ലൈംഗികപീഡനം: ഹാര്‍വി വെയ്ന്‍സ്റ്റീന്റെ അംഗീകാരം ഹാര്‍വാഡ് സര്‍വകലാശാല റദ്ദാക്കി

ഹാര്‍വി വെയ്സ്റ്റീന് ഐശ്വര്യ റായിയോടും താല്‍പര്യമുണ്ടായിരുന്നതായുള്ള വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു.
ലൈംഗികപീഡനം: ഹാര്‍വി വെയ്ന്‍സ്റ്റീന്റെ അംഗീകാരം ഹാര്‍വാഡ് സര്‍വകലാശാല റദ്ദാക്കി

ഹോളിവുഡ് ചലച്ചിത്ര നിര്‍മ്മാതാവായ ഹാര്‍വി വെയ്ന്‍സ്റ്റീന് ഹവാര്‍ഡ് സര്‍വകലാശാല നല്‍കിയിരുന്ന അംഗീകാരം അസാധുവാക്കി. കഴിഞ്ഞ 30 വര്‍ഷത്തോളമായി ഇയാള്‍ നിരവധി പെണ്‍കുട്ടികളെ ലൈംഗികപീഢനത്തിന് ഇരയാക്കിയിട്ടുണ്ടെന്ന പരാതിയെ തുടര്‍ന്നാണ് സര്‍വകലാശാല അംഗീകാരം റദ്ദാക്കിയത്. 

ഹാര്‍വാര്‍ഡ് സര്‍വകലാശാലയുടെ ഹച്ചിന്‍സ് പഠന ഗവേഷണകേന്ദ്രമാണ് വെയ്ന്‍സ്റ്റീന് 2014ല്‍ ഡൂ ബോയ്‌സ് പുരസ്‌കാരം നല്‍കിയത്. വെയ്ന്‍സ്റ്റീന്‍ ആഫ്രോഅമേരിക്കന്‍ സംസ്‌കാരത്തിനു നല്‍കിയ സമഗ്ര സംഭാവനകള്‍ പരിഗണിച്ചായിരുന്നു പുരസ്‌കാരം. ആഫ്രോഅമേരിക്കന്‍സിനെ കുറിച്ചുള്ള പഠനങ്ങളില്‍ ഹാര്‍വാര്‍ഡ് സര്‍വകലാശാലയുടെ ഏറ്റവും ഉന്നതമായ അഗീകാരമാണ് ഡൂ ബോയ്‌സ്.

ഒക്ടോബര്‍ 11ന് ബ്രിട്ടീഷ് അക്കാദമി ഓഫ് ഫിലിം ആന്റ് ടെലിവിഷന്‍ ആര്‍ട്ട്‌സിന്റെ ഔദ്യോഗിക പദവിയില്‍ നിന്ന് ഹാര്‍വിയെ നീക്കം ചെയ്തിരുന്നു. ഒക്ടോബര്‍ 14ന് അക്കാദമി ഓഫ് മോഷന്‍ പിക്ചര്‍ ആര്‍ട്ട്‌സ് ആന്‍ഡ് സയന്‍സസ് വിന്‍സ്റ്റീനെ പുറത്താക്കുകയും ചെയ്തിരുന്നു. ഇതിനിടെ വീന്‍സ്റ്റീന്‍ സഹസ്ഥാപകനായ കമ്പനിയില്‍ നിന്നും അദ്ദേഹം പുറത്താക്കപ്പെട്ടു.

സഹപ്രവര്‍ത്തകളായ നിരവധി സ്ത്രീകളാണ് ഈയിടെ വെയ്ന്‍സ്റ്റീനെതിരെ രംഗത്തെത്തിയിരുന്നത്. ഹോളിവുഡിലെ പ്രമുഖ അഭിനേതാക്കളായ ആഷ്‌ലി ജുഡ്, റോസ് മക്ഗാവന്‍, ആഞ്ജലീന ജോളി, ഗില്‍വെത് പാല്‍ത്രോ എന്നിവര്‍ ഇയാള്‍ നടത്തിയ ലൈംഗിക അതിക്രമങ്ങളെക്കുറിച്ച് വെളിപ്പെടുത്തിയിരുന്നു. ഹോളിവുഡ് സുന്ദരിമാരെല്ലാം ഹാര്‍വിയ്‌ക്കെതിരയായി എത്തിയതോടെയാണ് സ്വന്തം സ്ഥാപനമായ വെയ്ന്‍സ്റ്റീന്‍ കമ്പനിയില്‍ നിന്നു തന്നെ ഇയാള്‍ക്ക് പുറത്താകേണ്ടി വന്നത്. 

ഇതിനിടെ ലോകസുന്ദരിയും ഇന്ത്യന്‍ നായികയുമായ ലോകസുന്ദരി ഐശ്വര്യ റായിയ്ക്ക് നേരെയും സംവിധായകന് താല്‍പര്യമുണ്ടായിരുന്നതായുള്ള റിപ്പോര്‍ട്ടുകളും പുറത്ത് വന്നിരുന്നു. ഐശ്വര്യ റായിയുടെ ഇന്റര്‍നാഷണല്‍ ടാലന്റ് മാനേജര്‍ സിമോണ്‍ ഷെഫീല്‍ഡ് വെറൈറ്റി ഡോട്ട് കോമില്‍ എഴുതിയ ലേഖനത്തിലൂടെയായിരുന്നു വെളിപ്പെടുത്തല്‍. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com