മെര്‍സലിന് പിന്തുണയേറുന്നു; ഒറ്റപ്പെട്ട് ബിജെപി; വര്‍ഗീയ പ്രചാരണവും ഏറ്റില്ല

ചിത്രത്തിലെ രംഗങ്ങള്‍ നീക്കണമെന്ന ബിജെപി ആവശ്യത്തിനെതിരെ കൂടുതല്‍ ചലചിത്ര,രാഷ്ട്രീയ,സാമൂഹ്യ പ്രവര്‍ത്തകര്‍ രംഗത്തെത്തിയതോടെ ബിജെപി പ്രതിരോധത്തിലായിരിക്കുകയാണ്
മെര്‍സലിന് പിന്തുണയേറുന്നു; ഒറ്റപ്പെട്ട് ബിജെപി; വര്‍ഗീയ പ്രചാരണവും ഏറ്റില്ല

ചെന്നൈ: വിജയിയുടെ പുതിയ ചിത്രം മെര്‍സലിനെ ചുറ്റിപ്പറ്റിയുള്ള പോര് മുറുകുന്നു. ചിത്രത്തിലെ രംഗങ്ങള്‍ നീക്കണമെന്ന ബിജെപി ആവശ്യത്തിനെതിരെ കൂടുതല്‍ ചലചിത്ര,രാഷ്ട്രീയ,സാമൂഹ്യ പ്രവര്‍ത്തകര്‍ രംഗത്തെത്തിയതോടെ ബിജെപി പ്രതിരോധത്തിലായിരിക്കുകയാണ്. 

മോദി സര്‍ക്കാരിനെ വിമര്‍ശിക്കുന്ന സംഭാഷണങ്ങള്‍ നീക്കം ചെയ്യണം എന്നാവശ്യപ്പെട്ടായിരുന്നു ബിജെപി രംഗത്തെത്തിയത്. ജിഎസ്ടിയെ വിമര്‍ശിക്കുന്ന സംഭാഷണം സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങളെക്കുറിച്ച് തെറ്റിദ്ധാരണ പരത്തും എന്നായിരുന്നു ബിജെപിയുടെ വാദം. ബിജെപി പ്രതിഷേധം ശക്തമായതിന് പിന്നാലെ ചിത്രത്തിലെ ജിഎസ്ടിയെ പരാമര്‍ശിക്കുന്ന സംഭാഷണം ബീപ് ചെയ്തു.

സിനിമയ്ക്ക് പിന്തുണ കൂടുന്നത് കണ്ട്, വിജയ്‌ക്കെതിരെ വര്‍ഗീയ പരാമര്‍ശങ്ങളുമായുംബിജെപി നേതാക്കള്‍ രംഗത്തെത്തിയിരുന്നു. ജോസഫ് വിജയ് എന്ന വിജയുടെ മുഴുവന്‍ ചേര്‍ത്താണ് ബിജെപി നേതാക്കളുടെ പ്രസംഗവും ട്വീറ്റുകളും വരുന്നത്. 

ക്രിസ്ത്യാനിയായ വിജയ്ക്ക് അമ്പലങ്ങള്‍ക്ക് പകരം ആശുപത്രികള്‍ പണിയണം എന്ന ഡയലോഗ് പള്ളികള്‍ക്ക് പകരം എന്നാക്കാന്‍ ധൈര്യമുണ്ടോ എന്നാണ് ബിജെപി നേതാവ് എച്ച് രാജ ചോദിച്ചത്. സിനിമയുടെ സംവിധായകന്‍ ആറ്റ്‌ലിയുടെയും നിര്‍മാതാവിന്റെയും മതവും ജാതിയും തിരക്കിയും ബിജെപി നേതാക്കള്‍ രംഗത്തെത്തിയിട്ടുണ്ട്. 

തമിഴ്‌നാട് പിടിക്കാന്‍ ഒരുങ്ങുന്ന ബിജെപിയ്ക്ക് തക്കസമയത്ത് അടി നല്‍കാനാണ് മെര്‍സല്‍ വിവാദം കൊഴിപ്പിക്കാന്‍ കോണ്‍ഗ്രസ് മുന്നിട്ടിറങ്ങിയത്. മിസ്റ്റര്‍ മോദി,തമിഴ് സംസ്‌കാരത്തിന്റെയും ഭാഷയുടേയും പ്രതിഫലനമാണ് സിനിമ. തമിഴരുടെ ആത്മാഭിമാനത്തില്‍ ഇടപെട്ട് അത് നശിപ്പിക്കരുതെന്ന് രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ കുറിച്ചു. 
 
സിനിമാക്കാര്‍ ശ്രദ്ധിക്കുക: സര്‍ക്കാരിന്റെ നയങ്ങളെ പുകഴ്ത്തുന്ന സിനിമകള്‍ മാത്രമേ നിര്‍മിക്കാവൂ എന്ന് അധികം വൈകാതെ നിയമം വരും. മെര്‍സല്‍ എന്ന ചിത്രത്തിലെ സംഭാഷണങ്ങള്‍ നീക്കംചെയ്യണമെന്ന് ബിജെപി ആവശ്യപ്പെട്ടിരിക്കുകയാണ്. 'പരാശക്തി' ഇപ്പോഴാണ് റിലീസ് ചെയ്തിരുന്നതെങ്കില്‍ എന്തുസംഭവിക്കുമായിരുന്നു എന്നാലോചിച്ചു നോക്കൂ എന്നാണ് കോണ്‍ഗ്രസ് നേതാവ് പി.ചിദംബരം പ്രതികരിച്ചത്.വിജയിയെ സ്വന്തം പാളയത്തിലെത്തിക്കാനുള്ള ബിജെപിയുടെ തന്ത്രമാണിതെന്ന് വി.സി.കെ നേതാവ് തിരുമാവളവന്‍ ആരോപിച്ചു.

