രാജ്യാന്തരം

ബുറേവി ചുഴലിക്കാറ്റില്‍ ശ്രീലങ്കയില്‍ കനത്ത നാശനഷ്ടം ; നിരവധി വീടുകള്‍ തകര്‍ന്നു ; കനത്ത മഴ തുടരുന്നു

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം :  ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ബുറേവി ചുഴലിക്കാറ്റ് ഇന്നലെ ശ്രീലങ്കന്‍ തീരം തൊട്ടു. മണിക്കൂറില്‍ എണ്‍പത്തിയഞ്ചു മുതല്‍ നൂറു കിലോമീറ്റര്‍ വേഗതയിലുള്ള കാറ്റോടുകൂടിയാണ് ബുറേവി മുല്ലത്തീവിലെ ട്രിങ്കോമാലിക്കും പോയിന്റ് പെട്രോയ്ക്കും ഇടയിലൂടെ കരയിലേക്ക് കടന്നത്. പ്രദേശത്ത് ശക്തമായ മഴ തുടരുകയാണ്.

ചുഴലിക്കാറ്റിനെ തുടര്‍ന്ന് കനത്ത നാശനഷ്ടങ്ങളാണ് ഉണ്ടായത്. ജാഫ്‌നയിലെ വാല്‍വെട്ടിത്തുറയില്‍ നിരവധി വീടുകള്‍ തകര്‍ന്നു. മരങ്ങള്‍ കടപുഴകി വീണു. ഇതേത്തുടര്‍ന്ന് വൈദ്യുതി, റോഡ് ഗതാഗതം സ്തംഭിച്ചു. മുല്ലത്തീവ്, കിള്ളിനോച്ചി മേഖലകളിലും കനത്ത പേമാരിയും കാറ്റും തുടരുകയാണ്.

ലങ്കയില്‍ 90 കിലോമീറ്റര്‍ വേഗതയിലാണ് കാറ്റ് വീശുന്നത്. ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ 75,000 പേരെ തീരപ്രദേശത്ത് നിന്നും മാറ്റിപാര്‍പ്പിച്ചിട്ടുണ്ട്. ചുഴലിക്കാറ്റിന്റെയും കനത്ത മഴയുടെയും പശ്ചാത്തലത്തില്‍ ജനങ്ങള്‍ പുറത്തിറങ്ങരുതെന്ന് കര്‍ശന നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.

ലങ്കയില്‍ ചിലയിടങ്ങളില്‍ 200 മി. മീറ്റര്‍ വരെ മഴയ്ക്ക് സാധ്യതയുണ്ടെന്ന് ലങ്കന്‍ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മേധാവി അതുല കരുണനായകെ മുന്നറിയിപ്പ് നല്‍കി.  കടല്‍ പ്രക്ഷുബ്ധമാകും. അതിതീവ്ര മഴയെ തുടര്‍ന്ന് താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലാകാന്‍ സാധ്യതയുണ്ടെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ചുഴലിക്കാറ്റ് ഇന്ന് ഉച്ചയോടെ ഗള്‍ഫ് ഓഫ് മാന്നാറിലേക്ക് നീങ്ങും. പാമ്പനും കന്യാകുമാരിക്കും ഇടയിലൂടെ ഇന്ന് രാത്രിയോടെ തമിഴ്‌നാട്ടിലേക്ക് കടക്കുമെന്നാണ് കാലാവസ്ഥ കേന്ദ്രം അറിയിക്കുന്നത്. ഇതിന്റെ പശ്ചാത്തലത്തില്‍ തമിഴ്‌നാട്ടിലെ തീരമേഖലകളില്‍ അതീവ ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ചു. രാമനാഥപുരം, കന്യാകുമാരി, തിരുനെല്‍വേലി, ശിവഗംഗ ജില്ലകളിലും  ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ഇവിടെ ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയുണ്ട്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തനിക്കെതിരെ ഗൂഢാലോചന നടത്തുന്നു, ശോഭാ സുരേന്ദ്രനും നന്ദകുമാറിനുമെതിരെ ഡിജിപിക്ക് പരാതി നല്‍കി ഇ പി ജയരാജന്‍

കിക്ക് ബോക്സിങ്ങും പെൺകുട്ടികളുമായി കറക്കവും; കുപ്രസിദ്ധ മോഷ്ടാവ് ജിമ്മൻ കിച്ചു പിടിയിൽ

കനത്ത ചൂട്; കണ്ണൂരിലും തൃശൂരിലും വയലുകളില്‍ തീ പിടിത്തം

48 മണിക്കൂര്‍ ഇനി പ്രചാരണത്തില്‍ പങ്കാളിയാവരുത്, കെസിആറിനെ വിലക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍

മേയർ-ബസ് ഡ്രൈവർ തർക്കം; സിസിടിവി മെമ്മറി കാർഡ് കാണാത്തതിൽ കേസ്