'അവര്‍ക്ക് മികച്ച കഥാപാത്രങ്ങള്‍ നല്‍കും, നമ്മള്‍ വെറും പ്രദര്‍ശന വസ്തുവാകും'; സിനിമ വിടാനുള്ള കാരണം പറഞ്ഞ് സെലീന

നല്ല കഥാപാത്രങ്ങളും നല്ല സിനിമകളും എപ്പോഴും സിനിമകുടുംബങ്ങളില്‍ നിന്ന് വരുന്നവര്‍ക്കോ അല്ലെങ്കില്‍ അവരുടെ പാളയത്തുള്ളവര്‍ക്കോ ആയിരിക്കും
'അവര്‍ക്ക് മികച്ച കഥാപാത്രങ്ങള്‍ നല്‍കും, നമ്മള്‍ വെറും പ്രദര്‍ശന വസ്തുവാകും'; സിനിമ വിടാനുള്ള കാരണം പറഞ്ഞ് സെലീന

സുശാന്ത് സിങ് രാജ്പുത്തിന്റെ മരണത്തോടെ ബോളിവുഡില്‍ സ്വജനപക്ഷപാതം വലിയ രീതിയില്‍ ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്. പലരും തങ്ങള്‍ അനുഭവിക്കേണ്ടിവന്നിട്ടുള്ള വിവേചനങ്ങളെക്കുറിച്ച് തുറന്നു പറയുകയും ചെയ്തു. ഇപ്പോള്‍ ബോളിവുഡില്‍ നിന്ന് അനുഭവിക്കേണ്ടിവന്ന അവഗണനെക്കുറിച്ച് തുറന്നു പറയുകയാണ് നടി സെലീന ജെയ്റ്റ്‌ലി. സിനിമ കുടുംബത്തിന്റെ ഭാഗമല്ലാത്തവര്‍ക്ക് അധികം അവസരം ലഭിക്കില്ല എന്നാണ് സെലീന പറയുന്നത്. താന്‍ സിനിമ ഉപേക്ഷിക്കാനുണ്ടായ കാരണം അതാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. 

സിനിമയില്‍ അവസരം കിട്ടാന്‍ വേണ്ടി മറ്റുള്ളവരെ കഷ്ടപ്പെട്ട് തൃപ്തിപ്പെടുത്തേണ്ടതായി വരും. നല്ല കഥാപാത്രങ്ങളും നല്ല സിനിമകളും എപ്പോഴും സിനിമകുടുംബങ്ങളില്‍ നിന്ന് വരുന്നവര്‍ക്കോ അല്ലെങ്കില്‍ അവരുടെ പാളയത്തുള്ളവര്‍ക്കോ ആയിരിക്കും. പുറത്തുനിന്നുള്ളവരാണ് നിങ്ങളെങ്കില്‍ ഏറ്റവും മികച്ചതാണെന്ന് കാണിക്കാനായി കഷ്ടപ്പെടേണ്ടിവരും. എന്നാല്‍ ഒറു പരിധി കഴിയുമ്പോള്‍ അതിന് നിങ്ങള്‍ക്ക് കഴിയാതെയാവും. ഒന്നെങ്കില്‍ പരിഹാസങ്ങളെല്ലാം സഹിച്ച് നല്ല ഓഫറുകളൊന്നും ലഭിക്കാതെ നിങ്ങളൊരു പരാജയമാണെന്ന് ചിന്തിക്കാന്‍ തുടങ്ങും. അല്ലെങ്കില്‍ ജീവിതവുമായി മുന്നോട്ടുപോയി മറ്റു കാര്യങ്ങളെല്ലാം ചെയ്ത് മികച്ച ഒരാളായി തിരിച്ചുവരാം- സെലീന പറഞ്ഞു. 

സംവിധായകര്‍ തന്നെ ഒരു ഉപകരണമായിട്ടാണ് കണ്ടിരുന്നത്. എന്നാല്‍ ഒരു ഉപകരണമായി തുടരാന്‍ താന്‍ ആഗ്രഹിച്ചിരുന്നില്ല എന്നാണ് താരം പറയുന്നത്. തിരക്കഥ തരാന്‍ പോലും പലരും മടികാണിച്ചിരുന്നെന്നും അവര്‍ പറഞ്ഞു. തിരക്കഥ ചോദിച്ചാല്‍ വലിയ താരമാണെന്നാണ് അവളുടെ വിചാരം എന്നായിരിക്കും അവരുടെ പ്രതികരണം. അവസരങ്ങള്‍ മാത്രമല്ല പരാജയവും പുറത്തുള്ളവര്‍ക്ക് ദുഷ്‌കരമായിരിക്കും. വലിയ താരത്തിന്റെ മകനാണെങ്കില്‍ ചെയ്ത അഞ്ച് പടങ്ങള്‍ പൊട്ടിയാലും പിന്നീട് അവര്‍ക്ക് മികച്ച അണിയറ പ്രവര്‍ത്തകര്‍ക്കൊപ്പം അവസരം ലഭിച്ചുകൊണ്ടിരിക്കും. എന്നാല്‍ അവസാന ചിത്രം പരാജയപ്പെട്ടാന്‍ പിന്നീട് പുറത്തുള്ളവര്‍ക്ക് അവസരം കിട്ടില്ലെന്നുമാണ് താരം പറയുന്നത്. 

മിസ് ഇന്ത്യ കിരീടം സ്വന്തമാക്കിയതോടെയാണ് സെലീന സിനിമയിലേക്ക് എത്തുന്നത്. എന്നാല്‍ തുടര്‍ച്ചയായി ഗ്ലാമറസ് വേഷങ്ങള്‍ മാത്രം ലഭിക്കാന്‍ തുടങ്ങിയതോടെ അവര്‍ സിനിമ ഉപേക്ഷിക്കുകയായിരുന്നു. ഇപ്പോള്‍ സീസണ്‍സ് ഗ്രീറ്റിങ്‌സിലൂടെ തിരിച്ചുവന്നിരിക്കുകയാണ് താരം. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com