ഇല്ലെന്ന് തലയാട്ടി.
"നല്ല ചന്താണ്. ഇതുപോലെ പൊങ്ങീം താണും പൊങ്ങീം താണും..." -മുൾജീടെ കയ്യിൽ കുരുത്തക്കേടിന്റെ തിര മുളച്ചു.
"ശേയ്"-ശീനു കൈനിറയെ മണലുവാരി മുൾജിയുടെ മടിയിലിട്ടു.
വിവാഹശേഷം അയാൾ ധോത്തി ഉപേക്ഷിച്ചു. ഷർട്ടും പാന്റ്‌സുമായി സ്ഥിരം വേഷം. ഒരത്തറുകടയിൽ വിൽപ്പനക്കാരനായി ജോലിക്ക് കയറി. പാണ്ടികശാലയ്ക്കു മുന്നിൽ ഓണത്തിന് പത്തുദിവസവും പൂവിട്ടു. കട്ടനും ബീഡിയും ശീലമാക്കി. ചോറും വെള്ളരിക്കാക്കറിയും പയറുമെഴുക്കുപുരട്ടിയും കഴിച്ചു. പുതിയാപ്പയിലും കോതിയിലും തട്ടിൻപുറത്തെ മെഹ്ഫിലുകളിൽ ഒപ്പം കൂടി. ശീനൂനു ഗർഭം ആയപ്പോൾ അവളേംകൊണ്ട് കുറ്റിച്ചിറയിൽ പോയി പഴം നിറച്ചതും തരിപ്പോളയും വാങ്ങിക്കൊടുത്തു. കുഞ്ഞ് ആണാണെങ്കിൽ പ്രദീപനെന്നും പെണ്ണാണെങ്കിൽ രാജിയെന്നും വിളിക്കാൻ തീരുമാനിച്ചു.
അഞ്ചാം മാസത്തിലാണ് ശീനൂനൊരു പനി വന്നത്. മുകൾനിലയിലെ ചെറിയ കിടപ്പുമുറിയിലെ ഇരുമ്പുകട്ടിലിൽ ശീനു വാടിക്കിടന്നു. മുൾജി ചുക്കും കുരുമുളകും തുളസിയും തിളപ്പിച്ച് ശർക്കര ചേർത്ത് കാപ്പിയുണ്ടാക്കി. ഉള്ളംകാൽ തടവി കട്ടിലിലിരുന്നു.
"മുൾജീ."ശീനു വിളിച്ചു.
"അനങ്ങുന്നില്ല"-അവൾ വയറിൽ കൈവച്ചു.
"ഉറങ്ങുവായിരിക്കും." ശീനു അടിവയർ അമർത്തിത്തൊട്ടു.
"അല്ല" -അവളുടെ കണ്ണ് നിറയാൻ തുടങ്ങി.
മുൾജി വയറിൽ തല ചേർത്തുവച്ചു. ഉൾക്കടലിലെപോലെ അനന്തമായ നിശ്ശബ്ദത അയാളെ പേടിപ്പിച്ചു.
"ആശൂത്രീൽ പോവാം."
ശീനു ആയാസത്തോടെ എഴുന്നേറ്റുനിന്നു. രണ്ടടി നടന്നതും അവൾ കുഴഞ്ഞുവീണു. പിൻഭാഗം മുഴുവൻ ചോരയിൽ കുതിർന്നത് മുൾജി കണ്ടു. അയാൾ ഓടിച്ചെന്ന് താങ്ങി. ശീനുവിന്റെ മുഖം കോടി. പൊള്ളുന്ന കവിളിലേക്ക് വായിൽനിന്നും പത നുരഞ്ഞിറങ്ങി.
