'കണ്ണടയ്ക്കുമ്പോൾ കാണുന്നത് നിങ്ങളുടെ ചിരിച്ച മുഖം മാത്രം, ഈ യാത്രാമൊഴി കഠിനം'; വാജിദ് ഖാന്റെ വേർപാടിൽ ശ്രേയ ഘോഷാൽ

വൃക്ക രോഗത്തെത്തുടര്‍ന്ന് മുംബൈയിലെ ആശുപത്രിയില്‍ ചികില്‍സയിലിരിക്കെയാണ് വാജിദ് ഖാൻ മരിക്കുന്നത്‌
'കണ്ണടയ്ക്കുമ്പോൾ കാണുന്നത് നിങ്ങളുടെ ചിരിച്ച മുഖം മാത്രം, ഈ യാത്രാമൊഴി കഠിനം'; വാജിദ് ഖാന്റെ വേർപാടിൽ ശ്രേയ ഘോഷാൽ

സം​ഗീത സംവിധായകനും ​ഗായകനുമായ വാജിദ് ഖാന്റെ അപ്രതീക്ഷിത വേർപാടിന്റെ ഞെട്ടലിലാണ് ബോളിവുഡ്. ഇപ്പോൾ ഹൃദയഭേദകമായ ഒരു കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് ​ഗായിക ശ്രേയ ഘോഷാൽ. വാജിദിന്റെ വേർപാട് വിശ്വസിക്കാനാവുന്നില്ല എന്നാണ് താരം കുറിച്ചത്. കണ്ണടച്ചാൽ നിങ്ങളുടെ ചിരിച്ച മുഖം മാത്രമാണ് ‌കാണുന്നതെന്ന് ശ്വേത ട്വിറ്ററിൽ കുറിച്ചു. വാജിദിനൊപ്പമുള്ള ചിത്രവും താരം പങ്കുവെച്ചു. 

"എനിക്ക് വിശ്വസിക്കാനാകുന്നില്ല, ഞാനിത് എഴുതുന്നുവെന്ന്. ഓരോ തവണ കണ്ണടയ്ക്കുമ്പോഴും എനിക്ക് നിങ്ങളുടെ ചിരിക്കുന്ന മുഖമാണ് കാണാനാവുന്നത് വാജിദ് ഭായ്, ഏത് സാഹചര്യത്തിലും നിങ്ങൾ നല്ലത് മാത്രമാണ് കണ്ടിരുന്നത്. സ്നേഹവും സന്തോഷവും കരുത്തും ചുററുമുള്ളവർക്ക് പകർന്നു നൽകി. ആദ്യം നിങ്ങളെ പരിചയപ്പെടുമ്പോൾ ഞാൻ ബോളിവുഡിൽ താരതമ്യേന പുതിയ ആളാണ്. പക്ഷേ നിങ്ങളെന്നെ ഒരു കുടുംബം പോലെ തോന്നിപ്പിച്ചു.. നിങ്ങളുടെ മനുഷ്യത്വം, അർപ്പണബോധം, മറ്റുള്ളവർക്ക് നന്മ ചെയ്യാനുള്ള ആ​ഗ്രഹം,എല്ലാം എന്നെ സ്വാധീനിച്ചിട്ടുണ്ട്. എല്ലാത്തിലുമുപരി അനു​ഗ്രഹീതനായ സം​ഗീത സംവിധായകനാണ് നിങ്ങൾ. 

ഓരോ തവണ നമ്മൾ സംസാരിക്കുമ്പോഴും നിങ്ങൾ പറയുമായിരുന്നു, നിങ്ങൾ ഒരുപാട് മനോഹര ​ഗാനങ്ങൾ ചിട്ടപ്പെടുത്തിയിട്ടുണ്ട്, സം​ഗീതത്തിന്റെ അവസാനിപ്പിക്കാൻ സാധിക്കാത്ത ശക്തിയാണ് നിങ്ങളെന്ന്. നിങ്ങൾ എവിടെയാണെങ്കിലും അവിടെ സമാധാനത്തോടെ ഇരിക്കാനാവട്ടെയെന്ന് ഞാൻ പ്രാർഥിക്കുന്നു. അദ്ദേഹത്തിന്റെ കുടുംബത്തിന് ദൈവം ശക്തി നൽകട്ടെ.. ഈ യാത്രാമൊഴി കഠിനമാണ്.  നിത്യശാന്തി നേരുന്നു വാജിദ് ഭായ്..."ശ്രേയ കുറിച്ചു. 

വൃക്ക രോഗത്തെത്തുടര്‍ന്ന് മുംബൈയിലെ ആശുപത്രിയില്‍ ചികില്‍സയിലിരിക്കെയാണ് വാജിദ് ഖാൻ മരിക്കുന്നത്‌. വൃക്ക മാറ്റിവച്ചശേഷം അണുബാധയെത്തുടര്‍ന്ന് ചികിത്സയിലായിരുന്ന വാജിദ് കഴിഞ്ഞ നാല് ദിവസമായി വെന്റിലേറ്ററിലായിരുന്നു. അതിനിടെ വാജിദിന് കോവിഡ് സ്ഥിരീകരിച്ചതായും റിപ്പോർട്ടുകളുണ്ട്. സഹോദരന്‍ സാജിദുമായി ചേര്‍ന്ന് നിരവധി സിനിമകളില്‍ സംഗീത സംവിധാനം ചെയ്തിട്ടുണ്ട്. വാണ്ടഡ്, ഏക്താ ടൈഗര്‍ ദബാങ് തുടങ്ങിയവ വാജിദ് സംഗീതമൊരുക്കിയ പ്രധാന ചിത്രങ്ങളില്‍പ്പെടുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com