11 things a political psychologist will secretly tell a candidate  samakalika malayalam
News+

സ്ഥാനാർത്ഥിയോട് ഒരു 'പൊളിറ്റിക്കൽ സൈക്കോളജിസ്റ്റ്' രഹസ്യമായി പറയുന്ന 11 കാര്യങ്ങൾ

പഴയ രാഷ്ട്രീയമല്ലിത്. നയങ്ങളെയും വികസനത്തെയും കുറിച്ചുള്ള ചർച്ചകൾക്കപ്പുറം, മനുഷ്യരുടെ മനസ്സിനെ സ്വാധീനിക്കുന്ന 'മൈൻഡ് ഗെയിമുകൾ' ജയപരാജയങ്ങൾ നിശ്ചയിക്കുന്ന കാലമാണിത്. ഒരു പൊളിറ്റിക്കൽ സൈക്കോളജിസ്റ്റ് തന്റെ സ്ഥാനാർത്ഥിക്ക് നൽകുന്ന ഏറ്റവും പ്രധാനപ്പെട്ട, ചില ഉപദേശങ്ങൾ.

അഡ്വ. അവനീഷ് കോയിക്കര

തെരഞ്ഞെടുപ്പ് പ്രചാരണം ഒരു യുദ്ധമാണ്. നമ്മൾ കാണുന്ന പോസ്റ്ററുകൾ, മുദ്രാവാക്യങ്ങൾ, വാഗ്ദാനങ്ങൾ എന്നിവയെല്ലാം അതിന്റെ പരസ്യമായ മുഖം മാത്രം. എന്നാൽ യഥാർത്ഥ പോരാട്ടം നടക്കുന്നത് വോട്ടർമാരുടെ മനസ്സിലാണ്. അടച്ചിട്ട മുറികളിൽ, സ്ഥാനാർത്ഥികൾ ഏറ്റവും വിശ്വസ്തരായ ടീം അംഗങ്ങളോടും പൊളിറ്റിക്കൽ സൈക്കോളജിസ്റ്റുകളോടും സംസാരിക്കുന്ന ചില 'രഹസ്യങ്ങൾ' ഉണ്ട്.

പഴയ രാഷ്ട്രീയമല്ലിത്. നയങ്ങളെയും വികസനത്തെയും കുറിച്ചുള്ള ചർച്ചകൾക്കപ്പുറം, മനുഷ്യരുടെ മനസ്സിനെ സ്വാധീനിക്കുന്ന 'മൈൻഡ് ഗെയിമുകൾ' ജയപരാജയങ്ങൾ നിശ്ചയിക്കുന്ന കാലമാണിത്. ഒരു തെരഞ്ഞെടുപ്പ് ജയിക്കുന്നത് ഏറ്റവും മികച്ച വാഗ്ദാനം നൽകുന്നതുകൊണ്ടല്ല, മറിച്ച് ജനങ്ങളുടെ മനസ്സിനെ ഏറ്റവും നന്നായി മനസ്സിലാക്കുന്നതുകൊണ്ടാണ്.

വാഗ്ദാനങ്ങൾക്കപ്പുറം, വോട്ടർമാരിൽ പ്രതീക്ഷ, വിശ്വാസം, സുരക്ഷിതത്വം എന്നീ വികാരങ്ങൾ ജനിപ്പിക്കാൻ കഴിയുന്ന സ്ഥാനാർത്ഥിയാണ് യഥാർത്ഥ വിജയി. ഈ മനഃശാസ്ത്രപരമായ 'ഗെയിം പ്ലാൻ' ആണ് ഓരോ പൊളിറ്റിക്കൽ സൈക്കോളജിസ്റ്റും തങ്ങളുടെ സ്ഥാനാർത്ഥിക്ക് രഹസ്യമായി കൈമാറുന്നത്. ഒരു പൊളിറ്റിക്കൽ സൈക്കോളജിസ്റ്റ് തന്റെ സ്ഥാനാർത്ഥിക്ക് നൽകുന്ന ഏറ്റവും പ്രധാനപ്പെട്ട, ചില ഉപദേശങ്ങൾ ഇതാ.

