'ആ ദിവസങ്ങളിലെ അവളുടെ ഏറ്റവും വലിയ വീര്‍പ്പുമുട്ടല്‍ അതായിരുന്നു'; വൈറലായി കുറിപ്പ്

വൈറസ് കണ്ടതിനുശേഷം ആദ്യം മെസ്സേജ് ചെയ്യുന്നതും അവള്‍ക്കാണ്. കൂടുതലായൊന്നുമില്ല. 'ഹാറ്റ്‌സ് ഓഫ്'
'ആ ദിവസങ്ങളിലെ അവളുടെ ഏറ്റവും വലിയ വീര്‍പ്പുമുട്ടല്‍ അതായിരുന്നു'; വൈറലായി കുറിപ്പ്

തുവരെ കേള്‍ക്കാത്ത രോഗം ബാധിച്ച് ഒന്നിനു പിറകെ ഒന്നായി ആളുകള്‍ മരിക്കുക. രോഗിയെ പരിപാലിച്ച നഴ്‌സുപോലും രോഗം ബാധിച്ചു മരണത്തിന് കീഴടങ്ങി. ഓരോ ദിവസവും ഉയരുന്ന മരണസംഖ്യ. നിപ വൈറസ് മലയാളികളെ ഭയപ്പെടുത്തിയത് കുറച്ചൊന്നുമല്ല. എന്നാല്‍ ഇതിനെ മറികടന്ന് ഒരുപാടുപേരുടെ മനക്കരുത്തുകൊണ്ട്. സമൂഹം ഒറ്റപ്പെടുത്തിയിട്ടും അതിനെ എല്ലാം ചങ്കുറപ്പോടെ നേരിട്ട മെഡിക്കല്‍ സ്റ്റാഫിന് അതില്‍ വലിയ പങ്കുണ്ട്. വൈറസ് സിനിമ ഓര്‍മപ്പെടുത്തുന്നത് അവരുടെ മനക്കരുത്തിനെ കൂടെയാണ്. 

ചിത്രം കണ്ടതിന് ശേഷം നിരവധി പേരാണ് വൈറസ് ്കാലത്തെ ഓര്‍മകള്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചത്. ഇപ്പോള്‍ വൈറലാവുന്നത് ദേവ് രാജിന്റെ കുറിപ്പാണ്. കോഴിക്കോട് മെഡിക്കല്‍ കൊളേജില്‍ നഴ്‌സായിരുന്ന തന്റെ സുഹൃത്തിനെ കുറിച്ചാണ് പറയുന്നത്. മരണഭയം താളം കെട്ടിക്കിടക്കുന്ന പച്ചയും ചുകപ്പും വെളിച്ചം കലര്‍ന്ന് കിടക്കുന്ന ഇടനാഴികള്‍ ഇന്നലെ വൈറസില്‍ കണ്ടപ്പോള്‍ ഓര്‍ത്തത് തന്റെ സുഹൃത്തിനെയാണെന്നാണ് കുറിച്ചിരിക്കുന്നത്.

ഫേയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ഒരു വര്‍ഷം മുന്‍പാണ് ഒരു വൈകുന്നേരം കോഴിക്കോട് മെഡിക്കല്‍ കോളജില്‍ വര്‍ക്ക് ചെയ്യുന്ന എന്റെ കൂട്ടുകാരിയുടെ മെസ്സേജ് , 'നീ എവിടാ '?? 

ഷോപ്പിലുണ്ട് (അന്നെനിക്ക് സ്റ്റുഡിയോ ഉള്ള സമയമാണ് )

'കുറച്ച് ദിവസത്തേക്ക് യാത്രയൊന്നും വേണ്ടാ ഇവിടെ ആകെ പ്രശ്‌നമാണ്'

അതായിരുന്നു നിപ്പയെക്കുറിച്ച് ഞാനാദ്യം കേള്‍ക്കുന്ന വാര്‍ത്ത. അന്ന് ഞാന്‍ തൊട്ടടുത്ത ദിവസം പോകാനുദ്ദേശിക്കുന്ന യാത്രയെക്കുറിച്ച് പറഞ്ഞപ്പോ വല്ലാണ്ട് ചീത്തപറഞ്ഞത് ഓര്‍മയിലുണ്ട് 

'ഇത് നീ കരുതും പോലല്ല'

രോഗത്തെക്കുറിച്ചോ അതിന്റെ ഭീകരതയെ കുറിച്ചോ എനിക്കറിയില്ലായിരുന്നു. അവിടുന്നങ്ങോട്ട് പത്രങ്ങളിലും സോഷ്യല്‍ മീഡിയകളിലും നിപ്പയെക്കുറിച്ച് വാര്‍ത്തകള്‍ വന്നുകൊണ്ടിരുന്നു. മരണസംഘ്യകള്‍ കൂടിക്കൊണ്ടിരുന്നു 

നമ്മളാവട്ടെ പാലക്കാട് സേഫ് സോണാണെന്ന സ്ഥിരം വിശ്വാസത്തില്‍ വലിയ പ്രശ്‌നങ്ങളൊന്നുമില്ലാതെ വാര്‍ത്തകളെ വല്യ കാര്യമാക്കാണ്ട് മുന്നോട്ട് പോയി. പിന്നെയൊക്കെ അവളുടെ മെസ്സേജിലൂടെ ആണ് വിവരങ്ങള്‍ അറിയുന്നത് 

ലിനി സിസ്റ്ററിനെ കൊണ്ടുവന്നപ്പോ അവളുണ്ടായിരുന്നു കാഷ്വാലിറ്റിയില്‍. 'എന്തോ വലിയ വൈറസ് ആണെന്നും അവരോടെല്ലാം പ്രൊട്ടക്ഷന്‍ എടുക്കണമെന്നും' സിസ്റ്റര്‍ പറഞ്ഞിരുന്നതായി അവളെന്നോട് പറഞ്ഞിട്ടുണ്ട്. 