അഭിപ്രായസ്വാതന്ത്ര്യം ഇല്ലാതാക്കാനുള്ള ബിജെപിയുടെ ശ്രമമാണിതെന്ന് സ്റ്റാലിന്‍ ആരോപിച്ചു. ഡിഎംകെ ഇത് ശക്തിയുക്തം എതിര്‍ക്കുമെന്നും സ്റ്റാലിന്‍ വ്യക്തമാക്കി.

ചിത്രത്തിലെ രംഗങ്ങള്‍ ഒരുതവണ സെന്‍സര്‍ ചെയ്തതാണെന്നും ഇനിയും സെന്‍സര്‍ ചെയ്യരുതെന്നും കമല്‍ഹാസന്‍ പറഞ്ഞു. വിമര്‍ശനത്തെ നേരിടേണ്ടത് യുക്തിപരമായ പ്രതികരണങ്ങളിലൂടെയാണ്. വിമര്‍ശകരെ നിശബ്ദരാക്കരുത്,കമല്‍ഹാസന്‍ ട്വിറ്ററില്‍ പറഞ്ഞു.

മെര്‍സലിലെ രംഗങ്ങള്‍ നീക്കം ചെയ്യരുതെന്ന് സംവിധായകന്‍ പാ. രഞ്ജിത് കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. ഒരു കാരണവശാലും മെര്‍സലിലെ രംഗങ്ങള്‍ നീക്കം ചെയ്യരുത്. ജനങ്ങള്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകളാണ് സിനിമയില്‍ പ്രതിഫലിക്കുന്നത്. അതില്‍ വിഷമിച്ചിട്ടു കാര്യമില്ല,രഞ്ജിത് പറഞ്ഞു.

ഇതിന് പിന്നാലെ നടികര്‍ സംഘത്തിന്റെ ജനറല്‍ സെക്രട്ടറിയും തമിഴ് സിനിമാ നിര്‍മാതാക്കളുടെ സംഘടനാ പ്രസിഡന്റുമായ വിശാല്‍, വിജയ് സേതുപതി, അരവിന്ദ് സ്വാമി, ശ്രീപ്രിയ എന്നിവരും ചിത്രത്തിന് പിന്തുണയുമായെത്തി. 

സിനിമയിലെ രംഗങ്ങള്‍ നീക്കണമെന്നു രാഷ്ട്രീയ പാര്‍ട്ടികള്‍ ആവശ്യപ്പെടുന്നത് ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റമാണെന്നു വിശാല്‍ പറഞ്ഞു.ഹോളിവുഡില്‍ യുഎസ് പ്രസിഡന്റിനെ കളിയാക്കുന്ന എത്രയോ സിനിമകള്‍ റിലീസ് ചെയ്യാറുണ്ട്.അവിടെയൊന്നും പ്രശ്‌നമില്ല. ഇത് ജനാധിപത്യമാണ്. നമുക്ക് എല്ലാവര്‍ക്കും അഭിപ്രായ സ്വതന്ത്ര്യമുണ്ട്. ഒരു വട്ടം സെന്‍സര്‍ ചെയ്ത സിനിമ വീണ്ടും സെന്‍സര്‍ ചെയ്യണമെന്നു പറയാന്‍ ആര്‍ക്കും അവകാശമില്ലെന്നും വിശാല്‍ പറഞ്ഞു.

അഭിപ്രായ സ്വാതന്ത്ര്യമില്ലെങ്കില്‍ ഇന്ത്യയെ ജനാധിപത്യ രാജ്യം എന്നു വിളിക്കരുതെന്ന് തമിഴ് നടന്‍ വിജയ് സേതുപതി പറഞ്ഞു. അഭിപ്രായ സ്വതന്ത്ര്യം നിഷേധിക്കുന്ന ശക്തികള്‍ക്കെതിരെ ജനങ്ങള്‍ ശബ്ദമുയര്‍ത്തേണ്ട സമയമായെന്ന് വിജയ് സേതുപതി അഭിപ്രായപ്പെട്ടു.

ആശുപത്രി മാഫിയയുടെ കഥ പറയുന്ന ചിത്രത്തിനെതിരെ ഡോക്ടര്‍മാരും രംഗത്തെത്തി. ചിത്രം തിയറ്ററില്‍ ചന്നുകാണരുത് എന്നതടക്കമുള്ള സന്ദേശങ്ങള്‍ ഒരു വിഭാഗം ഡോക്ടര്‍മാര്‍ പ്രചരിപ്പിക്കുന്നുണ്ടെന്നും ആരോപണമുണ്ട്. 

എന്തുതന്നെയായാലും വിവാദങ്ങള്‍ സിനിമയുടെ കളക്ഷന്‍ കൂടുന്നതിനാണ് കാരണമായിരിക്കുന്നത്. സമ്മിശ്ര പ്രതികരണങ്ങള്‍ ലഭിച്ച ചിത്രത്തിന് ഇപ്പേള്‍ എല്ലാ ദിവസവും ഹൗസ്ഫുളാണ്. കേരളത്തിലാണ് ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടുന്നത് എന്നതും ശ്രദ്ധേയമാണ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com