1. ആദ്യം കാണുന്ന 7 സെക്കൻഡിൽ നിങ്ങൾ ജയിച്ചിരിക്കണം

നമ്മൾ കരുതുന്നതിലും വേഗത്തിൽ ആളുകൾ നമ്മെ വിലയിരുത്തും. ഇതിനെ 'ഫസ്റ്റ് ഇംപ്രഷൻ' എന്ന് വിളിക്കുന്നു. ഒരു സ്ഥാനാർത്ഥി വേദിയിലേക്ക് നടന്നു കയറുമ്പോൾ, ആളുകളെ നോക്കി പുഞ്ചിരിക്കുമ്പോൾ, ഹസ്തദാനം ചെയ്യുമ്പോൾ—ആദ്യത്തെ ഏഴ് (7 )സെക്കൻഡിനുള്ളിൽ—വോട്ടർമാർ ഒരു നിഗമനത്തിലെത്തും: "ഇയാളെ വിശ്വസിക്കാമോ?", "ഇയാൾ ശക്തനാണോ?", "ഇയാൾ നമ്മളെപ്പോലെയാണോ?".

"നിങ്ങളുടെ ശരീരഭാഷ (Body Language) വാക്കുകളേക്കാൾ ഉച്ചത്തിൽ സംസാരിക്കും. ആത്മവിശ്വാസമുള്ള നടത്തം, തുറന്ന പുഞ്ചിരി, നേരിട്ടുള്ള നോട്ടം (Eye Contact) എന്നിവ നിങ്ങളിൽ തൽക്ഷണ വിശ്വാസ്യത സൃഷ്ടിക്കും."

2. സഹതാപം മറക്കുക, 'താരപരിവേഷം' ഉറപ്പാക്കുക

ഇന്നത്തെ വോട്ടർമാർക്ക് കാര്യപ്രാപ്തിയുള്ള, പ്രസന്നതയുള്ള, തങ്ങൾക്ക് അഭിമാനത്തോടെ ചൂണ്ടിക്കാണിക്കാൻ കഴിയുന്ന ഒരാളെയാണ് വേണ്ടത്. "സഹതാപം വോട്ടായി മാറും" എന്നത് കാലഹരണപ്പെട്ട ആശയമാണ്.

കുളിച്ച് വൃത്തിയായി, ഏറ്റവും മികച്ച വസ്ത്രങ്ങൾ ധരിച്ച് മാത്രം വോട്ട് ചോദിക്കാൻ ഇറങ്ങുക. ആളുകൾ ഒരു സ്ഥാനാർത്ഥിയിൽ 'സ്റ്റാർ വാല്യു' കാണാൻ ആഗ്രഹിക്കുന്നുവെന്ന കാര്യം വിസ്മരിക്കരുത്. പ്രസംഗത്തിനിടയിൽ മൂക്ക് ചീയ്യുക, കൈ കൊണ്ട് പല്ലിന്റെ ഇട കുത്തുക, വൃത്തിയില്ലാത്ത ആ കൈ കൊണ്ട് ഷേക്ക് ഹാൻഡ് കൊടുക്കുക—ഇത്തരം കാര്യങ്ങൾ വോട്ടർമാരിൽ വെറുപ്പുണ്ടാക്കും.

A wholesale shop sorting and bundling various political party flags, party symbols,

3. 'ഞാൻ ജയിക്കും' എന്ന മൈൻഡ്സെറ്റ് പ്രൊജക്ട് ചെയ്യുക

വോട്ടർമാർക്ക് ദുർബലനായ സ്ഥാനാർത്ഥിയെ ആവശ്യമില്ല. അവർക്ക് വേണ്ടത് വിജയിക്കാൻ പോകുന്ന, ആത്മവിശ്വാസമുള്ള ഒരു നേതാവിനെയാണ്. നിങ്ങളുടെ ഉള്ളിലെ ഭയമോ ആശങ്കയോ ഒരിക്കലും പുറത്തുകാണിക്കരുത്.