ആശുപത്രിയിൽനിന്നു തിരിച്ചെത്തുമ്പോൾ ശീനുവിന്റെ ഒരു ഭാഗം തളർന്നിരുന്നു. കുഞ്ഞിനായി പറഞ്ഞുണ്ടാക്കിയ മരത്തൊട്ടിൽ അവളുടെ കണ്ണെത്താത്തിടത്തേക്ക് മുൾജി മാറ്റി. അത്തറുകടയിലേക്കുള്ള പോക്ക് നിർത്തി അയാൾ ശീനുവിനൊപ്പമിരുന്നു. മരുന്ന് മണം മാറാൻ സുഗന്ധതൈലങ്ങൾ കൊണ്ടുവന്ന് അവളുടെ കയ്യിലും കാലിലും പുരട്ടി.
നഖം വെട്ടുമ്പോൾ മുൾജിയുടെ കയ്യിൽനിന്ന് ബ്ലേഡ്കൊണ്ട് ശീനുവിന്റെ മോതിരവിരൽ മുറിഞ്ഞ് രക്തം വന്നു. അവളത് അറിഞ്ഞില്ല.
"എന്തിനാ കരയുന്നെ" -ശീനു ചോദിച്ചു.
മുൾജി വിരലൊപ്പി മരുന്ന് വച്ചുകെട്ടി. വീടിന്റെ താഴെ നിലയിൽ അയാൾ ചെറിയ നിലയിൽ ഒരു കൊപ്ര ഫാക്ടറി തുറന്നു. അച്ഛൻ നവീൻചന്ദ് മുൾജി തുടങ്ങാൻ ശ്രമിച്ച് പരാജയപ്പെട്ട കച്ചവടമായിരുന്നു. ഉണക്കാനിട്ട കൊപ്രയിൽ പൂപ്പലുവന്ന് ആദ്യം കുറച്ച് നഷ്ടം വന്നെങ്കിലും മുൾജി പിടിച്ചുനിന്നു. ശീനുവിനെ കുളിപ്പിക്കാനും ഭക്ഷണം കൊടുക്കാനും ഓരോ നേരത്തും മുൾജി ഗോവണി കയറി മുകളിലേക്കോടും.
"അയ്യോ ശീനു വിളിക്കുന്നുണ്ടെന്ന് തോന്നുന്നു."
"ചോറ് വെന്തുകാണും."
"ഉച്ചയ്ക്കുള്ള കഷായം കൊടുക്കാൻ മറന്നു."
പെട്ടെന്നായിരിക്കും മുൾജിയുടെ മുകളിലേക്കുള്ള ഓട്ടം. അയാളുടെ ആഞ്ഞുള്ള ചവിട്ടിൽ ആദ്യമൊക്കെ കിടുങ്ങി കരഞ്ഞ ഗോവണി കാലങ്ങൾ കഴിഞ്ഞപ്പോൾ അതുനിർത്തി വഴങ്ങിക്കൊടുക്കാൻ തുടങ്ങി.
കൊപ്രാക്കച്ചവടത്തിൽ സാമാന്യം ഭേദപ്പെട്ട നിലയിലേയ്ക്ക് മുൾജി എത്തിയപ്പോഴാണ് കളത്തിൽ തേങ്ങാമോഷണം കണ്ടെത്തിയത്.
"പത്തുമുപ്പതെണ്ണം എന്തായാലും കൊറവുണ്ട്." സഹായി രാജീവൻ എത്ര നോക്കിയിട്ടും എണ്ണം കണക്കായില്ല.
"കള്ളക്കൂട്ടങ്ങളുടെ നാട്!"
"ഓ, ങ്ങള് വല്യ ഹരിശ്ചന്ദ്രന്മാര്."രാജീവൻ കൂട്ടിവച്ച ചിരട്ട ചാക്കിൽ നിറക്കാൻ തുടങ്ങി.
"പണ്ട് അമിതാഭ് ബച്ചൻ പറഞ്ഞതെന്താന്നറിയോ?" ഈശ്വർലാൽ ആൻഡ് കമ്പനി എന്ന് പഴയ ലിപിയിൽ എഴുതിയ കടുപ്പം കുറഞ്ഞ കാപ്പിയുടെ നിറമുള്ള ബോർഡിനു കീഴെ ഒരു മാസത്തെ കൊപ്രാക്കണക്ക് കൂട്ടീം കിഴിച്ചും നോക്കാനിരുന്നപ്പോൾ മുൾജി രാജീവനോട് ചോദിച്ചു.
