രാജ്യാന്തരം

അവസാനം 'ചെറിയ പനി'  ബോല്‍സൊനാരോയെയും പിടികൂടി; ബ്രസീല്‍ പ്രസിഡന്റിന് കോവിഡ്

സമകാലിക മലയാളം ഡെസ്ക്

ലോകത്ത് ഏറ്റവും കൂടുതല്‍ കോവിഡ് ബാധിതരുള്ള രണ്ടാമത്തെ രാജ്യമായ ബ്രസീലില്‍ പ്രസിഡന്റ് ജെയ്ര്‍ ബോല്‍സൊനാരോയ്ക്ക് കോവിഡ്. കടുത്ത പനിയും ജലദോഷവും അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ബോല്‍സൊനാരോയ്ക്ക് നാല് തവണ ടെസ്റ്റ് നടത്തിയിരുന്നു. നാലാമത്തെ ടെസ്റ്റിലാണ് രോഗം സ്ഥിരീകരിച്ചത്. ബോല്‍സൊനാരോ തന്നെയാണ് ഇക്കാര്യം ടിവി ചാനലിലൂടെ അറിയിച്ചത്. 

രാജ്യം കോവിഡ് പിടിയില്‍ ശ്വാസംമുട്ടുമ്പോഴും ലോക്ക്ഡൗണിനെ എതിര്‍ക്കുകയും ഫലപ്രദമായി നടപ്പാക്കാതെയുമിരുന്ന ഭരണാധികാരിയാണ് ബോല്‍സോനാരോ. കോവിഡ് ഒരു ചെറിയ പനി മാത്രമാണ് എന്നായിരുന്നു ഇദ്ദേഹത്തിന്റെ അവകാശവാദം. 

രോഗവ്യാപനം അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ പിന്‍വലിച്ച ബോല്‍സൊനാരോ, മാസ്‌ക് ധരിക്കേണ്ട കാര്യമില്ലെന്നും പറഞ്ഞിരുന്നു. എന്നാല്‍ രോഗം സ്ഥിരീകരിച്ചതിന് പിന്നാലെ, മാസ്‌ക് ധരിച്ചാണ് ഇദ്ദേഹം പ്രത്യക്ഷപ്പെട്ടത്. 

സാമ്പത്തികവ്യവസ്ഥയെ തകര്‍ക്കുമെന്ന കാരണം പറഞ്ഞാണ് വളരെക്കുറച്ച് കാലം മാത്രം നടപ്പാക്കിയ ലോക്ക്ഡൗണ്‍ ബോല്‍സൊനാരോ പിന്‍വലിച്ചത്. തനിക്ക് കോവിഡ് വന്നാല്‍പ്പോലും പേടിക്കേണ്ടതില്ല എന്നായിരുന്നു അവകാശവാദം. 

ബോല്‍സൊനാരോ ഈ പ്രസ്താവന നടത്തുമ്പോള്‍ ബ്രസീലില്‍ 3000ല്‍പ്പരം കൊവിഡ് മരണങ്ങളും 40,000 രോഗബാധിതരുമാണ് ഉണ്ടായിരുന്നത്. എന്നാല്‍ ഇന്ന് ബ്രസീലില്‍ 1,628,283 കേസുകളാണുള്ളത്. 65,631പേര്‍ മരിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്