"'ഗതികെട്ട് ഇറങ്ങിയതാണ്', 'പാളയത്തിൽ നിന്ന് പണി കിട്ടും' തുടങ്ങിയ നിഷേധാത്മക സംസാരങ്ങൾ ഒഴിവാക്കുക. ആളുകളോട് സംസാരിക്കുമ്പോൾ നിങ്ങളുടെ ശരീരഭാഷയിലും വാക്കുകളിലും ആത്മവിശ്വാസം പ്രതിഫലിക്കണം. "സത്യം പറഞ്ഞാൽ, ആദ്യം ഇറങ്ങിയപ്പോൾ എനിക്ക് ചെറിയ പേടി ഉണ്ടായിരുന്നു. പക്ഷെ നിങ്ങളെപ്പോലുള്ളവരുടെ സ്നേഹവും പിന്തുണയും നേരിട്ട് കണ്ടപ്പോൾ, നമ്മൾ ജയിക്കുമെന്ന വിശ്വാസം നൂറിരട്ടിയായി."

4. കണക്കുകളല്ല, നിങ്ങളുടെ 'കഥ'യാണ് പ്രധാനം

വോട്ടർമാർ യുക്തിബോധം (Logic) കൊണ്ട് ചിന്തിക്കുകയും വികാരം (Emotion) കൊണ്ട് തീരുമാനമെടുക്കുകയും ചെയ്യുന്നവരാണ്. നിങ്ങളുടെ അഞ്ചുവർഷത്തെ വികസന നേട്ടങ്ങളുടെ നീണ്ട ലിസ്റ്റിനേക്കാൾ, നിങ്ങൾ ആരാണ്, എന്തിന് നിലകൊള്ളുന്നു എന്ന് പറയുന്ന ഒരു ലളിതമായ 'കഥ'യ്ക്ക് (Narrative) അവരെ സ്വാധീനിക്കാൻ കഴിയും.

അതിനാൽ കണക്കുകൾ നിരത്തി പ്രസംഗിക്കരുത്. പകരം, ആ കണക്കുകൾ സാധാരണക്കാരുടെ ജീവിതത്തെ എങ്ങനെ മാറ്റിമറിച്ചു എന്നതിന്റെ വൈകാരികമായ ഒരു കഥ പറയുക. നിങ്ങളുടെ ആത്മവിശ്വാസം ആ കഥയുടെ ഭാഗമാകണം.

5. വോട്ടറുടെ മനസ്സ് 'വായിക്കാൻ' പഠിക്കുക

നിങ്ങൾ സംസാരിക്കുമ്പോൾ വോട്ടർ അത് സ്വീകരിക്കുന്നുണ്ടോ അതോ തിരസ്കരിക്കുകയാണോ എന്ന് തത്സമയം അറിയാൻ സാധിക്കും. ഇത് വാക്കുകളിലൂടെയല്ല, ശരീരഭാഷയിലൂടെയാണ് അവർ പ്രകടിപ്പിക്കുന്നത്. പ്രചാരണ സമയങ്ങളിൽ വോട്ടറോട് സംസാരിക്കുമ്പോൾ അവരുടെ കണ്ണിൽ നോക്കി മാത്രം സംസാരിക്കുക. അവർ നിങ്ങളിൽ നിന്ന് ദൂരേക്ക് മാറുകയാണോ അതോ അടുത്തേക്ക് വരികയാണോ എന്ന് ശ്രദ്ധിക്കുക.

അവരുടെ കാലുകളും കൈകളും 'ക്രോസ് പൊസിഷനിൽ' (Crossed Arms/Legs) ആണെങ്കിൽ അവർ നിങ്ങൾ പറയുന്നതിനോട് പ്രതിരോധത്തിലാണ്. എന്നാൽ 'ഓപ്പൺ പൊസിഷനിൽ' ആണെങ്കിൽ അവർ നിങ്ങൾ പറയുന്നത് സ്വീകരിക്കുന്നു. ഓപ്പൺ പൊസിഷനിലുള്ള വോട്ടറുടെ അടുത്ത് കുറച്ച് സമയം കൂടുതൽ ചെലവഴിക്കുക."

