'അടുത്ത തവണ കുറച്ചുകൂടി ഇറക്കം കുറഞ്ഞ വസ്ത്രം വാങ്ങിത്തരാം', കമന്റുകൾ വായിച്ചു കേൾപ്പിച്ചപ്പോൾ അച്ഛൻ പറഞ്ഞു; അനശ്വര

മോശം കമന്റിട്ടവരുടെ കണ്ണിനാണ് കുഴപ്പമെന്നും അവരെയാണ് ബോധവത്കരിക്കേണ്ടതെന്നുമാണ് അനശ്വര പറയുന്നത്
'അടുത്ത തവണ കുറച്ചുകൂടി ഇറക്കം കുറഞ്ഞ വസ്ത്രം വാങ്ങിത്തരാം', കമന്റുകൾ വായിച്ചു കേൾപ്പിച്ചപ്പോൾ അച്ഛൻ പറഞ്ഞു; അനശ്വര

റക്കം കുറഞ്ഞ വസ്ത്രം ധരിച്ചതിന് നടി അനശ്വര രാജന് നേര രൂക്ഷമായ സൈബർ ആക്രമണമാണ് ഉണ്ടായത്. എന്നാൽ വിമർശകർക്കുള്ള മറുപടിയായി അതേ വസ്ത്രത്തിലുള്ള കൂടുതൽ ചിത്രങ്ങൾ പങ്കുവെക്കുകയാണ് താരം ചെയ്തത്. ചെറിയ വസ്ത്രം ധരിച്ചത് വിവാദമായതോടെ  അടുത്ത തവണ കുറച്ചുകൂടി ഇറക്കം കുറഞ്ഞ വസ്ത്രം വാങ്ങിത്തരാമെന്നാണ് അച്ഛൻ പറഞ്ഞത് എന്നാണ് താരം പറയുന്നത്. ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് താരം വിവാദത്തെക്കുറിച്ചും അച്ഛന്റെ പ്രതികരണത്തെക്കുറിച്ചും പറഞ്ഞത്.

മോശം കമന്റിട്ടവരുടെ കണ്ണിനാണ് കുഴപ്പമെന്നും അവരെയാണ് ബോധവത്കരിക്കേണ്ടതെന്നുമാണ് അനശ്വര പറയുന്നത്. 'തന്റ മാതാപിതാക്കള്‍, കുടുംബം, അയല്‍ക്കാര്‍, സഹപാഠികള്‍ ഇവർക്കൊന്നും യാതൊരു പ്രശ്നവുമില്ല. ചില കമന്റുകള്‍ ഞാന്‍ അച്ഛനെ വായിച്ചു കേള്‍പ്പിച്ചു. അടുത്ത തവണ കുറച്ചു കൂടി ഇറക്കം കുറഞ്ഞ വസ്ത്രം വാങ്ങി തരാമെന്നാണ് അച്ഛന്‍ പറഞ്ഞത്'– അനശ്വര പറഞ്ഞു.

ഫോട്ടോഗ്രാഫര്‍ ചിത്രങ്ങള്‍ അയച്ചു തന്നപ്പോള്‍ തനിക്ക് അത് ഒത്തിരി ഇഷ്ടപ്പെട്ടതിനാലാണ് സോഷ്യല്‍ മീഡിയയില്‍ അത് പങ്ക് വെച്ചത്. കുറച്ചു കമന്റുകള്‍ വായിച്ചപ്പോള്‍ അവരുടെ മാനസികാവസ്ഥ എനിക്ക് മനസിലായിരുന്നു. ആദ്യം അവഗണിക്കാന്‍ തീരുമാനിച്ചതായിരുന്നു, അത് ശരിയാവില്ലെന്ന് പിന്നീടാണ് മനസ്സിലായത്. കാര്യങ്ങള്‍ കൈവിട്ടുപോകുമെന്ന് മനസ്സിലായപ്പോഴാണ് ഞാന്‍ പ്രതികരിക്കുവാന്‍ തീരുമാനിച്ചത്.

വിവാദം തന്നെ വൈകാരികമായി ബാധിച്ചില്ലെന്നും പക്ഷേ നമ്മള്‍ ഇപ്പോഴും ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും പുരോഗമന കേരളത്തിലാണോ എന്ന് ആലോചിച്ചുപോയെന്നും അനശ്വര പറയുന്നു.‘എന്റെ ഫോട്ടോകളില്‍ അഭിപ്രായമിട്ടവരുടെ സഹോദരിമാരെയും അയല്‍വാസികളെയും കുറിച്ച് ഞാന്‍ ചിന്തിച്ചു. അവര്‍ ഇഷ്ടപ്പെടുന്ന വസ്ത്രങ്ങള്‍ ധരിക്കാന്‍ അവര്‍ ആഗ്രഹിക്കുന്നില്ലേ? സംസ്‌കാരത്തിന്റെയും ധാര്‍മ്മികതയുടെയും പേരില്‍ ഈ ആളുകള്‍ അവരെ അടിച്ചമര്‍ത്തില്ലേ? എന്നെപ്പോലുള്ള എല്ലാ പെണ്‍കുട്ടികള്‍ക്കും വേണ്ടിയാണ് ഞാന്‍ മറുപടി നല്‍കിയത്.’ അനശ്വര പറഞ്ഞു.

18ാം പിറന്നാളിന് പിന്നാലെയാണ് താരം ഷോർട്സ് അണിഞ്ഞുകൊണ്ടുള്ള ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. തുടർന്ന് അശ്ലീല കമന്റുകളും ചീത്തവിളികളും നിറഞ്ഞതോടെ മറുപടിയുമായി താരം എത്തിയത്. ‘ഞാൻ എന്തു ചെയ്യുന്നുവെന്ന് ഓർത്ത് നിങ്ങൾ ആശങ്കപ്പെടേണ്ട കാര്യമില്ല. എന്റെ പ്രവൃത്തികൾ നിങ്ങളെ അസ്വസ്ഥരാക്കുന്നത് എന്തിനെന്നോർത്ത് നിങ്ങൾ ആശങ്കപ്പെടുക- എന്നായിരുന്നു അനശ്വരയുടെ പ്രതികരണം. ഇതോടെ സിനിമ മേഖലയിലെ നിരവധി താരങ്ങളാണ് അനശ്വരയ്ക്ക് പിന്തുണയുമായി എത്തിയത്. സ്ത്രീകൾക്ക് കാലുകളുണ്ട് എന്ന് പറഞ്ഞുകൊണ്ട് നിരവധി താരങ്ങൾ ചെറിയ വസ്ത്രം ധരിച്ചുകൊണ്ടുള്ള ചിത്രം പങ്കുവെച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com