"അയാളെന്തൊക്കെ പറഞ്ഞുകാണും."
"കച്ചിനെക്കുറിച്ച് എന്താ പറഞ്ഞതെന്ന് അറിയാമോ?"
"ആ... ഞാൻ കേട്ടിട്ടില്ല."
അതു കള്ളമായിരുന്നു. കൊപ്ര ഫാക്ടറീൽ ജോലി അന്വേഷിച്ചെത്തിയ കാലം തൊട്ട് രാജീവനോട് ഒരു കാക്കത്തൊള്ളായിരം തവണ മുൾജി ഈ ചോദ്യം ചോദിച്ചിട്ടുണ്ട്.
"കച്ച് നഹി ദേഖാ തൊ കുച്ച് നഹി ദേഖാന്ന്..."
ഹിന്ദി അറിയില്ലെങ്കിലും മനസ്സിലായതുപോലെ അപ്പോഴൊക്കെ രാജീവൻ തലയാട്ടും. മുൾജി കണക്കെഴുതുന്ന ബോർഡ് മേശപ്പുറത്ത് തിരിച്ചുവച്ചു. അയാൾ മരക്കസേരയിൽ അമർന്നിരുന്നപ്പോൾ വീർത്ത വെള്ളവയറിനു പുറത്തെ ദ്വാരങ്ങൾ തെളിഞ്ഞു.
"കേട്ടില്ലേ... കുച്ച് നഹി ദേഖാ..."
"അയാളിതെപ്പാ പറഞ്ഞെ?"
രാജീവനും വിട്ടില്ല. മുൾജി കുറച്ചുനേരം വെറുതെ ആലോചിച്ചു.
"എന്തായാലും ഇതുപോലുള്ള തേങ്ങാക്കള്ളന്മാര് അവിടെയില്ല."
"അയ്‌നവിടെ തേങ്ങയുണ്ടോ?"
മുൾജി തോൽവി സമ്മതിച്ചതുപോലെ മൂളി. കണക്കുകൂട്ടി മടുത്തപ്പോൾ അയാൾ ഒരു ബീഡി കത്തിച്ച് റോഡിലേക്കിറങ്ങി. മുൾജിയുടെ കാലത്തുതന്നെ കേരളത്തിലേക്ക് വണ്ടി കയറിയ സുഹൃത്ത് പദംസിയും കുടുംബവും മൂന്നുമാസം മുന്‍പ് കച്ചിലേക്ക് തിരിച്ചുപോയിരുന്നു. അവരൊഴിഞ്ഞുപോയ പാണ്ടികശാലയിലെ ചുമരിൽ രണ്ടുമൂന്നു പണിക്കാർ ചേർന്ന് കടുത്ത നിറമുള്ള ചായം തേക്കുന്നുണ്ടായിരുന്നു. ഒരു പെണ്ണും ചെറുക്കനും അവിടെ നിന്നിറങ്ങി തോളിൽ കയ്യിട്ട് തെരുവിന്റെ ഓരം ചേർന്ന് ബീച്ചിലേക്ക് നടന്നു. മുൾജി കൗതുകത്തോടെ അവരെ നോക്കി.
"അവിടെ കഫേ വരുന്നുണ്ട്."
ചിരട്ട നിറച്ച ചാക്ക് കെട്ടിവച്ച് രാജീവൻ ഗുഡ്‌സ് ഓട്ടോയിലേക്ക് കയറ്റി.
"പാവം പദംസി. വെറും കയ്യോടെയാ തിരിച്ചുപോയത്. പത്തന്‍പത് കൊല്ലം വെറുതെ കളഞ്ഞു. ഇവിടെ പോർട്ട് വരുമെന്നായിരുന്നു അവന്റെ വിചാരം. എവിടെ വരാൻ..."
"നാട്ടിൽ അയാൾക്ക് ആൾക്കാരുണ്ടോ?"