6. വോട്ട് 'ചോദിക്കരുത്'

"എനിക്ക് വോട്ട് തരണം, എന്നെ ജയിപ്പിക്കണം" എന്ന് ആവർത്തിച്ച് അപേക്ഷിക്കുന്നത് ബലഹീനതയുടെ ലക്ഷണമാണ്. സംഭാഷണം നിങ്ങളെക്കുറിച്ചല്ല, വോട്ടറെക്കുറിച്ച് ആക്കുക. ഈ വാർഡിൽ സത്യത്തിൽ എന്താണ് നടക്കേണ്ടിയിരുന്നത്?', 'ഒരു ജനപ്രതിനിധിയിൽ നിന്ന് നിങ്ങൾ എന്താണ് പ്രതീക്ഷിക്കുന്നത്?' എന്ന് അവരോട് ചോദിക്കുക.

അവരുടെ പ്രശ്നങ്ങൾ ക്ഷമയോടെ കേൾക്കുക. എന്നിട്ട് ഇങ്ങനെ പറഞ്ഞു നിർത്താം: "നിങ്ങൾ ഈ പറഞ്ഞ കാര്യങ്ങളൊക്കെ എനിക്ക് ഒറ്റയ്ക്ക് ചെയ്യാൻ പറ്റുമോ? എനിക്കറിയില്ല. പക്ഷെ നിങ്ങളെല്ലാവരും കൂടെയുണ്ടെങ്കിൽ നമുക്കിത് ഒരുമിച്ച് ചെയ്യാൻ പറ്റും, അല്ലേ?"

7. ഓരോ വോട്ടറെയും നിങ്ങളുടെ പ്രചാരകനാക്കുക

നിങ്ങൾക്ക് എല്ലാ വീട്ടിലും എല്ലാ ദിവസവും എത്താൻ സാധിക്കില്ല. എന്നാൽ നിങ്ങൾ എത്തുന്ന വീട്ടിലെ വോട്ടറെ നിങ്ങളുടെ ഒരു സജീവ പ്രചാരകനാക്കി മാറ്റാൻ സാധിക്കും.

"വോട്ട് ചോദിച്ച് അടുത്ത വീട്ടിലേക്ക് ഓടരുത്. പകരം, അവരുടെ വീട്ടുവിശേഷങ്ങൾ ചോദിക്കുക, കുടുംബാംഗങ്ങളെ പരിചയപ്പെടുക. ശക്തമായ ഒരു വ്യക്തിബന്ധം സ്ഥാപിക്കുക. എന്നിട്ട് അവരോട് ആവശ്യപ്പെടുക: "നിങ്ങളുടെ വോട്ട് എനിക്ക് ഉറപ്പാണ്. പക്ഷെ അത് മാത്രം പോരല്ലോ, സുഹൃത്തുക്കളുടെയും ഈ അയൽപക്കത്തെയും വോട്ടുകൾ കൂടി നമുക്ക് ഉറപ്പാക്കണം." അങ്ങനെ അവരെ നിങ്ങളുടെ പ്രചാരകരാക്കി മാറ്റുകയാണ് പ്രധാനം.

8. എല്ലാവരെയും തൃപ്തിപ്പെടുത്താൻ ശ്രമിക്കരുത്

എല്ലാ വോട്ടർമാരെയും ഒരുപോലെ ആകർഷിക്കാൻ ശ്രമിക്കുന്നത് പരാജയത്തിലേക്കുള്ള എളുപ്പവഴിയാണ്. നിങ്ങളുടെ ഊർജ്ജം എവിടെ കേന്ദ്രീകരിക്കണം എന്ന് വ്യക്തമായി അറിഞ്ഞിരിക്കണം.

