വെളുപ്പിനെ ചന്ദനക്കുറിയൊക്കെ തൊട്ട് മോഹന്‍ലാല്‍ പുലിയെ പിടിക്കുന്നത് തിയറ്ററില്‍ പോയി കാണുന്നവരായി മലയാളി': അടൂര്‍ 

മലയാളികളുടെ ചലച്ചിത്രാസ്വാദന സംസ്കാരം താഴ്ന്നുപോയെന്നും അടൂര്‍ 
വെളുപ്പിനെ ചന്ദനക്കുറിയൊക്കെ തൊട്ട് മോഹന്‍ലാല്‍ പുലിയെ പിടിക്കുന്നത് തിയറ്ററില്‍ പോയി കാണുന്നവരായി മലയാളി': അടൂര്‍ 

ഡിജിറ്റൽ ടെക്നോളജി വന്ന ശേഷം വഴിയിലൂടെ പോകുന്നവർ പോലും സിനിമ എടുക്കുകയാണെന്ന് തുറന്നടിച്ച്  പ്രമുഖ സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ. മലയാളികളുടെ ചലച്ചിത്രാസ്വാദന സംസ്കാരം താഴ്ന്നുപോയെന്നും അദ്ദേഹം പറഞ്ഞു. 

"മോഹൻലാൽ പുലിയെ പിടിക്കാൻ പോകുന്ന സിനിമ ചന്ദനക്കുറിയൊക്കെ ഇട്ട് വെളുപ്പിനെ തന്നെ തിയറ്ററിൽ പോയി കാണുന്നവരായി മാറിയിരിക്കുന്നു മലയാളി പ്രേക്ഷകർ. ബിഎയും എംഎയുമൊക്കെ നേടിയ അഭ്യസ്ത വിദ്യരായ ആളുകളും അധ്യാപകരുമൊക്ക ഇക്കൂട്ടത്തിലുണ്ട്. സിനിമയോടുള്ള ഈ സമീപനം അപമാനകരമാണ്. ഇന്നും ഇന്നലെയുമൊക്കെ ഭേദപ്പെട്ട മികച്ച സിനിമകൾ മലയാളത്തിൽ ഉണ്ടായിട്ടുണ്ട്. അതൊക്കെ വിസ്മരിച്ചുകൊണ്ടാണ് ഇത്തരം ആഘോഷങ്ങൾ മലയാളസിനിമയിൽ നടക്കുന്നത്", അടൂർ പറഞ്ഞു. 

ചലച്ചിത്രകലയുടെ സാങ്കേതികവിദ്യകളോ സൗന്ദര്യാത്മകതയോ അറിയാതെയും  ഇന്ത്യയിലെയും ലോകത്തെയും മികച്ച സിനിമകൾ കാണാതെയും ഒരു തരത്തിലുള്ള അറിവുകളും സമ്പാദിക്കാതെയുമാണ് ഇക്കാലത്തെ സിനിമാപിടിത്തമെന്നും അദ്ദേഹം ആരോപിക്കുന്നു. "സിനിമ എടുക്കാമെന്നല്ലാതെ ഇതു കാണാൻ ആളുണ്ടാവില്ല എന്നതാണു ഫലം. ആരും കാണാൻ വന്നില്ലെങ്കിലുള്ള ആക്ഷേപം കാണികൾക്കു നിലവാരം ഇല്ലെന്നായിരിക്കും. അല്ലെങ്കിൽ ആർട് ഫിലിം എന്ന് അധിക്ഷേപിക്കും. കലാപരമായ സിനിമ എടുക്കുന്നവരെ ആക്ഷേപിക്കുന്ന നിലപാടാണ് ഇത്", അദ്ദേഹം പറഞ്ഞു. 

സ്കൂൾ വിദ്യാർത്ഥികൾ സിനിമ എടുക്കുന്നതിനോടുള്ള വിയോജിപ്പും അടൂർ പ്രകടിപ്പിച്ചു. കുട്ടികളുടെ താത്പര്യത്തെക്കാൾ അധ്യാപകരുടെ നിർബന്ധ ബുദ്ധിയാണ് ഇതിന് പിന്നിലെന്നും ഇത് കുട്ടികളുടെ ഭാവി ഇല്ലാതാക്കുമെന്നും അ​ദ്ദേഹം അഭിപ്രായപ്പെട്ടു. ഈ പ്രായത്തിൽ കൂട്ടികൾ പുസ്തകങ്ങൾ വായിച്ചും സിനിമകൾ കണ്ടും വളരുകയാണു വേണ്ടതെന്നും അടൂർ പറഞ്ഞു.

കോളജ് വിദ്യാഭ്യാസ വകുപ്പും ചലച്ചിത്ര അക്കാദമിയും സിഡിറ്റും വിമൻസ് കോളജ് മലയാള വിഭാഗവും സംഘടിപ്പിച്ച ഏഴു ദിവസത്തെ ചലച്ചിത്ര സെമിനാർ വഴുതക്കാട് വിമൻസ് കോളജിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.   

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com