'ദര്‍ബാര്‍ ചതിച്ചു'; രജനി നഷ്ടപരിഹാരം നല്‍കണം; ആവശ്യവുമായി വിതരണക്കാര്‍

'ദര്‍ബാര്‍ ചതിച്ചു'; രജനി നഷ്ടപരിഹാരം നല്‍കണം; ആവശ്യവുമായി വിതരണക്കാര്‍

മുന്‍പ് തന്റെ സിനിമകള്‍ക്ക് പ്രതീക്ഷിച്ച വിജയം നേടാനാവാതെ നഷ്ടം സംഭവിച്ചപ്പോള്‍ രജനീകാന്ത് വിതരണക്കാര്‍ക്ക് പണം തിരികെ നല്‍കിയിരുന്നു

ചെന്നൈ: ഏറെ പ്രതീക്ഷകളോടെയാണ് സൂപ്പര്‍സ്റ്റാര്‍ രജനീകാന്തും സംവിധായകന്‍ എ ആര്‍ മുരുകദോസും കൈകകോര്‍ത്തത്. ഇരുവരുടെയും ആദ്യചിത്രമായ ദര്‍ബാര്‍ നാലായിരം തീയേറ്ററുകളിലാണ് റിലീസ് ചെയ്തത്. എന്നാല്‍ ചിത്രം സാമ്പത്തിക നേട്ടമുണ്ടാക്കിയില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതുവഴി വന്‍ സാമ്പത്തിക നഷ്ടം ഉണ്ടായതായി വിതരണക്കാര്‍ പറയുന്നു.  തങ്ങളുടെ നഷ്ടം നികത്താന്‍ രജനീകാന്തിനോട് ആവശ്യപ്പെടാനാണ് വിതരണക്കാരുടെ പദ്ധതി.

ലൈക്ക പ്രൊഡക്ഷന്‍സ് ആയിരുന്നു ചിത്രത്തിന്റെ നിര്‍മാതാക്കള്‍.നിലവില്‍ 'ദര്‍ബാറി'ന്റെ മൊത്തം നഷ്ടം എത്രയെന്ന് കൃത്യമായ റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിട്ടില്ല. സിനിമയുടെ ബോക്‌സ് ഓഫീസ് പരാജയത്തില്‍ അസ്വസ്ഥരായ വിതരണക്കാര്‍ നഷ്ടം വിവരിക്കുന്ന ഒരു കത്ത് തയ്യാറാക്കി, രജനീകാന്തിന് സമര്‍പ്പിച്ചതായാണ് വിതരണക്കാരുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ പറയുന്നത്. 'സാധാരണഗതിയില്‍ നഷ്ടം 10 മുതല്‍ 20 ശതമാനം വരെയാണെങ്കില്‍ വിതരണക്കാര്‍ മനസ്സിലാക്കാറുണ്ട്. എന്നാല്‍ നഷ്ടം ആ മാര്‍ജിനും കടന്നാല്‍ അവ കൈകാര്യം ചെയ്യാന്‍ ബുദ്ധിമുട്ടാണ്,' നിര്‍മ്മാതാവും വിതരണക്കാരനുമായ ജി ധനഞ്ജയന്‍ പറഞ്ഞതായി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

മുന്‍പ് തന്റെ സിനിമകള്‍ക്ക് പ്രതീക്ഷിച്ച വിജയം നേടാനാവാതെ നഷ്ടം സംഭവിച്ചപ്പോള്‍ രജനീകാന്ത് വിതരണക്കാര്‍ക്ക് പണം തിരികെ നല്‍കിയിരുന്നു. 2014ല്‍ പുറത്തിറങ്ങിയ ലിംഗ, 2002ല്‍ പുറത്തിറങ്ങിയ ബാബ എന്നീ സിനിമകള്‍ ബോക്‌സ് ഓഫീസില്‍ പരാജയമായപ്പോള്‍ രജനീകാന്ത് വിതരണക്കാര്‍ക്കും എക്‌സിബിറ്റര്‍മാര്‍ക്കും നഷ്ടപരിഹാരം നല്‍കിയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com