"നിങ്ങളുടെ ഊർജ്ജത്തിന്റെ 80% വോട്ടെടുപ്പിൽ ആർക്ക് വോട്ട് ചെയ്യണമെന്ന് ഉറപ്പിച്ചിട്ടില്ലാത്ത (Swing Voters) വിഭാഗത്തിനായി ഉപയോഗിക്കുക. നിങ്ങളുടെ കോർ വോട്ടർമാരെ ഉറപ്പിച്ചു നിർത്തുക, എതിർ വോട്ടർമാരെ പൂർണ്ണമായും അവഗണിക്കുക. ഈ സ്വിങ് വോട്ടർമാരുടെ മനസ്സാണ് തെരഞ്ഞെടുപ്പ് ഫലം തീരുമാനിക്കുന്നത്."

9. സന്ദേശം ആവർത്തിക്കുക, ആവർത്തിക്കുക, വീണ്ടും ആവർത്തിക്കുക

വോട്ടർമാരുടെ ശ്രദ്ധ വളരെ കുറഞ്ഞ സമയത്തേക്ക് മാത്രമാണ്. നൂറ് വ്യത്യസ്ത കാര്യങ്ങൾ പറയുന്ന സ്ഥാനാർത്ഥിയെക്കാൾ, ഏറ്റവും പ്രധാനപ്പെട്ട മൂന്ന് കാര്യങ്ങൾ നൂറ് തവണ ആവർത്തിക്കുന്ന സ്ഥാനാർത്ഥിയെയാണ് അവർ ഓർമ്മിക്കുക.

നിങ്ങളുടെ പ്രധാന സന്ദേശം (Core Message) ലളിതമായിരിക്കണം. നിങ്ങളുടെ എല്ലാ പ്രസംഗങ്ങളിലും അഭിമുഖങ്ങളിലും ആ സന്ദേശം ആവർത്തിച്ചുകൊണ്ടേയിരിക്കുക. നിങ്ങൾക്കത് കേട്ട് മടുക്കുമ്പോഴായിരിക്കും ജനം അത് ശ്രദ്ധിച്ചു തുടങ്ങുന്നത്.

10. ആക്രമണങ്ങളെ പ്രതിരോധിക്കരുത്, വഴിതിരിച്ചുവിടുക

തെരഞ്ഞെടുപ്പിൽ ആരോപണങ്ങളും വ്യക്തിപരമായ ആക്രമണങ്ങളും സ്വാഭാവികമാണ്. സാധാരണ സ്ഥാനാർത്ഥികൾ ഈ ആരോപണങ്ങൾക്ക് വൈകാരികമായി മറുപടി പറഞ്ഞ് പ്രതിരോധത്തിലാകും.

ഒരിക്കലും പ്രതിരോധിക്കാൻ ശ്രമിക്കരുത്. ഒരു ആരോപണം വരുമ്പോൾ, അതിനെ നിഷേധിച്ച് സമയം കളയാതെ, വളരെ വേഗത്തിൽ സംഭാഷണത്തിന്റെ ഫോക്കസ് നിങ്ങളുടെ പ്രധാന അജണ്ടയിലേക്ക് തിരിച്ചുവിടുക (The 'Pivot' Strategy). ഉദാഹരണം: "എന്റെ എതിരാളി പഴയ കാര്യങ്ങൾ ചികയുമ്പോൾ, ഞാൻ സംസാരിക്കുന്നത് നമ്മുടെ കുട്ടികളുടെ ഭാവിയെക്കുറിച്ചാണ്."

