പുറത്തിറങ്ങാനാവില്ലെന്ന് തോന്നി, ജയിലില്‍ ഇരുന്നു കരഞ്ഞു; ഖത്തറിൽ വച്ചുണ്ടായ ചതിയുടെ കഥ പറഞ്ഞ് അശോകന്‍; വിഡിയോ

സിനിമയില്‍ നിറഞ്ഞു നില്‍ക്കുന്ന സമയത്താണ് അദ്ദേഹം അറസ്റ്റിലാകുന്നത്
അശോകൻ/ ഫേയ്സ്ബുക്ക്
അശോകൻ/ ഫേയ്സ്ബുക്ക്


ടന്‍ അശോകന് മയക്കുമരുന്ന് കടത്തുസംഘവുമായി ബന്ധമുണ്ടെന്ന് തെറ്റിദ്ധരിച്ച് ഖത്തര്‍ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. 1988 ലായിരുന്നു സംഭവം. സിനിമയില്‍ നിറഞ്ഞു നില്‍ക്കുന്ന സമയത്താണ് അദ്ദേഹം അറസ്റ്റിലാകുന്നത്. ജീവിതത്തില്‍ ഒരിക്കലും മറക്കാത്ത അനുഭവത്തെക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് അശോകന്‍. തന്റെ യൂട്യൂബ് ചാനലിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം. ഒരു സിനിമയിലെ അഭിനയമാണ് താരത്തെ ജയിലില്‍ ആക്കിയത്. 

താരത്തിന്റെ വാക്കുകള്‍

ഒരു സുഹൃത്തിനെ സന്ദര്‍ശിക്കാനാണ് താന്‍ അന്ന് ഖത്തറില്‍ പോയത്. അദ്ദേഹത്തിന്റെ വീട്ടിലെ വിരുന്നിന് ശേഷം ഞാനും എന്റെ മറ്റൊരു സുഹൃത്തും ഹോട്ടലിലേക്ക് തിരിച്ചു. ഹോട്ടല്‍ മുറിയില്‍ കയറാന്‍ വേണ്ടി താക്കോല്‍ ഉപയോഗിച്ച് തുറക്കാന്‍ ശ്രമിച്ചപ്പോള്‍ പൂട്ട് തുറന്നില്ല. അപ്പോള്‍ ഞങ്ങളെ സഹായിക്കാന്‍ മൂന്ന് നാല് അറബികള്‍ വന്നു. അവര്‍ പൂട്ടു തുറക്കുകയും അകത്തു കയറുകയും വാതില്‍ കുറ്റിയിടുകയും ചെയ്തു. ഞങ്ങള്‍ വല്ലാതെ ഭയന്നുപോയി. അവര്‍ മുറി മുഴുവന്‍ പരിശോധിച്ചു. എന്റെ ബാഗും അലമാരയുമെല്ലാം വിശദമായി തിരഞ്ഞു. പിന്നീടാണ് മനസ്സിലായത് അവര്‍ ഡിറ്റക്ടീവുകളായിരുന്നു. 

പിന്നീട് അവര്‍ എന്നെ നേരേ കൂട്ടിക്കൊണ്ടുപോയത് ഖത്തറിലെ പോലീസ് സ്‌റ്റേഷനിലേക്കാണ്. അവരുടെ മേലുദ്യോഗസ്ഥന് മുന്നില്‍ എന്നെ ഹാജരാക്കി, അവര്‍ പരസ്പരം എന്തൊക്കേയോ അറബിയില്‍ പറയുന്നത് കേട്ടു. എന്റെ സുഹൃത്തിനെ അതിനിടെ ഒരു പോലീസ് ഉദ്യോഗസ്ഥന്‍ കൂട്ടിക്കൊണ്ടുപോയി. അയാള്‍ തിരിച്ചെത്തിയപ്പോള്‍ മുഖമെല്ലാം വല്ലാതെ ചുവന്നിരിക്കുന്നു. അയാളെ അവര്‍ അടിച്ചുവെന്നാണ് പറഞ്ഞത്. അതിന് ശേഷം ഞങ്ങളെ ഒരു ജയിലില്‍ കൊണ്ടുപോയി ഞങ്ങളെ വെവ്വേറെ സെല്ലിന്‍ പൂട്ടി. എനിക്കൊപ്പം രണ്ട് പാകിസ്താനി തടവുകാരാണ് ഉണ്ടായിരുന്നത്. ജീവിതം അവസാനിച്ചുവെന്ന് കരുതി ഞാന്‍ കരഞ്ഞു. എന്നാല്‍ എനിക്കൊപ്പം ഉണ്ടായിരുന്ന തടവുകാര്‍ എന്നെ ആശ്വസിപ്പിച്ചു