മുൾജി അറിയില്ലെന്ന് തലയാട്ടി. കച്ചിൽനിന്ന് പദംസിയുടെ ഒരു കത്ത് മുൾജി പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ല. അയാളുടെ വീട് നിന്നിടത്ത് തുടങ്ങിയ കഫേയിൽ പുതിയ ആളുകളെത്തി. വഴിനീളെ പുത്തൻ തുണിക്കടകൾ തുറന്ന് തെരുവ് പ്രായം കുറച്ചു. കഫേയിൽനിന്നുള്ള ഒച്ചകളിലേക്ക് ശീനു ചെവിയോർത്തു. അവളത് ഇഷ്ടപ്പെടുന്നുണ്ടെന്ന് തോന്നി.
പ്രതീക്ഷിക്കാത്ത ഒരു ദിവസം പദംസി അയച്ച കൊറിയറുംകൊണ്ട് രാജീവൻ ഗോവണി കയറി വന്നു. ഭദ്രമായി പൊതിഞ്ഞ ഗുലാബ് പാക്കും കച്ചിപേഡയും. കൂടെ കുറച്ച് ഫോട്ടോകളും അയച്ചിരുന്നു. സുഹൃത്തുക്കളോടൊപ്പം ബജ്‌റ റൊട്ടി കഴിക്കുന്നതും റാൻ ഓഫ് കച്ചിലെ ഉപ്പു മരുഭൂമിയിൽ ഒട്ടകത്തിന്റെ കൂടെ നിൽക്കുന്നതും.
"ഈ മരുഭൂമീലാണോ നിങ്ങടെ നാട്!"
മുൾജി രൂക്ഷമായി രാജീവനെ നോക്കി. പിറ്റേദിവസം രാവിലെ രാജീവൻ വരുമ്പോൾ മുൾജിക്ക് ചുറ്റും ബീഡിക്കുറ്റികൾ ചിതറിക്കിടന്നു. വീട്ടിനകത്ത് അങ്ങനെയൊരു ശീലം അയാൾക്കില്ലാത്തതാണ്.
"ഇങ്ങനെ ബേജാറായിട്ടെന്തിനാ... കൊപ്രാക്കച്ചോടം എല്ലാടത്തും ഡള്ളാണ്. നമ്മക്ക് തമിഴ്‌നാട്ടിൽനിന്നു തേങ്ങയെടുക്കുന്നത് ആലോചിക്കാ..."
"അതല്ലെടാ."
"പിന്നെന്താ" -രാജീവൻ തീപ്പെട്ടിയുരച്ചെങ്കിലും കെടുത്തി.
"അവിടെയൊക്കെ ഒന്ന് കാണാൻ തോന്നുന്നു" -മുൾജി സ്വയം കുറ്റപ്പെടുത്തുന്നതുപോലെ പറഞ്ഞു. പദംസി അയച്ച ഫോട്ടോഗ്രാഫുകൾ അയാൾ വീണ്ടുമെടുത്തു.
"തിരിച്ചുപോവാനോ.. അപ്പോ ശീനുച്ചേച്ചിയോ?"
"ഒരുവട്ടം കണ്ടുവരാനാണ്... പ്രായമൊക്കെ കൂടിവരുവല്ലേ..."
"തെറ്റൊന്നും ഇല്ല. സ്വന്തം നാട് കാണാൻ തോന്നില്ലേ... പക്ഷേ, ശീനുച്ചേച്ചീനെ എന്തെയ്യും?"
തന്റെ ആഗ്രഹം മുൾജി ശീനൂനോട് പറഞ്ഞില്ല. അയാൾ പതിവുപോലെ അവൾക്കുള്ള ആഹാരമുണ്ടാക്കുകയും ഉടുപ്പ് മാറ്റിക്കുകയും മുടി കോതി ഉച്ചിയിൽ കെട്ടിവയ്ക്കുകയും ചെയ്തു. ശീനൂനുള്ള മരുന്നെടുത്ത് വരുമ്പോൾ അയാൾ രണ്ടുതവണ വാതിൽപടിയിൽ തട്ടി കാലിടറി വീഴാൻ പോയി. "നാശം!" നിലത്ത് തൂവിയ കഷായത്തിൽനിന്നും മുറിയിൽ മരുന്നുമണം നിറഞ്ഞു. സുഗന്ധതൈലങ്ങളുടെ കുപ്പി കാലിയായിരുന്നു. വാങ്ങാൻ അയാൾ മെനക്കെട്ടില്ല.
