രാജ്യാന്തരം

റനില്‍ വിക്രമസിംഗെ വീണ്ടും ശ്രീലങ്കന്‍ പ്രധാനമന്ത്രിയാകും ; സത്യപ്രതിജ്ഞ നാളെ

സമകാലിക മലയാളം ഡെസ്ക്

കൊളംബോ : യുണൈറ്റഡ് നാഷണല്‍ പാര്‍ട്ടി നേതാവ് റനില്‍ വിക്രമസിംഗ വീണ്ടും ശ്രീലങ്കന്‍ പ്രധാനമന്ത്രിയാകും. മാസങ്ങള്‍ നീണ്ട രാഷ്ട്രീയ അനിശ്ചിതത്വങ്ങള്‍ക്ക് വിരാമമിട്ട് മഹീന്ദ രജപക്ഷെ പ്രധാനമന്ത്രി പദത്തില്‍ നിന്നും രാജിവെച്ചതോടെയാണ്, വിക്രമസിംഗെയ്ക്ക് വീണ്ടും അവസരം ഒരുങ്ങിയത്. ഞായറാഴ്ച രാവിലെ 10 മണിക്ക് പ്രധാനമന്ത്രിയായി വിക്രമസിംഗെ വീണ്ടും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുക്കുമെന്ന് മുതിര്‍ന്ന യുന്‍പി നേതാക്കള്‍ അറിയിച്ചതായി ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു. 

റനില്‍ വിക്രമസിംഗെയെ പ്രധാനമന്ത്രി പദത്തില്‍ പുനസ്ഥാപിക്കാന്‍ പ്രസിഡന്റ് മൈത്രിപാല സിരിസേന സമ്മതിച്ചതായാണ് റിപ്പോര്‍ട്ട്. ഇതുസംബന്ധിച്ച് പ്രസിഡന്റ് സിരിസേന വിക്രമസിംഗെയുമായി ഫോണില്‍ സംസാരിച്ചു. പുതിയ കാബിനറ്റ് മന്ത്രിമാര്‍ തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്യുമെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. 

വിക്രമസിം​ഗെയും പ്രസിഡന്റ് സിരിസേനയും

അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് ഒക്ടോബര്‍ 26 നാണ്, വിക്രമസിംഗ സര്‍ക്കാരിനെ പുറത്താക്കി മഹീന്ദ രജപക്ഷെയെ പ്രസിഡന്റ് മൈത്രിപാല സിരിസേന പ്രധാനമന്ത്രിയാക്കിയത്. പാര്‍ലമെന്റില്‍ വിക്രമസിംഗെയ്ക്ക് ഭൂരിപക്ഷമുണ്ടായിരുന്നപ്പോഴാണ് പ്രസിഡന്റിന്റെ നടപടി. ഇതേത്തുടര്‍ന്ന് രജപക്ഷെ പാര്‍ലമെന്റില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. ഇതിനിടെ പാര്‍ലമെന്റ് പിരിച്ചുവിട്ട് പ്രസിഡന്റ് ജനുവരി അഞ്ചിന് ഇടക്കാല തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുകയും ചെയ്തു. 

പ്രസിഡന്റിന്റെ നടപടിക്കെതിരെ വിക്രമസിംഗെ ലങ്കന്‍ സുപ്രിംകോടതിയെ സമീപിച്ചു. സുപ്രിംകോടതിയുടെ ഭരണഘടന ബെഞ്ച് പാര്‍ലമെന്റ് പിരിച്ചുവിട്ട പ്രസിഡന്റിന്റെ നടപടി ഐകകണ്‌ഠ്യേന റദ്ദാക്കി. നാലര വര്‍ഷം തികയാതെ പാര്‍ലമെന്റ് പിരിച്ചുവിടാന്‍ പ്രസിഡന്റിന് അധികാരമില്ലെന്ന് കോടതി വിധിച്ചു. സുപ്രിംകോടതി വിധി എതിരായതോടെ, രജപക്ഷെ പ്രധാനമന്ത്രി പദത്തില്‍ നിന്നും രാജിവെക്കുകയായിരുന്നു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കേരള തീരത്ത് റെഡ് അലർട്ട്; ഉയർന്ന തിരമാലകൾക്ക് സാധ്യത

കേളപ്പനില്‍ നിന്നുള്ള നാട്ടുവഴികള്‍

ജാതീയ അധിക്ഷേപം; സത്യഭാമയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ സര്‍ക്കാര്‍ വിശദീകരണം തേടി

'റിങ്കുവിനെ ഒഴിവാക്കാന്‍ വ്യക്തമായ കാരണമുണ്ട്... ' മുന്‍ ഓസീസ് താരം പറയുന്നു

ഗൂഢാലോചനയാണ്, ലൈംഗികാരോപണം തെരഞ്ഞെടുപ്പ് തന്ത്രങ്ങളുടെ ഭാഗം: ബംഗാള്‍ ഗവര്‍ണര്‍ ആനന്ദബോസ്