ഉൽസവം 

അക്കനും അണ്ണനും മച്ചമ്പിയും : നിഷ്‌കളങ്ക വാമൊഴി വഴക്കത്തിന്റെ തിരോന്തരം

സമകാലിക മലയാളം ഡെസ്ക്

രോ ദേശത്തിനും സ്വന്തം നാവുണ്ട്. ആ നാവില്‍ പിറക്കും നാട്ടുഭാഷയിലൂടെ ദേശങ്ങളുടെ സംസ്‌കാരം കേട്ടെടുക്കാം.ഗ്രാമങ്ങള്‍, നഗരങ്ങള്‍, മതങ്ങള്‍, ജാതികള്‍, തെരുവുകള്‍, ചന്തകള്‍, കോളനികള്‍, കടല്‍ത്തീരങ്ങള്‍, മലഞ്ചെരിവുകള്‍, അതിര്‍ത്തിനാടുകള്‍, അപ്പാര്‍ട്ട്‌മെന്റുകള്‍, വീട്ടകങ്ങള്‍, തൊഴിലിടങ്ങള്‍...അങ്ങനെയങ്ങനെ വേറിട്ട ഉറവിടങ്ങളില്‍ നിന്ന് പിറവികൊള്ളുന്ന തനത്ഭാഷകളെത്ര! തനത് വാക്കുകളും വായ്ത്താരികളും പാട്ടുകളുംകടങ്കഥകളും തെറികളും കരച്ചിലുകളും നിറഞ്ഞ കേരളത്തിന്റെ മണ്‍മറഞ്ഞ/ നേര്‍ത്ത മിടിപ്പുകളുള്ള/ തിളക്കത്തോടെ ചുണ്ടുകളില്‍ ജീവിക്കുന്ന നാട്ടുഭാഷാമൊഴികളിലൂടെ...


തിരോന്തപുരത്തെ നിഷ്‌കളങ്കമായ വാമൊഴികള്‍ക്ക് ഹാസ്യാത്മകമായ തൊടുകുറി ചാലിച്ച് തലസ്ഥാന മനുഷ്യരെ വെറും വാല്‍സ്ഥാന മനുഷ്യരാക്കിയത് മിമിക്രി കലാകാരന്മാരായിരുന്നു. പരസ്പരം അലിയാനും അലിയാതിരിക്കാനുമുള്ള ഭാഷാ പരിശ്രമങ്ങള്‍ അങ്ങനെ അശ്‌ളീലമായ തമാശകളായി


ആകാശത്തിന്റെ 'ഇരുണ്ട കിഴക്കന്‍ ചുവരിനെ അറുത്ത് മുറിച്ച് പുറത്തേക്കിറങ്ങിയ സൂര്യകിരണങ്ങള്‍' ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിന് മുകളിലേയ്ക്ക് ചെരിഞ്ഞിറങ്ങി. അനന്തശായിയുടെ പ്രഭാകിരണങ്ങളെ തൊട്ടനുഗ്രഹിച്ച് തീക്ഷതയേകി. പദ്മതീര്‍ഥക്കുളത്തില്‍ 'തെക്കന്‍ കാറ്റലകള്‍' സുപ്രഭാതത്തിന്റെ തങ്കലിപികളെഴുതി പഠിച്ചു. തിരുവനന്തപുരത്തൊരു ദിനം വിടര്‍ന്നു.ആ! നിര്‍ത്ത്, ഇതെന്തര് ഇങ്ങനെ പറയണത്? തിരോന്തപുരത്ത് നേരംവെളുത്ത്. അല്ലെങ്കി കുറച്ച് തമിഴ്‌നാട് അതിര്‍ത്തീലോട്ട് മാറി നേരങ്ങള് വെള്ത്ത്. അത് മതി. നിങ്ങളീ തിരോന്തപുരം സിറ്റിയ വിട്. ഇവിട സ്റ്റാച്ചൂലും ശാസ്തമങ്കലത്തും ജെഗതീലും കവഡിയാറിലും വഴ്തക്കാട്ടും കരമനേലുമൊക്കെ താമസിക്കണ മിക്ക ആള്‍ക്കാരും വെളീന്നൊള്ളോരാണ്. ഓ ഈ അച്ചടി ഫാഷക്കാര്! അപ്പോ പാറശാലേം ബാല്‍രാമപുരോം, നെയ്യാറ്റിങ്കരയും വിഴിഞ്ഞോം വേളീം നെടുമങ്ങാടും വെഞ്ഞാറമൂടും ആറ്റിങ്ങലും കിളിമാനൂരും ആ ചടയമങ്ങല (ജഡായുമംഗലം)ത്തിന്റെ കുറച്ചിപ്പുറം വര ഒള്ളോര് പറയണതെന്തേര് മലയാളം അല്ലേ?സിറ്റിയൊന്നുമല്ല ആ നാട്. മൊത്തത്തിലല്ലെങ്കിപ്പിന്നെന്തര് നാട്? പോയീന്‍ പണി നോക്കി.ക്ഷോഭിക്കരുത് (കലിപ്പെടുക്കരുത്) തീര്‍ച്ചയായും അതെ.