"ശീനുചേച്ചി സമ്മതിച്ചോ?"
മുൾജി പറഞ്ഞതുപ്രകാരം ശീനുവിന് ഹോംനഴ്‌സിനായുള്ള അന്വേഷണത്തിലായിരുന്നു രാജീവൻ.
"അവളോട് പറഞ്ഞില്ല."
"പറയാതെ പിന്നെ..."
മുൾജി യാത്രക്കുള്ള ഒരുക്കങ്ങൾ നടത്തുന്നത് രാജീവൻ അത്ഭുതത്തോടെ നോക്കി. "അവിടെ പെണ്ണുകെട്ടി കൂടുവോ കച്ചിവാല..." അവൻ കളിയായി ചോദിച്ചു. മുൾജി മറുപടി പറയാതെ ബാഗിൽ തുണികൾ നിറച്ചു. യാത്ര തീരുമാനിച്ചതിനു ദിവസങ്ങൾക്കു മുന്‍പ് രാജീവൻ ഒരു ഹോംനഴ്‌സിനെ വീടുകാണിക്കാൻ കൊണ്ടുവന്നു. പാണ്ടികശാല മുഴുവൻ ആ സ്ത്രീയെ മുൾജി നടന്നുകാണിച്ചു. ശീനു നല്ല ഉറക്കത്തിലായിരുന്നു. അവളുടെ മരുന്നുക്രമവും ആഹാരസമയവുമൊക്കെ അയാൾ പറഞ്ഞുകൊടുത്തു.
"വൃത്തിയായി കിടത്തണം. തുണി ഇടക്കിടെ മാറ്റണം."
"ഓ."
"ഇത് ഇങ്ങനെയിരുന്നോട്ടെ" -കടലറ്റം കാണുന്ന ജനൽ മുൾജി തുറന്നുവച്ചു.
അവർ പിറ്റേന്നുമുതൽ വരാമെന്നു പറഞ്ഞ് തിരിച്ചുപോയി. കൊപ്ര ഫാക്ടറീടെ കണക്കു പുസ്തകവും താക്കോലും രാജീവനെ ഏല്പിച്ച് മുൾജി ടിക്കറ്റ് പരിശോധിച്ചു.
"ഇവിടുന്ന് രാജ്‌കോട്ട് ജങ്ഷൻ വരെയാണ് ട്രെയിൻ. അവിടുന്ന് ഭുജിലേക്ക് സ്‌പെഷ്യൽ വണ്ടിയുണ്ട്. റെയിൽവേ സ്റ്റേഷനിൽ പദംസി വരാമെന്ന് പറഞ്ഞിട്ടുണ്ട്. അവിടുന്നും പോണം പത്തുനൂറ് കിലോമീറ്റർ."
"നാളെ അഞ്ചരയ്ക്കല്ലേ വണ്ടി. ഞാൻ സ്റ്റേഷനിൽ വിടാം"-രാജീവൻ ഇറങ്ങി ബീച്ചിലേക്കുള്ള വഴിയേ നടന്നു. അയാൾക്കു മുന്നിൽ കടപ്പുറത്തുനിന്ന് ആരോ പറത്തിയ പട്ടം മുന്നിലെ കെട്ടിടങ്ങളേയും വെല്ലുവിളിച്ച് വാശിയോടെ പറന്നു.
ബാലകൃഷ്ണ ലാൽജി മന്ദിറിൽ വൈകീട്ടത്തെ പൂജയ്ക്കുള്ള ഒരുക്കങ്ങൾ തുടങ്ങിയിരുന്നു. മൈക്കിലൂടെ അഷ്ടാക്ഷർമന്ത്രം തെരുവു മുഴുവനുമെത്തി. ഭഗവാന് അത്താഴമായി കിച്ചടിയും പൂരിയുമൊക്കെ നിവേദ്യം നൽകിക്കാണും. ഇപ്പോൾ ദർശനസമയമാണ്. മുൾജിക്ക് പ്രാർത്ഥിക്കണമെന്നു തോന്നി.