ഓരോ സെല്ലിന്റെ മുന്നില്‍ ആറടി പൊക്കമുള്ള സുഡാനി പൊലീസാണ്. അതിനിടെ എന്റെ സ്വര്‍ണമാലയും മോതിരവുമെല്ലാം അവര്‍ വാങ്ങിവച്ചു. ജീവിതത്തില്‍ ഇനി ഇറങ്ങാനാവില്ലെന്ന് എനിക്ക് തോന്നി. എന്റെ സ്‌പോണ്‍സറുമായി ബന്ധപ്പെടാന്‍ സാധിക്കുമായിരുന്നില്ല.  ജയിലില്‍ കിടന്നു കരയുക എന്നല്ലാതെ എനിക്ക് മാര്‍ഗമൊന്നുമുണ്ടായിരുന്നില്ല. രാവിലെയായപ്പോള്‍ ഭിത്തിയില്‍ എഴുതിയിരിക്കുന്നത് കണ്ട്. മുന്‍പേ ഏതോ മലയാളികള്‍ കിടന്നിട്ടുണ്ട്. അവര്‍ കുടുംബത്തെക്കുറിച്ച് മലയാളത്തില്‍ എഴുതിയിട്ടുണ്ടായിരുന്നു. പിറ്റേ ദിവസം രാവിലെ പത്ത് മണിക്ക് എന്റെ സ്‌പോണ്‍സര്‍ സെല്ലിന്റെ അടുത്തുവന്നു. അവര്‍ എന്നോട് യുവര്‍ ഫ്രണ്ട് അമിതാഭ് ബച്ചന്‍ എന്ന് പറഞ്ഞു. അപ്പോള്‍ ഞാന്‍ യെസ് പറഞ്ഞു. മറ്റൊരാള്‍ വന്നു ചോദിച്ചു യുവര്‍ ഫ്രണ്ട് കമല്‍ ഹാസന്‍ എന്നു ചോദിച്ചു. എങ്ങനെയെങ്കിലും രക്ഷപ്പെട്ടാല്‍ മതി എന്നായിരുന്നു എനിക്ക്. അതിനാല്‍ യെസ് എന്നു പറഞ്ഞു. അപ്പോള്‍ മലയാളിയായ അസീസ് എന്നൊരാള്‍ ഭക്ഷണം എന്തുവേണമെന്ന് അറിയാന്‍ വന്നു. അദ്ദേഹത്തിന് എന്നെ മനസിലായി. അശോകൻ ചേട്ടൻ അല്ലേ എന്നു ചോദിച്ചു. ഞാൻ നടന്നതെല്ലാം പറഞ്ഞു. താൻ അന്വേഷിച്ചിട്ടു പറയാമെന്നും എന്തുവേണമെങ്കിലും കൊണ്ടുവന്നുതരാമെന്നും അദ്ദേഹം വ്യക്തമാക്കി.  

ഞാന്‍ ഡ്രഗ് അഡിക്റ്റായ സിനിമയുണ്ടായിരുന്നു. അതിന്റെ സ്റ്റില്‍സ് എടുത്തു ആരോ ഇവര്‍ക്ക് അയച്ചുകൊടുത്തു. ഞങ്ങള്‍ മയക്കുമരുന്ന് കടത്തുകാരാണെന്ന് കരുതിയാണ് അവര്‍ പിടിച്ചത്. പുറത്തിറങ്ങാന്‍ സഹായിച്ചതും മറ്റാരു സിനിമയാണ്. അടൂര്‍ ഗോപാലകൃഷ്ണന്‍ സംവിധാനം ചെയ്ത അനന്തരം എന്ന സിനിമയിലും ഞാന്‍ ഡ്രഗ് അഡിക്റ്റായാണ് എത്തിയത്. ഈ ചിത്രത്തെക്കുറിച്ചുള്ള ഒരു കുറിപ്പ് അവിടത്തെ പത്രത്തില്‍ വന്നിരുന്നു. ഇത് എന്റെ സ്‌പോണ്‍സര്‍ പൊലീസിനെ കാണിച്ചു. സിനിമ അകത്തുകയറ്റി അതുപോലെ സിനിമ പുറത്തിറക്കുകയും ചെയ്തു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com