11."വിജയത്തിലേക്ക് 'ഒന്നിക്കുന്ന' ജനക്കൂട്ടത്തെ കാണിക്കുക"

ഇതൊരു ക്ലാസിക് സൈക്കോളജിക്കൽ തന്ത്രമാണ്. ആളുകൾ സ്വാഭാവികമായും ഭൂരിപക്ഷത്തിനൊപ്പം നിൽക്കാൻ ആഗ്രഹിക്കുന്നു. മുങ്ങാൻ പോകുന്ന ഒരു കപ്പലിൽ കയറാൻ ആരും ഇഷ്ടപ്പെടുന്നില്ല. നിങ്ങൾ വിജയിക്കാൻ പോവുകയാണെന്നും, കൂടുതൽ കൂടുതൽ ആളുകൾ നിങ്ങളോടൊപ്പം ദിവസവും ചേരുകയാണെന്നും വോട്ടർമാരെ ബോധ്യപ്പെടുത്തുക എന്നതാണ് ലക്ഷ്യം.

"നിങ്ങളുടെ പ്രചാരണം ഒരു 'ജനകീയ മുന്നേറ്റം' (Mass Movement) ആണെന്ന് നിരന്തരം പറയുക. 'ഞാൻ' എന്ന വാക്ക് കുറച്ച്, 'നമ്മൾ' എന്ന വാക്ക് കൂടുതൽ ഉപയോഗിക്കുക. "നമ്മുടെ ടീമിലേക്ക് എല്ലാ ദിവസവും പുതിയ ആളുകൾ വരുന്നു," "പണ്ട് എതിർത്തിരുന്നവർ പോലും ഇപ്പോൾ നമ്മുടെ ആശയം അംഗീകരിക്കുന്നു" എന്നിങ്ങനെയുള്ള സംസാരങ്ങൾ നിങ്ങളുടെ വിജയസാധ്യതയെക്കുറിച്ച് മറ്റുള്ളവർക്കിടയിൽ ഒരു ധാരണ ഉണ്ടാക്കും.

ഇത് കേൾക്കുന്ന, തീരുമാനമെടുക്കാത്ത ഒരു വോട്ടർ (Swing Voter) ചിന്തിക്കും: "എല്ലാവരും അങ്ങോട്ടാണ് പോകുന്നത്, എങ്കിൽ അതിൽ എന്തോ കാര്യമുണ്ട്." അവർ വിജയിക്കുന്ന ടീമിന്റെ ഭാഗമാകാൻ ആഗ്രഹിക്കും.

ലേഖകൻ കേരള ഹൈക്കോടതി, സുപ്രീം കോടതി അഭിഭാഷകനും സൈക്കോലീ​ഗൽ കൺസൾട്ടന്റ്, ഓർ​ഗനൈസേഷണൽ സൈക്കോളജിസ്റ്റ് എന്നീ നിലയിലും പ്രവർത്തിക്കുന്നു.

These are the important pieces of advice a political psychologist will give to a candidate who is contesting the election. It's not just about discussion on political ideologies and development. Elections these days are won by mind games that resonate with the voters mind.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വൈഷ്ണയ്ക്ക് മത്സരിക്കാം; വോട്ട് നീക്കിയ നടപടി റദ്ദാക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍

കണ്ണൂരിൽ ലീ​ഗ് നേതാവ് ബിജെപിയിൽ ചേർന്നു; 'ബിജെപിയുടെ ദേശീയതയിൽ ആകൃഷ്ടനായി'

കരുത്തുറ്റ 7,800mAh ബാറ്ററി, ഏകദേശം 32,000 രൂപ മുതല്‍ വില; വണ്‍പ്ലസ് 15ആര്‍ ഉടന്‍ ഇന്ത്യന്‍ വിപണിയില്‍

നോർക്ക കെയർ എൻറോൾമെന്റ്; ഓൺലൈന്‍ സഹായ കേന്ദ്രം ആരംഭിച്ചു

'പാര്‍ട്ടിയെ ഒറ്റുകൊടുത്തവരെ സ്ഥാനാര്‍ഥിയാക്കിയാല്‍ ഞാനും മല്‍സരിക്കും'; കോണ്‍ഗ്രസ് നേതൃത്വത്തെ വെല്ലുവിളിച്ച് ധീരജ് കൊലക്കേസ് പ്രതി നിഖില്‍ പൈലി

SCROLL FOR NEXT