അമ്മ കാന്റീന് ബദലായി 'ഉഴൈപ്പാളി' ഹോട്ടല്‍ ; രജനിയുടെ ജന്മദിനത്തില്‍ ന്യായവില ഹോട്ടലുമായി ആരാധകന്‍

ന്യായവില മാത്രമല്ല, നൂറുശതമാനം പോഷകഗുണമുള്ള ഭക്ഷണമാകും ഹോട്ടലില്‍ ലഭ്യമാക്കുകയെന്ന് കടയുടമ വീരബാബു
അമ്മ കാന്റീന് ബദലായി 'ഉഴൈപ്പാളി' ഹോട്ടല്‍ ; രജനിയുടെ ജന്മദിനത്തില്‍ ന്യായവില ഹോട്ടലുമായി ആരാധകന്‍

ചെന്നൈ: മുന്‍മുഖ്യമന്ത്രി ജയലളിതയുടെ പേരിലുള്ള അമ്മ ഹോട്ടല്‍ തമിഴ്‌നാട്ടില്‍ ഏറെ ജനപ്രിയമാണ്. ഇപ്പോഴിതാ തമിഴക രാഷ്ട്രീയത്തില്‍ ഭാവി പരീക്ഷിക്കാനിറങ്ങുന്ന സ്റ്റൈല്‍ മന്നന്റെ പേരിലും ഹോട്ടല്‍. സൂപ്പര്‍സ്റ്റാറിന്റെ 69-ാം ജന്മദിനത്തില്‍ താരത്തിന് സമര്‍പ്പിച്ച് ന്യായവില ഹോട്ടലാരംഭിച്ചിരിക്കുകയാണ് ഒരു ആരാധകന്‍.

കെ വീരബാബു എന്ന രജനി ആരാധകനാണ് ഹോട്ടലിന് പിന്നില്‍. രജനിയുടെ സിനിമകളില്‍നിന്ന് പ്രചോദനം കൊണ്ട് 'പ്രയത്‌നശാലി' എന്ന് അര്‍ഥം വരുന്ന 'ഉഴൈപ്പാളി' എന്നാണ് ഹോട്ടലിന് പേരിട്ടിരിക്കുന്നത്.  ചെന്നൈ മണപ്പാക്കം എം.ജി. റോഡിലാണ് വെജിറ്റേറിയന്‍ ഹോട്ടല്‍ ആരംഭിച്ചത്.  

ന്യായവില മാത്രമല്ല, നൂറുശതമാനം പോഷകഗുണമുള്ള ഭക്ഷണമാകും ഹോട്ടലില്‍ ലഭ്യമാക്കുകയെന്ന് കടയുടമ വീരബാബു പറഞ്ഞു. പത്ത് രൂപ മുതല്‍ ഭക്ഷണം ലഭിക്കും. കുറഞ്ഞ പണത്തിന് നല്ല ഭക്ഷണം പാവപ്പെട്ടവര്‍ക്ക് നല്‍കാനാണ് ശ്രമം. ആരോഗ്യകരമായ ജീവിതത്തിന് ആരോഗ്യകരമായ ഭക്ഷണം അത്യാവശ്യമാണെന്നും ഡോക്ടര്‍ കൂടിയായ വീരബാബു പറയുന്നു.

രജനീകാന്തിന്റെ കടുത്ത ആരാധകനായ വീരബാബു ഇഷ്ടതാരത്തിന്റെ ചിത്രങ്ങളും പ്രചോദനാത്മകമായ വരികളും ഹോട്ടലിനുള്ളില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. 20 പേരാണ് ഹോട്ടലില്‍ ജീവനക്കാരായിട്ടുള്ളത്. രാഷ്ട്രീയത്തിലിറങ്ങാനൊരുങ്ങുന്ന താരത്തിന് ജനപിന്തുണയേറാന്‍ പുതിയ സംരംഭം ഇടയാക്കുമെന്ന് വിലയിരുത്തപ്പെടുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com