'ട്വന്റി 20' ക്ക് ശേഷം ഇതാ മറ്റൊരു താര ആഘോഷം, സൂപ്പർ താരങ്ങൾ ഒന്നിക്കുന്ന സിനിമ വരുന്നു, അമ്മയ്ക്കു വേണ്ടി

സിനിമ രം​ഗത്തെ കോവിഡ് പ്രതിസന്ധി രൂക്ഷമായി ബാധിച്ചതോടെയാണ് പണം സ്വരൂപിക്കാൻ ഇത്തരത്തിൽ ചിത്രം എടുക്കാൻ അമ്മ തീരുമാനിച്ചത്
'ട്വന്റി 20' ക്ക് ശേഷം ഇതാ മറ്റൊരു താര ആഘോഷം, സൂപ്പർ താരങ്ങൾ ഒന്നിക്കുന്ന സിനിമ വരുന്നു, അമ്മയ്ക്കു വേണ്ടി


ലയാളത്തിലെ സൂപ്പർതാരങ്ങളെ എല്ലാം ഉൾപ്പെടുത്തിക്കൊണ്ട് 12 വർഷം മുൻപ് പിറന്ന ട്വന്റി 20 ആരാധകർ ആഘോഷമാക്കിയിരുന്നു. ഇതാ വീണ്ടും ഒരു താര മാമാങ്കത്തിന് കളം ഒരുങ്ങുകയാണ്. മലയാളത്തിലെ സൂപ്പർതാരങ്ങളെ മുതൽ ചെറിയ നടന്മാർ വരെ ഉൾക്കൊള്ളിച്ചുകൊണ്ട് ചിത്രം ഒരുക്കാനുള്ള തയാറെടുപ്പിലാണ്  താരസംഘടനയായ അമ്മ. സംഘടനയുടെ ധനസമാഹരണത്തിന്റെ ഭാ​ഗമായാണ് നടപടി. 

ടികെ രാജീവ് കുമാർ സംവിധാനം ചെയ്യുന്ന ചിത്രം 2021 ൽ ആരാധകരിലേക്ക് എത്തിക്കാനാണ് തീരുമാനം. 2008 ലാണ് അമ്മയ്ക്കു വേണ്ടി ദിലീപ് ട്വന്റി 20 നിർമിക്കുന്നത്. പ്രായമായ അം​ഗങ്ങൾക്ക് പെൻഷൻ നൽകുന്നതിനുള്ള പണം സ്വരൂപിക്കാനായിരുന്നു ഇത്. ഇത് മികച്ച വിജയമായതോടെയാണ് സിനിമരം​ഗം പ്രതിസന്ധിയിലൂടെ കടന്നു പോകുന്ന സമയത്ത് പുതിയ സിനിമ ഒരുക്കാൻ അമ്മ തീരുമാനിച്ചിരിക്കുന്നത്. പ്രായമായ അം​ഗങ്ങൾക്ക് പെൻഷൻ നൽകുന്നതിനു വേണ്ടി തന്നെയാണ് ഈ ചിത്രവും ഒരുക്കുന്നത്. എന്നാൽ ട്വന്റി 20 പോലെ അമ്മയ്ക്കു വേണ്ടി ചിത്രം മറ്റാരെങ്കിലും നിർമിക്കുകയാണോ അതോ അമ്മ തന്നെ നിർമാണത്തിലേക്ക് ചുവടുവെക്കുമോ എന്ന കാര്യത്തിൽ വ്യക്തതയില്ല. 

സിനിമ മേഖലയിലെ പ്രമുഖനാണ് വിവരം പുറത്തുവിട്ടത്. രാജീവ് കുമാറായിരിക്കും സിനിമ സംവിധാനം ചെയ്യുക എന്ന കാര്യത്തിൽ തീരുമാനമായിട്ടുണ്ട്. വലിയ താരനിരയെ ഉൾക്കൊള്ളിക്കാൻ കഴിയുന്ന തിരക്കഥ അദ്ദേഹത്തിന്റെ കയ്യിലുണ്ടെന്നും പേരു വെളിപ്പെടുത്താനാ​ഗ്രഹിക്കാത്ത വ്യക്തി ഐഎഎൻഎസിനോട് പറഞ്ഞു. 'ട്വന്റി 20 പോലെ അമ്മയിലെ അം​ഗങ്ങളെല്ലാം ചിത്രത്തിന്റെ ഭാ​ഗമാകും. 2008 ൽ ഒരു അമ്മ അം​ഗം പോലും ചിത്രത്തിൽ അഭിനയിച്ചതിന് പ്രതിഫലം വാങ്ങിയില്ല. ഇത്തവണയും അങ്ങനെയായിരിക്കും.' 

മമ്മൂട്ടിയും മോഹൻലാലും ഉൾപ്പെടുന്ന വമ്പൻ താരനിര ഒന്നിച്ച ട്വന്റി 20യ്ക്ക് മികച്ച വരവേൽപ്പാണ് ആരാധകർ നൽകിയത്. ബോക്സ് ഓഫിസിൽ സൂപ്പർഹിറ്റായ ചിത്രം 30 കോടി രൂപയാണ് നേടിയത്. സിനിമ രം​ഗത്തെ കോവിഡ് പ്രതിസന്ധി രൂക്ഷമായി ബാധിച്ചതോടെയാണ് പണം സ്വരൂപിക്കാൻ ഇത്തരത്തിൽ ചിത്രം എടുക്കാൻ അമ്മ തീരുമാനിച്ചത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com