'രണ്ട് മുറികളുള്ള വാടക വീട്ടില്‍ നിലത്ത് പായ വിരിച്ചാണ് കിടക്കുന്നത്'; തന്റെ പിടിപ്പുകേടുകൊണ്ട് മകന്റെ ജീവിതം തകര്‍ന്നെന്ന് ചാര്‍മിള

വിവാഹമോചനത്തിന് ശേഷമുള്ള തന്റെ ജീവിതം കഷ്ടതകള്‍ നിറഞ്ഞതാണെന്നാണ് ചാര്‍മിള പറയുന്നത്
'രണ്ട് മുറികളുള്ള വാടക വീട്ടില്‍ നിലത്ത് പായ വിരിച്ചാണ് കിടക്കുന്നത്'; തന്റെ പിടിപ്പുകേടുകൊണ്ട് മകന്റെ ജീവിതം തകര്‍ന്നെന്ന് ചാര്‍മിള

ചീര പൂവുകള്‍ക്കുമ്മകൊടുക്കണ നീല കുറിഞ്ഞികളെ എന്ന പാട്ടുപാടി വന്ന നക്ഷത്രകണ്ണുകളുള്ള സുന്ദരിയെ മലയാളികള്‍ മറക്കാന്‍ വഴിയില്ല. ഒരു കാലത്ത് മലയാളത്തിന്റെ പ്രിയ നടിയായിരുന്നു ചാര്‍മിള. നിരവധി മികച്ച സിനിമകളില്‍ താരം ഭാഗമായി. ആഘോഷങ്ങളുടേയും ആര്‍ഭാടങ്ങളുടേയും താരജീവിതം അവസാനിച്ചു. ഇപ്പോള്‍ ചാര്‍മിളയുടെ ജീവിതം ഇല്ലായ്മയിലാണ്. കൂട്ടിന് ഒന്‍പതു വയസുകാരനായ മകനും രോഗബാധിതയായ അമ്മയും മാത്രം. 

തമിഴ്‌നാട്ടിലെ ഒരു കൊച്ചുതെരുവിലെ ഇരുമുറി വീട്ടിലാണ് ചാര്‍മിളയുടെ ജീവിതം. അടുത്തിടെ ഒരു വനിതാ പ്രസിദ്ധീകരണത്തിന്  നല്‍കിയ അഭിമുഖത്തിനിടയിലാണ് ചാര്‍മിള തന്റെ ഇപ്പോഴത്തെ അവസ്ഥ തുറന്നു പറഞ്ഞത്. ജീവിതത്തിന്റെ വിവിധ ഘട്ടങ്ങളിലായി ഉണ്ടായ മൂന്നു പ്രണയങ്ങളും അവ സമ്മാനിച്ച പരാജയങ്ങളുമാണ് തന്നെ ഇന്നത്തെ അവസ്ഥയില്‍ കൊണ്ടെത്തിച്ചതെന്നാണ് താരം പറയുന്നത്. വിവാഹമോചനത്തിന് ശേഷമുള്ള തന്റെ ജീവിതം കഷ്ടതകള്‍ നിറഞ്ഞതാണെന്നാണ് ചാര്‍മിള പറയുന്നത്. 

ഇപ്പോള്‍ കൊച്ചുവീട്ടിലെ ഹോളില്‍ നിലത്ത് പായ വിരിച്ചാണ് ചാര്‍മിള കിടക്കുന്നത്. സഹോദരിയുടെ സുഹൃത്തും സോഫ്റ്റ് വെയര്‍ എഞ്ചിനീയറുമായ രാജേഷുമായുള്ള വിവാഹബന്ധം വേര്‍പെടുത്തിയതിന് ശേഷം എവിടേയ്ക്ക് പോകണം എന്ന അറിയാത്ത അവസ്ഥയിലായിരുന്നു ചാര്‍മിള. ചെറിയ വാടകയ്ക്കുള്ള വീട് അന്വേഷിച്ച് അലഞ്ഞ ശേഷമാണ് ഓല മേഞ്ഞ ചെറിയ പുരകളും ഓടിട്ട വീടുകളുമുള്ള തെരുവില്‍ എത്തുന്നത്. 

എന്നാല്‍ താന്‍ സിനിമ നടിയാണെന്ന് വീട്ടുടമയ്ക്ക് വിശ്വാസമില്ലെന്നും തന്നെ അന്വേഷിച്ച് ആളുകള്‍ എത്തുമ്പോള്‍ അയാള്‍ക്ക് സംശയമാണെന്നുമാണ് ഇവര്‍ പറയുന്നത്. ഇടയ്ക്ക് സിനിമയില്‍ വേഷങ്ങള്‍ ലഭിക്കാറുണ്ട്. റിയാലിറ്റി ഷോയിലോ മറ്റോ ജഡ്ജായി അവസരം ലഭിച്ചാല്‍ സ്ഥിരവരുമാനം ലഭിക്കുമായിരുന്നു എന്നും ചാര്‍മിള കൂട്ടിച്ചേര്‍ത്തു. 

തന്റെ പിടിപ്പുകേട് മകന്റെ ജീവിതം തകര്‍ത്തു എന്നാണ് ഇവര്‍ പറയുന്നത്. മകന്‍ ഇങ്ങനെയായിരുന്നില്ല ജീവിക്കേണ്ടിയിരുന്നതെന്നും വല്ലപ്പോഴും അവന്റെ അച്ഛന്‍ ഓണ്‍ലൈനായി ഓര്‍ഡര്‍ ചെയ്തു കൊടുക്കുന്ന പിസ മാത്രമാണ് അവന്റെ ആകെയുള്ള സന്തോഷമെന്നും ചാര്‍മിള പറഞ്ഞു. തമിഴ് നടന്‍ വിശാലിന്റെ കാരുണ്യം കൊണ്ട് അവന്റെ സ്‌കൂള്‍ ഫീസ് മുടങ്ങുന്നില്ലെന്നും ചാര്‍മിള കൂട്ടിച്ചേര്‍ത്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com