പിറ്റേന്നു രാവിലെ ഹോംനഴ്‌സ് വലിയ ലഗേജും തോളിൽ താങ്ങി ഓട്ടോയിൽ വന്നിറങ്ങി. അവർ മറ്റു സംസാരമൊന്നുമില്ലാതെ ഗോവണി കയറാൻ തുടങ്ങി. പരിചയമില്ലാത്ത കാലുകളോടുള്ള ഇഷ്ടക്കേട് അതിന്റെ പടികൾ കാണിച്ചു. ശീനു എഴുന്നേറ്റുകാണും. അവർ അവളുടെ മുറിയിലേക്ക് കയറാൻ തുടങ്ങുന്നത് മുൾജി താഴെനിന്നു നോക്കി.
"നിൽക്കൂ" -മുൾജി ധൃതിയിൽ പടികൾ കയറി അവർക്കു പിന്നാലെ മുകളിലെത്തി. ഹോംനഴ്സ് അവിടെ നിന്നു.
"നിങ്ങൾ പൊയ്ക്കോളൂ. ഞാൻ വിളിക്കാം."
"എന്തുപറ്റി" -അവർ പരിഭ്രമിച്ചു.
"ബുദ്ധിമുട്ടിച്ചതിൽ ക്ഷമിക്കണം." അയാൾ പഴ്സ് തുറന്ന് കുറച്ച് നോട്ടെടുത്ത് നീട്ടി. അവരത് വാങ്ങാതെ അമ്പരപ്പിൽ തുടർന്നു:
"എന്താ പെട്ടെന്ന്."
"ഓട്ടോക്കാശാണ്. വാങ്ങൂ... നിങ്ങളെ വെറുതെ മെനക്കെടുത്തി" ഹോംനഴ്‌സ് സംശയം മാറാതെ ശീനുവിന്റെ മുറിയിലേക്ക് ഒന്നു പാളിനോക്കി. പിന്നെ കാശ് വാങ്ങി എന്തോ പിറുപിറുത്ത് തിരിച്ചിറങ്ങി.
"ശീനു" -മുൾജി വിളിച്ചു.
"ഇന്നെന്താ നേരത്തെ" -അവൾ ഉറക്കം പാതി വിട്ടിരുന്നു. അയാൾ അരയിലൂടെ കയ്യിട്ട് ശീനുവിനെ പൊക്കിയിരുത്തി. ഉടുപ്പ് അരവരെയൂരി പുറം പതുക്കെ തുടച്ചു.
"ഒരു കാര്യം അറിയോ?"
"പറയ്."
"വേലിയേറ്റ സമയത്ത് കച്ചിലെ തുറമുഖത്തൂന്ന് നോക്കിയാൽ ദൂരെ പാകിസ്താന്റെ തീരം കാണാം."
ശീനു അതാദ്യമായി കേൾക്കുകയായിരുന്നു. അവൾ അയാളെ അത്ഭുതത്തോടെ നോക്കിയിട്ട് ചോദിച്ചു: "ശെരിക്കും...?"
സംശയത്തിന്റെ ഉപ്പുകാറ്റിൽ എന്നപോലെ ഒരു നിമിഷം അയാൾ ഉലഞ്ഞു.
"അതോ വേലിയിറക്കത്തിലാണോ..."
ശീനു കട്ടിലിന്റെ തലയ്ക്കൽ ചാരിയിരുന്ന് ജനാലയ്ക്കപ്പുറത്തെ വിടർന്ന കടലിലേക്ക് നോക്കി. അയാളും നോക്കി. രണ്ടുപേരുടേയും നോട്ടങ്ങൾ കടലിന്റെ അതിരിനെ മുറിച്ചുകടന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates