രാജ്യാന്തരം

മൂക്കില്‍ വച്ച് തന്നെ വൈറസ് പകരുന്നത് തടഞ്ഞുനിര്‍ത്തി; മോഡേണയുടെ വാക്‌സിന്‍ പരീക്ഷണം കുരങ്ങന്മാരില്‍ വിജയം; പ്രതീക്ഷയോടെ ശാസ്ത്രലോകം

സമകാലിക മലയാളം ഡെസ്ക്

ന്യൂയോര്‍ക്ക്: അമേരിക്കന്‍ മരുന്നു നിര്‍മ്മാണ കമ്പനിയായ മോഡേണയുടെ കോവിഡ് വാക്‌സിന്‍ പരീക്ഷണം അവസാന ലാപ്പിലേക്ക് കടന്നിരിക്കേ, കുരങ്ങന്മാരില്‍ നടത്തിയ പരീക്ഷണം വിജയകരമെന്ന് റിപ്പോര്‍ട്ട്. കോവിഡിന് കാരണമാകുന്ന കൊറോണ വൈറസ് ശരീരത്തില്‍ പ്രവേശിക്കുന്നത് തടയുന്നതിനുളള രോഗപ്രതിരോധശേഷി വാക്‌സിന്‍ വഴി കുരങ്ങന്മാര്‍ക്ക് ലഭിച്ചതായി പഠനത്തില്‍ വ്യക്തമാക്കുന്നു. വാക്‌സിന്‍ ഉപയോഗിച്ചതിന് പിന്നാലെ രോഗപ്രതിരോധശേഷിയില്‍ ഗുണപരമായ മാറ്റങ്ങള്‍ ദൃശ്യമായതായി ജേര്‍ണല്‍ ഓഫ് മെഡിസിന്റെ പഠന റിപ്പോര്‍ട്ടില്‍ പറയുന്നു.

mrna-1273 എന്ന പേരിലുളള വാക്‌സിന്റെ മൂന്നാം ഘട്ട പരീക്ഷണത്തിനാണ് മോഡേണ കഴിഞ്ഞദിവസം തുടക്കമിട്ടത്. കോവിഡ് രോഗം ബാധിക്കാത്ത 30000 പേരെ കൂടി ഉള്‍പ്പെടുത്തി വിപുലമായ തോതിലുളള പരീക്ഷണത്തിനാണ് കമ്പനി ലക്ഷ്യമിടുന്നത്. കമ്പനിയുടെ ആദ്യ ഘട്ട പരീക്ഷണങ്ങള്‍ വിജയകരമായിരുന്നു. ഇതിന് പിന്നാലെയാണ് അവസാനഘട്ട പരീക്ഷണത്തിലേക്ക് കമ്പനി കടക്കുന്നത്. അതിനിടെയാണ് ശാസ്ത്രലോകത്തിന് പ്രതീക്ഷ നല്‍കി വാക്‌സിന്‍ പരീക്ഷണം കുരങ്ങന്മാരില്‍ വിജയകരമായിരുന്നു എന്ന റിപ്പോര്‍ട്ട് പുറത്തുവന്നത്.

സാധാരണയായി മൂക്കിലൂടെയാണ് വൈറസ് ശരീരത്തിലേക്ക് പ്രവേശിക്കുന്നത്. എന്നാല്‍ മൂക്കില്‍ വച്ച് തന്നെ വൈറസ് പകരുന്നത് തടഞ്ഞുനിര്‍ത്തുന്നതില്‍ മോഡേണ വാക്‌സിന്‍ വിജയം കണ്ടതായാണ് റിപ്പോര്‍ട്ട്. ഓക്‌സ്ഫഡ് സര്‍വകലാശാലയും അസ്ട്രാസെനക്കേയും സംയുക്തമായി വികസിപ്പിച്ചെടുത്ത കോവിഷീല്‍ഡില്‍ നിന്ന് ഇത്തരത്തിലുളള അനുകൂലമായ ഫലങ്ങള്‍ ലഭിച്ചിട്ടില്ല എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 

എട്ടുപേര്‍ അടങ്ങുന്ന മൂന്ന് ഗ്രൂപ്പുകളായി തിരിച്ചാണ് കുരങ്ങന്മാരില്‍ പരീക്ഷണം നടത്തിയത്. പരീക്ഷണത്തിന്റെ ഫലമായി കുരങ്ങന്മാരില്‍ വലിയ തോതിലുളള ആന്റിബോഡീസിനെ കണ്ടെത്തി.കോവിഡ് മുക്തമായ മനുഷ്യരില്‍ കണ്ടുവരുന്ന ആന്റിബോഡീസിനെക്കാള്‍ കൂടിയ അളവില്‍ കുരങ്ങന്മാരില്‍ ഇത് കണ്ടുവന്നത് പരീക്ഷണത്തിന്റെ വിജയമായാണ് വിദഗ്ധര്‍ കണക്കുകൂട്ടുന്നത്. 


കേംബ്രിഡ്ജ് സര്‍വകലാശാല, നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് അലര്‍ജി ആന്റ് ഇന്‍ഫെക്ഷസ് ഡീസിസ് എന്നിവയുമായി ചേര്‍ന്നാണ് മോഡേണ വാക്‌സിന്‍ വികസിപ്പിച്ചെടുത്തത്. മൂന്നാം ഘട്ടത്തില്‍ 89 ക്ലിനിക്കല്‍ സൈറ്റുകളില്‍ വാക്‌സിന്‍ പരീക്ഷിക്കാനാണ് നിശ്ചയിച്ചിരിക്കുന്നത്. വാക്‌സിന്‍ പരീക്ഷണത്തിനായി സന്നദ്ധരായവര്‍ക്കിടയില്‍ 28 ദിവസത്തിനുളളില്‍ രണ്ട് ഇന്‍ജക്ഷന്‍ നല്‍കും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'നഴ്സുമാര്‍ക്ക് ഒരു വര്‍ഷത്തെ നിര്‍ബന്ധിത പരിശീലനം വേണ്ട': കേരള സർക്കാർ തീരുമാനം ശരിവെച്ച് സുപ്രീംകോടതി

'എല്ലാ സ്ത്രീകളും പുണ്യാത്മാക്കളല്ല, ടോക്‌സിക്കായ നടിമാര്‍ക്കൊപ്പം അഭിനയിച്ചിട്ടുണ്ട്': റിച്ച ഛദ്ദ

വിദ്വേഷ വീഡിയോ; ജെപി നഡ്ഡയ്ക്കും അമിത് മാളവ്യയ്ക്കുമെതിരെ കേസ്

ബുധനാഴ്ച വരെ ചൂട് തുടരും, 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, വെള്ളിയാഴ്ച വരെ പരക്കെ മഴയ്ക്ക് സാധ്യത

വീണ്ടും വില്ലനായി അരളി; പത്തനംതിട്ടയില്‍ പശുവും കിടാവും ചത്തു