'മാധ്യമങ്ങളിലൂടെ പരസ്യപ്രസ്താവന പാടില്ല' ; താരങ്ങള്‍ക്ക് 'അമ്മ'യുടെ വിലക്ക്

താരസംഘടനയ്ക്ക് പരാതി നല്‍കിയ നടിമാരുമായി അമ്മ നേതൃത്വം ചര്‍ച്ച നടത്തും. നാല് നടിമാരുടെയും രാജിക്കത്ത് കിട്ടിയെന്നും സര്‍ക്കുലറില്‍ വ്യക്തമാക്കി
'മാധ്യമങ്ങളിലൂടെ പരസ്യപ്രസ്താവന പാടില്ല' ; താരങ്ങള്‍ക്ക് 'അമ്മ'യുടെ വിലക്ക്

കൊച്ചി : പരസ്യ പ്രസ്താവന വിലക്കി സിനിമാതാരങ്ങള്‍ക്ക് താരസംഘടനയായ അമ്മയുടെ സര്‍ക്കുലര്‍. മാധ്യമങ്ങളിലൂടെ പരസ്യപ്രസ്താവന നടത്തരുതെന്നാണ് സര്‍ക്കുലറിലെ പ്രധാന നിര്‍ദേശം. വിഷയങ്ങള്‍ പുറത്തുപറഞ്ഞ് അപഹാസ്യരാകരുത്. പറയാനുള്ള കാര്യങ്ങള്‍ സംഘടനയ്ക്ക് ഉള്ളില്‍ പറയണം. കാര്യങ്ങള്‍ പുറത്ത് പറയുന്നത് സംഘടനയ്ക്ക് ദോഷകരമാണ്. താരങ്ങള്‍ പരസ്യപ്രസ്താവനകളില്‍ നിന്ന് വിട്ടുനില്‍ക്കണമെന്നും സര്‍ക്കുലറില്‍ ആവശ്യപ്പെട്ടു. 

താരസംഘടനയ്ക്ക് പരാതി നല്‍കിയ നടിമാരുമായി അമ്മ നേതൃത്വം ചര്‍ച്ച നടത്തും. രേവതി, പാര്‍വതി, പത്മപ്രിയ എന്നിവരുമായാണ് ആഗസ്റ്റ് ഏഴിന് ചര്‍ച്ച നടത്തുക. വിഷയത്തില്‍ കത്ത് നല്‍കിയ ജോയ് മാത്യുവുമായും ചര്‍ച്ച നടത്തുമെന്ന് അമ്മ താരങ്ങള്‍ക്ക് നല്‍കിയ വാട്‌സ് ആപ്പ് സര്‍ക്കുലറില്‍ വ്യക്തമാക്കി. 

നാല് നടിമാരുടെയും രാജിക്കത്ത് കിട്ടിയെന്നും സര്‍ക്കുലറില്‍ വ്യക്തമാക്കിയിട്ടുണ്ട്. നേരത്തെ രാജി സമര്‍പ്പിച്ച നടിമാരുടെ രാജിക്കത്ത് ലഭിച്ചിട്ടില്ലെന്ന് അമ്മ ഭാരവാഹികള്‍ അറിയിച്ചിരുന്നു. ദിലീപിനെ താരസംഘടനയായ അമ്മയില്‍ തിരിച്ചെടുത്തതില്‍ പ്രതിഷേധിച്ചാണ്, നടിമാരായ രമ്യ നമ്പീശന്‍, ഗീതു മോഹന്‍ദാസ്, റിമ കല്ലിങ്കല്‍, ആക്രമിക്കപ്പെട്ട നടി എന്നിവര്‍ സംഘടനയില്‍ നിന്നും രാജി വെച്ചത്. പിന്നാലെ വിഷയം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പാര്‍വതിയും രേവതിയും പത്മപ്രിയയും അമ്മ എക്‌സിക്യൂട്ടീവിന് കത്തു നല്‍കുകയായിരുന്നു. 

ദിലീപിനെ തിരിച്ചെടുത്ത നടപടി വിവാദമായതോടെ, അമ്മയ്ക്കും, പുതിയ പ്രസിഡന്റ് മോഹന്‍ലാലിനും നേരെ വളരെയേറെ ആക്ഷേപങ്ങളും വിമര്‍ശനങ്ങളും ഉയര്‍ന്നിരുന്നു. ഇതേത്തുടര്‍ന്ന് പല താരങ്ങളും തങ്ങളുടെ വിയോജിപ്പ് പരസ്യമായി പ്രകടിപ്പിക്കാനും തുടങ്ങി. ഇതോടെയാണ് പ്രശ്‌നം ഒതുക്കി തീര്‍ക്കാന്‍ ലക്ഷ്യമിട്ട് അമ്മ, പരാതിക്കാരായ നടിമാരെ ചര്‍ച്ചയ്ക്ക് വിളിച്ചത്. ആഗസ്റ്റ് ഏഴിന് കൊച്ചിയില്‍ വെച്ച് ചര്‍ച്ച നടത്താമെന്നാണ് നിര്‍ദേശം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com