രാജ്യാന്തരം

ഇടിമുഴക്കം പോലെ ഭൂമി താഴ്ന്നു, ആദ്യ 10 അടി മാത്രം; മണിക്കൂറുകള്‍ക്കുള്ളില്‍ നിഗൂഢ ഗര്‍ത്തം (വീഡിയോ)

സമകാലിക മലയാളം ഡെസ്ക്

കിണര്‍ ഇടിഞ്ഞുതാഴ്ന്നു, റോഡില്‍ ഗര്‍ത്തം രൂപപ്പെട്ടു എന്നിങ്ങനെ പ്രകൃതി പ്രതിഭാസങ്ങളുടെ നിരവധി വാര്‍ത്തകള്‍ പുറത്തുവന്നിട്ടുണ്ട്. എന്നാല്‍ മെക്‌സിക്കോയില്‍ നിന്നുള്ള വാര്‍ത്ത സാധാരണനിലയിലുള്ളതല്ല. പാടത്തിന്റെ മധ്യത്തില്‍ രൂപപ്പെട്ട ഗര്‍ത്തം ഏവരെയും അമ്പരിപ്പിക്കുകയാണ്. തുടക്കത്തില്‍ പത്ത് അടി മാത്രം വിസ്തൃതി ഉണ്ടായിരുന്ന ഗര്‍ത്തം മണിക്കൂറുകള്‍ക്കുള്ളില്‍ 300 അടിയിലേറെ വലിപ്പമുള്ള ഒരു കരിങ്കല്‍ ക്വാറി കണക്കിനാണ് വികസിച്ചത്. 

മെക്‌സിക്കോയിലെ സാന്റാ മരിയ മേഖലയിലാണ് സംഭവം. ഒരു പാടത്തിന്റെ മധ്യത്തിലായി രാത്രിയിലാണ് ഗര്‍ത്തം പ്രത്യക്ഷപ്പെട്ടത്. പാടത്തിന്റെ ഒരു ഭാഗത്ത് സ്ഥിതി ചെയ്യുന്ന വീട് പോലും വൈകാതെ തകര്‍ന്നുവീഴുമെന്ന സ്ഥിതിയില്‍ ഗര്‍ത്തത്തിന്റെ ചുറ്റുമുള്ള മണ്ണ് ഇടിഞ്ഞ് കൊണ്ടിരിക്കുകയാണ്.

സാഞ്ചസ് കുടുംബത്തിന്റെ കീഴിലുള്ള മെക്‌സിക്കോയിലെ പാടത്ത് കഴിഞ്ഞ ദിവസം രാത്രിയിലാണ് ഈ ഗര്‍ത്തം പ്രത്യക്ഷപ്പെട്ടത്. വലിയൊരു ഇടിമുഴക്കം പോലുള്ള ശബ്ദത്തോടെയാണ് മണ്ണിടിഞ്ഞ് വീണതെന്ന് പാടത്തിന്റെ ഉടമയായ ഹെര്‍ബറിട്ടോ സാഞ്ചസ് പറഞ്ഞു. ആദ്യം ഇടിമിന്നല്‍ ഭൂമിയില്‍ പതിച്ചതെന്നാണ് കരുതിയത്. എന്നാല്‍ അടുത്തു ചെന്നതോടെ ഗര്‍ത്തത്തിന്റെ ആഴം കണ്ട് ഭയന്നു പോയെന്നും സാഞ്ചസ് വിശദീകരിച്ചു. പിറ്റേന്ന് രാവിലെ ആയപ്പോഴേക്കും ഗര്‍ത്തത്തിന്റെ വ്യാപ്തി പല മടങ്ങായി വര്‍ധിച്ചിരുന്നുവെന്നും ഹെര്‍ബറിട്ടോ വ്യക്തമാക്കി.

