ഓണസമ്മാനവുമായി മമ്മൂക്ക കാത്തിരുന്നു; കൈയില്‍ പൂക്കളുമായി കാടിന്റെ മക്കള്‍ എത്തി

വരിക്കാശ്ശേരി മനയില്‍ ഇന്നലെയാണ് മമ്മൂട്ടിയെ കാണാന്‍ ആദിവാസി മേഖലയില്‍ നിന്ന് കുഞ്ഞുങ്ങള്‍ എത്തിയത്
ഓണസമ്മാനവുമായി മമ്മൂക്ക കാത്തിരുന്നു; കൈയില്‍ പൂക്കളുമായി കാടിന്റെ മക്കള്‍ എത്തി

പാലക്കാട്; കഴിഞ്ഞ അഞ്ച് വര്‍ഷമായി മമ്മൂട്ടിയെ കാണാനുള്ള കാത്തിരിപ്പിലായിരുന്നു പാലക്കാട് ആദിവാസി മേഖലയിലെ കുഞ്ഞുങ്ങള്‍. അവസാനം തങ്ങളുടെ ആഗ്രഹം അവര്‍ ചോദിച്ചു വാങ്ങിയെടുത്തു. മിന്നും താരത്തെ കാണുന്ന സ്വപ്‌നങ്ങളുമായി അവര്‍ കാടിറങ്ങുമ്പോള്‍ കൈനിറയെ സമ്മാനങ്ങളുമായി അവര്‍ക്കായി കാത്തിരിക്കുകയായിരുന്നു സൂപ്പര്‍താരം. വരിക്കാശ്ശേരി മനയില്‍ ഇന്നലെയാണ് മമ്മൂട്ടിയെ കാണാന്‍ ആദിവാസി മേഖലയില്‍ നിന്ന് കുഞ്ഞുങ്ങള്‍ എത്തിയത്. 

സിനിമതാരം എന്നതിനപ്പുറം അവരുടെ സ്വപ്‌നങ്ങള്‍ക്ക് ചിറക് നല്‍കിയ വ്യക്തിയായിരുന്നു അവര്‍ക്ക് മമ്മൂട്ടി. കഴിഞ്ഞ അഞ്ച് വര്‍ഷമായി അവരുടെ ആവശ്യങ്ങള്‍ ചോദിച്ചും ചോദിക്കാതെയും നിറവേറ്റിക്കൊടുത്തിരുന്നത് മമ്മൂട്ടിയായിരുന്നു. അട്ടപ്പാടി, നെല്ലിയാമ്പതി, തളികക്കല്ല് മേഖലകളിലെ കുട്ടികളാണ് മമ്മൂട്ടിയെ കാണാനെത്തിയത്. കുട്ടികള്‍ തന്നെയാണ് മമ്മൂട്ടിയെ കാണണമെന്ന ആഗ്രഹം പ്രകടിപ്പിച്ചത്. തുടര്‍ന്ന് വരിക്കാശ്ശേരി മനയിലെ ഷൂട്ടിങ് ലൊക്കേഷനില്‍ സ്‌നേഹസംഗമത്തിന് കളമൊരുങ്ങുകയായിരുന്നു. 

ഓണാശംസകള്‍ നേര്‍ന്നുകൊണ്ടുള്ള സമ്മാനപ്പൊതികളും മധുരപലഹാരങ്ങളുമെല്ലാം കുട്ടികള്‍ക്കായി മമ്മൂട്ടി ഒരുക്കിയിരുന്നു. പനിനീര്‍ പുഷ്പങ്ങളുമായി തന്നെ കാണാനെത്തിയ കാടിന്റെ മക്കളെ സ്‌നേഹ വാത്സല്യത്തോടെയാണ് താരം വരവേറ്റത്. മമ്മൂട്ടി നേതൃത്വത്തിലുള്ള കെയര്‍ ആന്‍ഡ് ഷെയര്‍ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന്‍ ആദിവാസി മേഖലകളില്‍ നടപ്പാക്കുന്ന പൂര്‍വികം പദ്ധതിയുടെ ഗുണഭോക്താക്കളാണ് ഈ കുഞ്ഞുങ്ങള്‍. പഠനോപകരണങ്ങള്‍, വൈദ്യസഹായം, പിഎസ് സി പരിശീലനം തുടങ്ങിയവയിലൂടെ വിദ്യാഭ്യാസ- ക്ഷേമ പ്രവര്‍ത്തങ്ങളെ സഹായിക്കുന്ന പദ്ധതിയാണിത്. അജയ് വാസുദേവ് സംവിധാനെ ചെയ്യുന്ന ഷൈലോക്ക് എന്ന സിനിമയുടെ ലൊക്കേഷനിലായിരുന്നു സംഗമം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com