രാജ്യാന്തരം

യുക്രൈന്‍ വിമാനം വീഴ്ത്തിയത് ഇറാന്‍ മിസൈലോ? ആരോപണവുമായി ജോര്‍ദാന്‍ ഏജന്‍സി; ചര്‍ച്ച

സമകാലിക മലയാളം ഡെസ്ക്


ടെഹ്‌റാന്‍: ഇറാനില്‍ യുക്രൈന്‍ വിമാനം തകര്‍ന്നുവീണതുമായി ബന്ധപ്പെട്ട് ഊഹാപോഹങ്ങള്‍ പ്രചരിക്കുന്നു. ഇറാന്റെ മിസൈല്‍ പതിച്ചാണ് വിമാനം തകര്‍ന്നതെന്ന് ജോര്‍ദാനിയന്‍ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ഇറാനും യുക്രൈനും ഇതു തള്ളിയെങ്കിലും സോഷ്യല്‍ മീഡിയയില്‍ ഈ വാദത്തെ മുന്‍നിര്‍ത്തിയുള്ള ചര്‍ച്ചകള്‍ സജീവമായി.

അല്‍ ഹാദത്ത് വാര്‍ത്താ ഏജന്‍സിയാണ് ഇറാന്റെ മിസൈല്‍ പതിച്ചാണ് വിമാനം തകര്‍ന്നതെന്ന വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. ഇതു സ്ഥിരീകരിക്കുന്ന വിവരങ്ങളൊന്നും അല്‍ ഹാദത്ത് മുന്നോട്ടുവച്ചിട്ടില്ല. ഇറാനുമായി ജോര്‍ദാന് നല്ല ബന്ധമല്ല നിലവിലുള്ളത്. ഈ പശ്ചാത്തലത്തില്‍ ഇറാനെതിരായ വാര്‍ത്ത മനപ്പൂര്‍വം നല്‍കിയാതാവമെന്ന് നിരവധി പേര്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

ഇറാഖിലെ അമേരിക്കന്‍ സൈനിക കേന്ദ്രങ്ങളില്‍ ഇറാന്‍ ആക്രമണം നടത്തിയതിനു പിന്നാലെയാണ്, ടെഹ്‌റാനു സമീപം യുക്രൈന്‍ വിമാനം തകര്‍ന്ന വാര്‍ത്ത പുറത്തുവന്നത്. വ്യോമാക്രമണത്തിന് ഇതുമായി ബന്ധമുണ്ടോയെന്ന സംശയം രാവിലെ തന്നെ ഉയര്‍ന്നിരുന്നു. എന്നാല്‍ സാങ്കേതിക തകരാണെന്നു വ്യക്തമാക്കി ഇറാന്‍ മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കി. ഇക്കാര്യത്തില്‍ അന്വേഷണം നടക്കുന്നുണ്ടെന്നും ഇറാന്‍ അറിയിച്ചിട്ടുണ്ട്.

വിമാനം തകര്‍ന്നത് സാങ്കേതിക പ്രശ്‌നം മൂലമാണെന്ന് യുക്രൈനും വ്യക്തമാക്കി. ഇതു സംബന്ധിച്ച് ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കരുതെന്നും യുക്രൈന്‍ അധികൃതര്‍ അഭ്യര്‍ഥിച്ചിട്ടുണ്ട്.

ഇന്നു രാവിലെയാണ് ടെഹ്‌റാനിലെ രാജ്യാന്തര വിമാനത്താവളത്തില്‍നിന്നു പറന്നുയര്‍ന്ന യുക്രൈന്‍ എയര്‍ലൈന്‍സ് വിമാനം തകര്‍ന്നുവീണത്. ജീവനക്കാര്‍ അടക്കം വിമാനത്തില്‍ ഉണ്ടായിരുന്ന 176 പേരും മരിച്ചതായി ഇറാനിയന്‍ മാധ്യമങ്ങള്‍ സ്ഥിരീകരിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മലയാള സിനിമയുടെ 'സുകൃതം'; സംവിധായകന്‍ ഹരികുമാര്‍ അന്തരിച്ചു

എസ്എസ്എൽസി പരീക്ഷാ ഫലം മറ്റന്നാൾ; ഈ വെബ്സൈറ്റുകളിൽ റിസൽട്ട് അറിയാം

അപകടമുണ്ടായാല്‍ പൊലീസ് വരുന്നതുവരെ കാത്തു നില്‍ക്കണോ ?; അറിയേണ്ടതെല്ലാം

ഹാക്കര്‍മാര്‍ തട്ടിപ്പ് നടത്തിയേക്കാം; ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്ക് സുരക്ഷാ മുന്നറിയിപ്പ്

'കുഴല്‍നാടന്‍ ശല്യക്കാരനായ വ്യവഹാരി';ആരോപണം ഉന്നയിച്ചവര്‍ മാപ്പുപറയണമെന്ന് സിപിഎം