'മമ്മൂട്ടിക്കും മോഹന്‍ലാലിനും എതിരേ ശബ്ദിച്ചതോടെ സിനിമയില്‍ താന്‍ അവഗണിക്കപ്പെട്ടു'; തുറന്നുപറഞ്ഞ് ശ്രീകുമാരന്‍ തമ്പി 

'നിര്‍മാതാവായും സംവിധായകനായുമെല്ലാം സിനിമയില്‍ നിരവധി സംഭാവനകള്‍ ചെയ്തിട്ടുണ്ടെങ്കിലും പാട്ടെഴുത്തുകാരനാക്കി മാത്രം തന്നെ ഒതുക്കി'
'മമ്മൂട്ടിക്കും മോഹന്‍ലാലിനും എതിരേ ശബ്ദിച്ചതോടെ സിനിമയില്‍ താന്‍ അവഗണിക്കപ്പെട്ടു'; തുറന്നുപറഞ്ഞ് ശ്രീകുമാരന്‍ തമ്പി 

താരാധിപത്യം സിനിമയെ നശിപ്പിക്കുമെന്ന് വിളിച്ചു പറഞ്ഞതുകൊണ്ട് ചലച്ചിത്ര സാഹിത്യ മേഖലകളില്‍ താന്‍ അവഗണിക്കപ്പെട്ടുവെന്ന് ശ്രീകുമാരന്‍ തമ്പി. മമ്മൂട്ടിക്കും മോഹന്‍ലാലിനുമെതിരേ സംസാരിച്ചതിന് വര്‍ഷങ്ങളോളമാണ് താന്‍ അവഗണിക്കപ്പെട്ടത്. നിര്‍മാതാവായും സംവിധായകനായുമെല്ലാം സിനിമയില്‍ നിരവധി സംഭാവനകള്‍ ചെയ്തിട്ടുണ്ടെങ്കിലും പാട്ടെഴുത്തുകാരനാക്കി മാത്രം തന്നെ ഒതുക്കിയെന്നും മാതൃഭൂമി ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം ആരോപിച്ചു. ചലച്ചിത്ര മേഖലയിലെ സമഗ്ര സംഭാവനയ്ക്കുള്ള ജെ.സി. ഡാനിയല്‍ പുരസ്‌കാരം നേടിയതിന് പിന്നാലെയാണ് തനിക്ക് നേരിടേണ്ടിവന്ന അവഗണനയെപ്പറ്റി ശ്രീകുമാരന്‍ തമ്പി തുറന്നു പറഞ്ഞത്. 

25 സിനിമകള്‍ നിര്‍മിക്കുകയും 30 സിനിമകള്‍ സംവിധാനം ചെയ്യുകയും 80 സിനിമകള്‍ തിരക്കഥ എഴുതുകയും ചെയ്‌തെങ്കിലും പാട്ട് എഴുത്തുകാരനായി മാത്രം ഒതുക്കി നിര്‍ത്താന്‍ പലരും ശ്രമിച്ചെന്ന് അദ്ദേഹം പറഞ്ഞു. 'സിനിമകള്‍ നിര്‍മ്മിച്ചതോടെ സാമ്പത്തികമായി ബാധ്യതയിലായി. സിനിമയോടുള്ള സ്‌നേഹം കൊണ്ടു മാത്രമാണ് നിര്‍മാണത്തിലേക്ക് ഇറങ്ങിയത്. ഞാന്‍ നിര്‍മിച്ചതെല്ലാം മികച്ച സിനിമകള്‍ ആണെന്ന അവകാശവാദം ഇല്ല. പക്ഷേ അതില്‍ ഒരുപാട് നല്ല സിനിമകള്‍ ഉണ്ടായിരുന്നു. കച്ചവട സിനിമകളുടെ വക്താവാണ് ഞാന്‍. അതില്‍ അഭിമാനം മാത്രമേയുള്ളൂ. കച്ചവട സിനിമകള്‍ ഇല്ലെങ്കില്‍ കേരളത്തിലെ ഒട്ടുമിക്ക തിയേറ്ററുകളും പൂട്ടേണ്ടിവരും.' ശ്രീകുമാരന്‍ തമ്പി കൂട്ടിച്ചേര്‍ത്തു.

മമ്മൂട്ടിക്കും മോഹന്‍ലാലിനും എതിരേ ശബ്ദിച്ചതോടെ സിനിമയിലും സാഹിത്യത്തിലും വര്‍ഷങ്ങളോളം അവഗണ നേരിട്ടു. വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് രണ്ട് പേരെയും നായകരാക്കി സിനിമ ചെയ്തത്. മോഹന്‍ലാലിനെ നായകനാക്കി 'യുവജനോത്സവ'വും മമ്മൂട്ടിയെ നായകനാക്കി 'വിളിച്ചൂ വിളികേട്ടു' എന്ന ചിത്രവും. എന്നാല്‍ അതിന് ശേഷം ഇവരെ വെച്ച് സിനിമ എടുക്കാന്‍ മുതിര്‍ന്നില്ല. ഈ സിനിമകള്‍ക്ക് ശേഷമാണ് രണ്ടു പേരും സൂപ്പര്‍ സ്റ്റാര്‍ പദവിയിലേക്ക് പോകുന്നത്. ഇവര്‍ തന്നെ ഒരിക്കലും സഹായിച്ചിട്ടില്ലെന്നും തന്നില്‍ നിന്ന് അകന്നുപോവുകയാണുണ്ടായതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

'താരമൂല്യം വളരുകയും സിനിമ തകരുകയും ചെയ്തു. ഞാന്‍ മുപ്പത് കൊല്ലം മുന്‍പ് പറഞ്ഞത് ഇപ്പോള്‍ പലരും ഏറ്റു പറയുന്നുണ്ട്. ഞാന്‍ സത്യം പറഞ്ഞു. സത്യം കേള്‍ക്കാന്‍ ആര്‍ക്കും ഇഷ്ടമല്ല. അത് തന്നെയാണ് എന്നെ പലര്‍ക്കും ഇഷ്ടമല്ലാത്തത്.' ശ്രീകുമാരന്‍ തമ്പി പറഞ്ഞു. 

കേരള സര്‍ക്കാരും 40 വര്‍ഷത്തോളം തന്നെ അവഗണിച്ചെന്നും അദ്ദേഹം ആരോപിച്ചു. 31ാം വയസ്സില്‍ ഞാന്‍ ഒരു പുരസ്‌കാരം നേടി പിന്നീട് 40 വര്‍ഷം കഴിഞ്ഞാണ് മറ്റൊരു പുരസ്‌കാരം ലഭിക്കുന്നത്. ഈ 40 വര്‍ഷങ്ങളുടെ കാലയളവില്‍ ഞാന്‍ ഒരു നല്ല പാട്ടും എഴുതിയിട്ടില്ല എന്നാണോ അവര്‍ ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു. സാഹിത്യ രംഗത്തും തനിക്ക് ലഭിക്കേണ്ട പുരസ്‌കാരങ്ങളൊന്നും ലഭിച്ചിട്ടില്ല. വ്യക്തപരമായി ആരും ശത്രുക്കള്‍ അല്ലെങ്കിലും അസൂയയാണ് തന്റെ ശത്രുവെന്നും ശ്രീകുമാരന്‍ തമ്പി വ്യക്തമാക്കി. തനിക്ക് മുന്‍പേ നടന്ന ചില മഹാരഥന്മാരും തന്നെ ദ്രോഹിക്കാന്‍ ശ്രമിച്ചെന്നും അദ്ദേഹം വ്യക്തമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com