'രാഷ്ട്രീയം എന്റെ മേഖല അല്ല, അതെനിക്ക് അറിയുകയുമില്ല'; നിലപാട് വ്യക്തമാക്കി മോഹന്‍ലാല്‍

ഒരു രാഷ്ട്രീയ പ്രത്യയശാസ്ത്രത്തേയും താന്‍ പ്രോത്സാഹിപ്പിക്കുന്നില്ലെന്നും തന്റെ സിനിമകളില്‍ രാഷ്ട്രീയം ചേര്‍ക്കാന്‍ ശ്രമിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി
'രാഷ്ട്രീയം എന്റെ മേഖല അല്ല, അതെനിക്ക് അറിയുകയുമില്ല'; നിലപാട് വ്യക്തമാക്കി മോഹന്‍ലാല്‍

ലോകസഭാ തെരഞ്ഞെടുപ്പില്‍ മോഹന്‍ലാലിനെ മത്സരിപ്പിക്കുമെന്ന് ബിജെപി അവകാശപ്പെട്ടത് വലിയ വിവാദങ്ങള്‍ക്കാണ് വഴിതുറന്നത്. സ്ഥാനാര്‍ത്ഥിയാകുന്നതിനെ കുറിച്ച് മോഹന്‍ലാലിനോട് സംസാരിച്ചിട്ടുണ്ട് എന്നായിരുന്നു ഒ. രാജഗോപാല്‍ ഉള്‍പ്പടെയുള്ള ബിജെപി നേതാക്കള്‍ പറഞ്ഞത്. തങ്ങളുടെ സൂപ്പര്‍താരത്തെ രാഷ്ട്രീയത്തിലേക്ക് ഇറക്കില്ലെന്ന് പറഞ്ഞ് ഫാന്‍സ് അസോസിയേഷനും രംഗത്തെത്തിയതോടെ ചര്‍ച്ച സജീവമായി. ഇപ്പോള്‍ രാഷ്ട്രീയപ്രവേശനത്തില്‍ നിലപാട് വ്യക്തമാക്കിക്കൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് മോഹന്‍ലാല്‍. 

രാഷ്ട്രീയം തന്റെ മേഖലയല്ലെന്നാണ് അദ്ദേഹം പറഞ്ഞത്. എന്നും ഒരു നടനായി തുടരാനാണ് ആഗ്രഹിക്കുന്നതെന്നും ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ താരം പറഞ്ഞു. ' രാഷ്ട്രീയം എന്റെ മേഖലയല്ല, എന്നും ഒരു നടനായി തുടരാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. ഈ പ്രൊഫഷനില്‍ എനിക്ക് ലഭിക്കുന്ന സ്വാതന്ത്ര്യം ഞാന്‍ ആസ്വദിക്കുന്നു. രാഷ്ട്രീയത്തില്‍ നിരവധി പേര്‍ നമ്മളെ ആശ്രയിക്കും. അത് അത്ര എളുപ്പമല്ല. കൂടാതെ, എനിക്ക് ഒരുപാട് അറിയാവുന്ന വിഷയമല്ല ഇത്. അതിനാല്‍ അത്തരം ഒരു ചിന്ത എനിക്കില്ല' മോഹന്‍ലാല്‍ പറഞ്ഞു. 

ഒരു രാഷ്ട്രീയ പ്രത്യയശാസ്ത്രത്തേയും താന്‍ പ്രോത്സാഹിപ്പിക്കുന്നില്ലെന്നും തന്റെ സിനിമകളില്‍ രാഷ്ട്രീയം ചേര്‍ക്കാന്‍ ശ്രമിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇനി പുറത്തിറങ്ങാനുള്ള മോഹന്‍ലാലിന്റെ രണ്ട് സിനിമകളിലും രാഷ്ട്രീയമാണ് കൈകാര്യം ചെയ്യുന്നത്. സൂര്യയ്‌ക്കൊപ്പമുള്ള കാപ്പനില്‍ പ്രധാനമന്ത്രിയുടെ വേഷത്തിലാണ് മോഹന്‍ലാല്‍ എത്തുന്നത്. പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ലൂസിഫറിലും രാഷ്ട്രീയം ചര്‍ച്ചയാവുന്നുണ്ട്. 

രാജ്യത്തെ മൂന്നാമത്തെ ബഹുമതിയായ പദ്മഭൂഷന്‍ പുരസ്‌കാരം ലഭിച്ചതില്‍ സന്തോഷമുണ്ടെന്നും താരം വ്യക്തമാക്കി. ഉത്തരവാദിത്വം എന്നതിന് അപ്പുറം മനോഹരമായ കമിറ്റ്‌മെന്റാണ് പുരസ്‌കാരം ലഭിച്ചതിലൂടെ തനിക്കുണ്ടായത് എന്നാണ് താരം പറയുന്നത്. അഭിനേതാവ് എന്ന നിലയില്‍ തനിക്ക് ലഭിച്ച അംഗീകാരമായാണ് ഇതിനെ കാണുന്നതെന്നും കൂടുതല്‍ മുന്നോട്ടുപോകാനുള്ള പ്രചോദമായിട്ടാണ് ഇതിനെ കണക്കാക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മലയാള സിനിമ ലോകത്തെ ദേശിയ തലത്തിലേക്ക് വളര്‍ത്തുന്നതിനുവേണ്ടിയാണ് താന്‍ വലിയ ബജറ്റിലുള്ള ചിത്രങ്ങള്‍ നിര്‍മിക്കുന്നതെന്നും താരം പറഞ്ഞു. ദേശിയ നിലവാരത്തിലേക്ക് മലയാളം സിനിമയെ എത്തിക്കുക എന്നതാണ് തന്റെ ഉത്തരവാദിത്വമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com