രാജ്യാന്തരം

അഫ്ഗാനിസ്ഥാന്റെ മുൻ ധനമന്ത്രി ഇപ്പോൾ ഊബർ ഡ്രൈവർ; ആറ് മണിക്കൂർ ജോലിക്ക് 11,000രൂപ  

സമകാലിക മലയാളം ഡെസ്ക്

വാഷിങ്ടൺ: താലിബാൻ അധികാരം പിടിച്ചതിന് പിന്നാലെ അഫ്ഗാനിസ്ഥാനിൽ നിന്ന് നാടുവിട്ട മുൻ ധനമന്ത്രി ഖാലിദ് പയേന്ദ (40) ഇപ്പോൾ ഊബർ ഡ്രൈവർ. അമേരിക്കയിലെ വാഷിംഗ്ടണിലും പരിസരത്തും ടാക്‌സി ഓടിച്ച് ഉപജീവനമാർ​ഗ്​ഗം കണ്ടെത്തുകയാണ് ഈ മുൻ ധനമന്ത്രി. ആറ് മണിക്കൂർ ജോലിക്ക് ഏകദേശം 11,000രൂപയാണ് കിട്ടുന്നത്, ഖാലിദ് പറഞ്ഞു. ജോർജ്ജ്ടൗൺ സർവകലാശാലയിൽ ഗസ്റ്റ് പ്രൊഫസറായും ഇദ്ദേഹം ജോലി ചെയ്യുന്നുണ്ട്. 

കാബൂൾ താലിബാന്റെ കീഴിലാകുന്നതിന് ദിവസങ്ങൾക്ക് മുമ്പാണ് ഖാലിദ് ധനമന്ത്രി സ്ഥാനം രാജിവച്ചത്. തുടർന്ന് ഇദ്ദേഹം അമേരിക്കയിലേക്ക് പലായനം ചെയ്തു. ഭാര്യയും നാല് മക്കളുമടങ്ങുന്ന കുടുംബത്തിനു വേണ്ടി കഷ്ടപ്പെടാൻ തയ്യാറാണെന്നും പക്ഷെ അവിടെയും ഇവിടെയുമില്ലാത്ത ഇപ്പോഴത്തെ അവസ്ഥ ഒരു ശൂന്യതയാണ് തന്നിൽ സൃഷ്ടിക്കുന്നതെന്നും ഖാലിദ് പറയുന്നു. ”ഇപ്പോൾ എനിക്ക് സ്ഥലമില്ല, ഇവിടെയും ഇല്ല, അവിടെയും ഇല്ല, വല്ലാത്ത ഒരു ശൂന്യതയാണ് തോന്നുന്നത്’ ഖാലിദ് പറഞ്ഞു. 

'നമ്മൾ പണിതത് ഒരു ചീട്ടുകൊട്ടാരം'

"ആളുകൾക്ക് ഉപകാരമുള്ള ഒരു സിസ്റ്റം ഉണ്ടാക്കിയെടുക്കാൻ നമുക്ക് 20 വർഷം കൈയിലുണ്ടായിരുന്നു. പക്ഷെ നമ്മൾ പണിതത് ഒരു ചീട്ടുകൊട്ടാരമാണ്. അഴിമതിയിൽ കെട്ടിപ്പണിത ഒരു ചീട്ടുകൊട്ടാരം. അതാണ് ഇത്രവേ​ഗം തകർന്നുവീണത്", കാബൂളിലെ വേൾഡ് ബാങ്ക് ഒഫീഷ്യലിന് ഖാലിദ് അയച്ച സന്ദേശമാണിത്. ഖാലിദിന്റെ അഭിപ്രായത്തിൽ ആരും കുറ്റക്കാരല്ല. എല്ലാം ‘വിധി’ മാത്രമാണ്. അമേരിക്ക അഫ്ഗാനിസ്ഥാനെ കൈവിട്ടപ്പോൾ പിടിച്ചു നിൽക്കാനുള്ള കൂട്ടായ ഇച്ഛാശക്തി അഫ്ഗാനിസ്ഥാന് ഉണ്ടായിരുന്നില്ലന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 

11‍-ാം വയസ്സിൽ അഫ്​ഗാൻ വിട്ട ഖാലിദ്

1992ൽ അഫ്ഗാനിസ്ഥാനിൽ ആഭ്യന്തരയുദ്ധം ആരംഭിച്ചപ്പോൾ 11കാരനായ ഖാലിദും കുടുംബവും പാകിസ്ഥാനിലേക്ക് മാറി.  ഒരു ദശാബ്ദത്തിനിപ്പുറം അമേരിക്കക്കാർ താലിബാനെ അട്ടിമറിച്ചതിന് ശേഷം അഫ്ഗാനിസ്ഥാനിലെ ആദ്യത്തെ സ്വകാര്യ സർവ്വകലാശാലയുടെ സഹസ്ഥാപകനായാണ് അദ്ദേഹം മടങ്ങിയെത്തിയത്. അമേരിക്കൻ ഏജൻസി ഫോർ ഇന്റർനാഷണൽ ഡെവലപ്മെന്റ്, വേൾഡ് ബാങ്ക് എന്നിവയിൽ ഖാലിദ് ജോലി ചെയ്തിട്ടുണ്ട്. 2008-ൽ ഫുൾബ്രൈറ്റ് സ്‌കോളർഷിപ്പിൽ ഇല്ലിനോയിസ് സർവകലാശാലയിൽ ചേർന്നാണ് ആദ്യമായി അമേരിക്കയിൽ എത്തിയത്. 2006ൽ അഫ്ഗാൻ ഉപധനമന്ത്രിയായി. 2019ൽ വീണ്ടും താത്കാലികമായി അമേരിക്കയിലേക്ക് മാറി താമസിച്ചു. 2020ൽ ധനമന്ത്രി സ്ഥാനം വാഗ്ദാനം ചെയ്തപ്പോൾ ഖാലിദ് കാബൂളിലേക്ക് മടങ്ങി എത്തുകയായിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സോളാര്‍ സമരം പെട്ടെന്ന് അവസാനിച്ചത് എങ്ങനെയാണ്? മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്റെ വെളിപ്പെടുത്തല്‍

'എല്ലാവരും എന്നെ ഭ്രാന്തനെപ്പോലെ കാണുന്നു': ഫോർട്ട്കൊച്ചിയിൽ കടയുടമയെ കുത്തിക്കൊന്ന കേസിൽ പ്രതി അറസ്റ്റിൽ

കോഴിക്കോട് മെഡിക്കല്‍ കോളജിലെ അവയവം മാറി ശസ്ത്രക്രിയ; ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

ഫഹദ് ഫാസിലും ജീത്തു ജോസഫും ഒന്നിക്കുന്നു: ആവേശത്തിൽ ആരാധകർ

കർശനമായ ഭക്ഷണക്രമം, രണ്ടാഴ്ച കൊണ്ട് കുറച്ചത് 10 കിലോ; കുറിപ്പുമായി പാർവതി