രാജ്യാന്തരം

സ്വവര്‍ഗാനുരാഗികളെ കല്ലെറിഞ്ഞു കൊല്ലും, മോഷ്ടാക്കളുടെ കൈയും കാലും അരിയും; പ്രാകൃത നിയമവുമായി ബ്രൂണെ

സമകാലിക മലയാളം ഡെസ്ക്

സ്വവര്‍ഗാനുരാഗികളെ കല്ലെറിഞ്ഞു കൊല്ലാന്‍ പുതിയ നിയമം കൊണ്ടുവന്ന് ബ്രൂണെ. സ്വവര്‍ഗാനുരാഗികള്‍ക്ക് പുറമേ വ്യഭിചാരത്തില്‍ ഏര്‍പ്പെടുന്നവര്‍ക്കും വധശിക്ഷ നടപ്പാക്കാനാണ് തീരുമാനം. പുതിയ നിയമപരിഷ്‌കരണത്തിലൂടെയാണ് കടുത്ത ശിക്ഷ കൊണ്ടുവന്നിരിക്കുന്നത്. ഏപ്രില്‍ മൂന്ന് മുതല്‍ പുതിയ നിയമം നിലവില്‍ വരും. 

വ്യഭിചാരത്തിനും സ്വവര്‍ഗരതിക്കും കടുത്ത ശിക്ഷ ഏര്‍പ്പെടുത്താന്‍ ഭരണകൂടം നേരത്തെ തീരുമാനിച്ചിരുന്നു. കൂടാതെ മോഷണക്കുറ്റത്തിന് ശിക്ഷിക്കപ്പെടുന്നവരുടെ വലതു കൈയും ഇടതുകാലും മുറിച്ചുമാറ്റാനും നിര്‍ദേശമുണ്ടായിരുന്നു. ഇത് അനുസരിച്ചാണ് നിയമങ്ങള്‍ പരിഷ്‌കരിച്ചത്. മുസ്ലീം ഭൂരിപക്ഷ രാജ്യമായ ബ്രൂണെയില്‍ ശരീഅത്ത് നിയമമാണ് പിന്തുടരുന്നത്. 

പുതിയ നിയമപരിഷ്‌കാരമനുസരിച്ച് മോഷണക്കുറ്റത്തിന് ആദ്യതവണ പിടിക്കപ്പെട്ടാല്‍ വലതുകൈ മുറിച്ചുമാറ്റും. രണ്ടാമതും മോഷണക്കുറ്റത്തിന് പിടിക്കപ്പെട്ടാല്‍ ഇടതുകാലും അറുത്തുമാറ്റും. സുല്‍ത്താന്‍ ഹസനല്‍ ബോല്‍ക്കിയ ഭരിക്കുന്ന ബ്രൂണെയില്‍ സ്വവര്‍ഗരതി നേരത്തെ തന്നെ നിയമവിരുദ്ധമാക്കിയിരുന്നു. എന്നാല്‍ കഴിഞ്ഞ ഡിസംബറിലാണ് സ്വവര്‍ഗരതിയില്‍ ഏര്‍പ്പെടുന്നവരെ കല്ലെറിഞ്ഞ് കൊല്ലണമെന്ന നിയമം നടപ്പിലാക്കാന്‍ നിര്‍ദേശമുയര്‍ന്നത്. ഏപ്രില്‍ മൂന്നിന് പരിഷ്‌കരിച്ച നിയമങ്ങളെ സംബന്ധിച്ചും പുതിയ ശരീഅത്ത് നിയമാവലിയെ സംബന്ധിച്ചും ബ്രൂണെ സുല്‍ത്താന്‍ പ്രഖ്യാപനം നടത്തും. 

എന്നാല്‍ നിയമങ്ങള്‍ക്കെതിരേ വലിയ പ്രതിഷേധങ്ങള്‍ ഉയരുന്നുണ്ട്. ഇത്തരം ശിക്ഷാരീതികള്‍ നടപ്പിലാക്കുന്നത് മനുഷ്യത്വരഹിതമായ  പ്രവൃത്തിയാണെന്നും ഇത് രാജ്യത്തെ പിന്നോട്ടടിക്കുമെന്നും വലതുപക്ഷ സംഘടനകളും മനുഷ്യാവകാശ പ്രവര്‍ത്തകരും പറയുന്നു. സംഭവം വിവാദമായതിനെ തുടര്‍ന്ന് നിയമം പ്രാബല്യത്തില്‍ വരുന്നത് നിര്‍ത്തിവെക്കാന്‍ ആംനസ്റ്റി ഇന്റര്‍നാഷണലും ബ്രൂണെയോട് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ നിയമവുമായി മുന്നോട്ടുപോകാനുള്ള തീരുമാനത്തിലാണ് രാജ്യം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് ശക്തമായ മഴ, കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളില്‍ റെഡ് അലര്‍ട്ട്; ഇന്നും നാളെയും അതിതീവ്രം

രാഹുലിനെ രാജ്യം വിടാന്‍ സഹായിച്ചു, പൊലീസ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്തു

ജമ്മുകശ്‌മീരിൽ രണ്ടിടത്ത് ഭീകരാക്രമണം; വെടിവെപ്പിൽ ബിജെപി മുൻ സർപഞ്ച് കൊല്ലപ്പെട്ടു, വിനോദ സഞ്ചാരികൾക്ക് ​ഗുരുതരപരിക്ക്

കൊച്ചിയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ എക്‌സ്‌പ്രസ്‌ വിമാനത്തിന് തീ പിടിച്ചു; ബം​ഗളൂരുവിൽ തിരിച്ചിറക്കി, യാത്രക്കാർ സുരക്ഷിതർ

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ വീണ്ടും ശസ്ത്രക്രിയ പിഴവ്, പൊട്ടലില്ലാത്ത കൈയില്‍ കമ്പിയിട്ടു