കേരളത്തിന്/മലയാളത്തിന് കാസര്‍കോഡ് മുതല്‍ കൊല്ലം വരേയും വിവിധ ജില്ലകള്‍ തിരിച്ചുതന്നെ വ്യത്യസ്തതരം ഭാഷാശൈലികളുണ്ട്. സ്‌ളാങ്ങുകളുണ്ട്. തെക്കരായും വടക്കരായും ഒളിഞ്ഞും തെളിഞ്ഞും നമ്മള്‍ ഇന്ത്യന്‍ ദേശീയതയുടെ തനിക്കൊണം കാണിക്കുന്നുമുണ്ട്. ഇവിടെ ചിന്തിക്കുന്നവരുടെയും സംസ്‌കാരസമ്പന്നരുടെയും സ്‌ളാങ്ങുകളായി ചിന്താഭാരം പേറുന്ന നോവലുകളിലൂടെയും ആര്‍ട്ട് ഹൗസ് സിനിമകളിലൂടെയും ഒട്ടുമിക്ക വടക്കന്‍ സ്‌ളാങ്ങന്മാരും വിലസിയപ്പോള്‍ നിര്‍ഗുണമായൊരു തമാശ പൊട്ടിക്കുന്ന ലാഘവം മാത്രമാണ് ഒരു ജനത മുഴുവന്‍ (സര്‍വത്ര) വികാരങ്ങളേയും സത്യസന്ധതയോടെ വാരിവലിച്ചിടാനുപയോഗിക്കുന്ന തിരുവനന്തപുരം സ്‌ളാങ്ങിന് പതിച്ചു കിട്ടിയത്.

എന്തരോ മഹാനുഭാവുലു നമ്മുടെ പാട്ടാണെന്ന് പറയുന്നതിലെ ഉള്ളുപൊള്ളയായ നിഷ്‌കളങ്കതയ്ക്ക് ഹാസ്യാത്മകതയുടെ തൊടുകുറി ചാലിച്ച് തലസ്ഥാന മനുഷ്യരെ വെറും വാല്‍സ്ഥാന മനുഷ്യരാക്കുന്ന രീതിക്ക് സാഹിത്യമോ ജീവിതമോ ആയിരുന്നില്ല, മറിച്ച് മിമിക്രി കലാകാരന്മാര്‍ ശുദ്ധഹാസ്യത്തിനെത്തന്നെ കാരിക്കേച്ചറുകളാക്കി അവതരിപ്പിച്ച കൊമേഴ്‌സ്യല്‍ സിനിമകളായിരുന്നു അടിത്തറ നല്‍കിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്