'മൂന്ന് വർഷം മുൻപ് എനിക്ക്  അത് സംഭവിച്ചതാണ്, നിങ്ങൾക്കും ഈ മാറ്റമുണ്ടാകും'; സഹതാരങ്ങളെ തേടി ഐശ്വര്യ ലക്ഷ്മി 

നവാഗതനായ അഖിൽ അനിൽകുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലേക്ക് സഹതാരങ്ങളെ തേടുകയാണെന്ന വിവരമാണ് ഐശ്വര്യ പങ്കുവച്ചിരിക്കുന്നത്
'മൂന്ന് വർഷം മുൻപ് എനിക്ക്  അത് സംഭവിച്ചതാണ്, നിങ്ങൾക്കും ഈ മാറ്റമുണ്ടാകും'; സഹതാരങ്ങളെ തേടി ഐശ്വര്യ ലക്ഷ്മി 

ചുരുങ്ങിയ കാലം കൊണ്ടുതന്നെ മലയാളത്തിലെ ഭാ​ഗ്യനായിക എന്ന വിശേഷണം സ്വന്തമാക്കിയ നടിയാണ് ഐശ്വര്യ ലക്ഷ്മി. അഭിനയിച്ച ചിത്രങ്ങളെല്ലാം തിയറ്ററുകളിൽ മികച്ച വിജയം നേടിയതാണ് ഈ വിശേഷണത്തിന് കാരണം. ഇപ്പോഴിതാ പുതിയ ചിത്രത്തിന്റെചില വിശേഷങ്ങളുമായാണ് താരം എത്തിയിരിക്കുന്നത്.

മാർട്ടിൻ പ്രകാട്ട് ഫിലിംസിൻ്റെ ബാനറിൽ നവാഗതനായ അഖിൽ അനിൽകുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലേക്ക് സഹതാരങ്ങളെ തേടുകയാണെന്ന വിവരമാണ് ഐശ്വര്യ പങ്കുവച്ചിരിക്കുന്നത്. ഐശ്വര്യയാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. "എൻ്റെ അടുത്ത ചിത്രം മികച്ച ടീമിനൊപ്പമാണ്. ആ യാത്രയിൽ നിങ്ങളും ഒപ്പമുണ്ടാകണം എന്നാണ് ആ​ഗ്രഹം. ചിത്രം കൂടുതൽ മികച്ചതാക്കാൻ നിങ്ങളോരോരുത്തരുടെയും സാന്നിധ്യം വേണം", കാസ്റ്റിങ് കോൾ പോസ്റ്ററിനൊപ്പം ഐശ്വര്യ കുറിച്ചു.

അഞ്ചിനും പന്ത്രണ്ടിനും വയസ്സിന് ഇടയിലുള്ള ആൺകുട്ടികളെയും 16നും 24നും മധ്യേ പ്രായമുള്ള പെൺകുട്ടികളെയും 30നും 65നും മധ്യേ പ്രായമുള്ള പുരുഷന്മാരെയും 30നും 55നും മധ്യേ പ്രായമുള്ള സ്ത്രീകളെയുമാണ് സിനിമയിലേക്ക് ആവശ്യമുള്ളത്. താത്പര്യമുള്ളവര്‍ ബയോഡാറ്റയും എഡിറ്റ് ചെയ്യാത്തതും മേക്കപ്പ് ഉപയോഗിക്കാത്തതുമായ മൂന്ന് ചിത്രങ്ങളും സ്വയം പരിചയപ്പെടുത്തുന്ന വിഡിയോയും സഹിതം 31castingcall@gmail.com എന്ന മെയിൽ ഐഡിയിലേക്ക് ഫെബ്രുവരി 14ന് മുൻപായി അയക്കണം.

കാസ്റ്റിങ് കോൾ ജീവിതം മാറ്റിമറിക്കുമെന്ന് താൻ പറയുമ്പോൾ അത് തന്റെ ജീവിതത്തിൽ മൂന്ന് വർഷം മുൻപ് സംഭവിച്ചതാണെന്ന് താരം പറയുന്നു. ഇപ്പോൾ പങ്കുവച്ചിരിക്കുന്ന കാസ്റ്റിങ് കോൾ അത്തരത്തിൽ ഒന്നാകട്ടെ എന്നാ​ഗ്രഹിക്കുനെന്നും ഐശ്വര്യ കൂട്ടിച്ചേർത്തു. കൂടുതൽ വിവരങ്ങൾ പിന്നാലെ അറിയിക്കാമെന്നും ഇപ്പോ പറയൂല്ല സീക്രട്ടാണെന്നുമാണ് താരം കുറിച്ചിരിക്കുന്നത്.

പൃഥ്വിരാജ് നായകനായ ബ്രദേഴ്സ് ഡേ എന്ന ചിത്രമാണ് മലയാളത്തിൽ ഐശ്വര്യ അഭിനയിച്ച അവസാന ചിത്രം. നിലവിൽ രണ്ട് തമിഴ് സിനിമകളുടെ തിരക്കിലാണ് താരമിപ്പോൾ. ധനുഷ് നായകനാകുന്ന സുരുളി എന്ന് പേരിട്ടിരിക്കുന്ന ചിത്രവും മണിരത്നം സംവിധാനം ചെയ്യുന്ന പൊന്നിയിൻ സെൽവൻ എന്ന ചിത്രവുമാണ് അണിയറയിൽ ഒരുങ്ങുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com