ഗര്‍ത്തം രൂപപ്പെട്ട മേഖലയില്‍ നിന്ന് നൂറു കണക്കിനടി മാറി സ്ഥിതി ചെയ്തിരുന്ന സാഞ്ചസിന്റെ വീടും ഇപ്പോള്‍ അപകട ഭീഷണിയിലാണ്. ചുറ്റുമുള്ള പ്രദേശത്തെ മണ്ണിടിഞ്ഞു വീഴുന്ന രീതിയിലാണ് ഗര്‍ത്തത്തിന്റെ വ്യാസം വര്‍ധിക്കുന്നത്. ഗര്‍ത്തത്തിന്റെ ഭീഷണി നിമിത്തം സാഞ്ചസ് കുടുംബത്തെ ഇവിടെ നിന്ന് മാറ്റി പാര്‍പ്പിച്ചിരിക്കുകയാണ്. 

സാധാരണ ഗതിയില്‍ ജലാംശമുള്ള പാടങ്ങളുടെ അടിയിലെ മണ്ണ് ഒഴുകി പോകാനുള്ള സാധ്യതയുണ്ട്. ഇത് തന്നെയാകും ഗര്‍ത്തം രൂപപ്പെടാനുള്ള പ്രഥമ കാരണമായി അധികൃതര്‍ വിലയിരുത്തുന്നത്. പരിസ്ഥിതി ശാസ്ത്രജ്ഞര്‍ നല്‍കുന്ന മറ്റൊരു വിശദീകരണം മേഖലയിലൂടെ ഒഴുകുന്ന ബല്‍സാസ് നദിയുടെ കൈവഴികളുടെ സാന്നിധ്യത്തെക്കുറിച്ചാണ്. ലോകത്തെ തന്നെ ഏറ്റവും അധികം ഭൂഗര്‍ഭ കൈവഴികളും ജലസ്രോതസ്സുകളുമുള്ള നദീശൃംഖലയാണ് ബല്‍സാസ് നദി. 

ഇതിനിടെ  പ്രദേശവാസികളുടെ അഭിപ്രായത്തില്‍ ഇപ്പോഴത്തെ ഗര്‍ത്തത്തിന് കാരണം മുന്‍പ് ഈ മേഖലിലുണ്ടായിരുന്ന വലിയ കുളം തന്നെയാണ്. ഈ തടാകസമാനമായ പ്രദേശം നികത്തിയാണ് ഇപ്പോഴത്തെ പാടം നിര്‍മിച്ചതെന്നും ഇവര്‍ വിവരിക്കുന്നു.   ഗര്‍ത്തത്തിന്റെ ഏതാണ്ട് പാതിയോളം ആഴത്തില്‍ വെള്ളം കെട്ടി കിടക്കുന്നുണ്ട്. നിരവധി പേരാണ് ഈ അപ്രതീക്ഷിത കാഴ്ച കാണാന്‍ ഈ മേഖലയിലേക്കെത്തുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തിങ്കളാഴ്ച വരെ കടുത്ത ചൂട് തുടരും, 39 ഡിഗ്രി വരെ; ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ മഴ; കേരള തീരത്ത് ഓറഞ്ച് അലര്‍ട്ട്

വൈദ്യുതി ഉപയോഗം പരിധിക്കപ്പുറം കടന്നാല്‍ ഗ്രിഡ് സ്വയം നിലച്ച് ഇരുട്ടിലാകും, മുന്നറിയിപ്പുമായി കെഎസ്ഇബി; കണ്‍ട്രോള്‍ റൂം സംവിധാനം

നവജാതശിശുവിന്റെ കൊലപാതകം, ഡിഎന്‍എ ശേഖരിച്ച് പൊലീസ്; യുവതി തീവ്രപരിചരണ വിഭാഗത്തില്‍

കൈയ്യും കാലും ബന്ധിച്ച് വേമ്പനാട്ടുകായൽ നീന്തി കടന്ന് ഒൻപതു വയസ്സുകാരൻ; റെക്കോർഡ് നേട്ടം

കളിക്കുന്നതിനിടെ എയർ കൂളറിൽ തൊട്ടു; ഷോക്കേറ്റ് രണ്ട് വയസ്സുകാരൻ മരിച്ചു