പിന്നീടാണ് അവര്‍ മരിക്കുന്നതും അവരെഴുതിയ കത്തൊക്കെ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നതും അവരെക്കുറിച്ച് കൂടുതല്‍ അറിയുന്നതും ,വല്ലാതെ നെഞ്ഞുലഞ്ഞുപോകുന്നതും ഒക്കെ. ആ ദിവസങ്ങളിലൊക്കെ മെസ്സേജ് ചെയ്യുമ്പോള്‍ ഹോസ്പിറ്റലിന്റെ ഫ്രണ്ടിലെ മരത്തില്‍ അതുവരെ സ്ഥിരം കലപില ഉണ്ടാക്കിക്കൊണ്ടിരുന്നു കിളികളില്‍ ഒന്നുപോലും ഇപ്പൊ ഇല്ലെന്നും വല്ലാത്തൊരു പേടിപ്പെടുത്തുന്ന സൈലന്‍സ് ഹോസ്പിറ്റലിനെ ചൂഴ്ന്നു നില്‍ക്കുന്നതായും അവള്‍ പറഞ്ഞിട്ടുണ്ട്.

ആ ദിവസങ്ങളിലെ അവളുടെ ഏറ്റവും വലിയ വീര്‍പ്പുമുട്ടല്‍ അതായിരുന്നു. മരണഭയം താളം കെട്ടിക്കിടക്കുന്ന പച്ചയും ചുകപ്പും വെളിച്ചം കലര്‍ന്ന് കിടക്കുന്ന ഇടനാഴികള്‍ ഇന്നലെ വൈറസില്‍ കണ്ടപ്പോ ഞാന്‍ അവള്‍ പറഞ്ഞതോര്‍ത്തു 

ഒരു നിശ്വാസം പോലും അവിടെ എവിടെയുമില്ല. ഹോസ്പിറ്റലിന് പുറത്ത് ബസ്സുകാരൊക്കെ സ്റ്റാഫുകളെ കയറ്റാതെ പോയിരുന്നതും കടകളില്‍നിന്നും മറ്റു പൊതു ഇടങ്ങളില്‍ നിന്നും അകറ്റി നിര്‍ത്തിയതിനെക്കുറിച്ചുമൊക്കെ അവഗണിച്ച് ഹോസ്പിറ്റലിനകത്ത് ഇതെല്ലാം അതിജീവിക്കുമെന്ന ഉറച്ച വിശ്വസത്തില്‍ ഒറ്റകുടുംബമായി പ്രവര്‍ത്തന നിരതമായി ജീവിച്ച അവളുടെ ആ ദിവസങ്ങളളെ ഇന്നലെ ഞാന്‍ മുന്നില്‍കണ്ടു. 

PPE (personal protective equipmentl)ന്റെ ഭാഗമായി ബ്രീത്ത് എടുക്കാന്‍ പോലും പ്രയാസമുള്ള N95 മാസ്‌കില്‍ ആയിരുന്നു ഫുള്‍ ടൈം അവരെല്ലാം ( അന്നവള്‍ അയച്ച പടമാണ് താഴെ കൊടുത്തിട്ടുള്ളത്)

വൈറസ് കണ്ടതിനുശേഷം ആദ്യം മെസ്സേജ് ചെയ്യുന്നതും അവള്‍ക്കാണ്. കൂടുതലായൊന്നുമില്ല. ഹാറ്റ്‌സ് ഓഫ്. അതിനവള്‍ തന്ന മറുപടി 'ഇനിയുണ്ടായാലും നമ്മള്‍ പൊരുതുക തന്നെ ചെയ്യും' എന്ന ധൈര്യത്തിന്റേതായിരുന്നു. കൂട്ടുകാരീ റെസ്‌പെക്ട് യു ഡിയര്‍ ,ലവ് യു.

വെളുത്ത ഉടുപ്പിട്ട മാലാഖമാരെന്നു വെറുതെ ഭംഗിക്ക് എഴുതേണ്ടതും പ്രസംഗിക്കേണ്ടതുമായ ഒരു കൂട്ടമല്ല ഇവരൊന്നും. അര്‍ഹിക്കുന്നത് നേടിയെടുക്കാന്‍ ഇവര്‍ക്കൊക്കെ സമരം ചെയ്യണ്ടി വരുന്നത് തന്നെ നാണക്കേടാണ് , ഇവരുടെ സങ്കടങ്ങളെ മാനിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ മരിച്ചുപോകുമ്പോള്‍ അനുശോചിച്ചിട്ടോ 

നെടുവീര്‍പ്പെട്ടിട്ടോ എന്ത് കാര്യം?

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com