'തടികുറയ്ക്കാൻ വയനാട്ടിൽ എത്തിയതാ, 19 ദിവസമായി ഇവിടെയാണ്'; ലോക്ക്ഡൗൺ കഴിയുന്നതുവരെ പുറത്തിറങ്ങില്ലെന്ന് ജോജു; വിഡിയോ

19 ദിവസമായി താൻ സി​ഗററ്റു വലിക്കുകയോ മദ്യപിക്കുകയോ ചെയ്യുന്നില്ലെന്നും താരം വ്യക്തമാക്കി
'തടികുറയ്ക്കാൻ വയനാട്ടിൽ എത്തിയതാ, 19 ദിവസമായി ഇവിടെയാണ്'; ലോക്ക്ഡൗൺ കഴിയുന്നതുവരെ പുറത്തിറങ്ങില്ലെന്ന് ജോജു; വിഡിയോ

കൊറോണയെ തുടർന്ന് ലോക്ക്ഡൗൺ പ്രഖ്യാപിച്ചതോടെ വയനാട്ടിൽ കുടുങ്ങിക്കിടക്കുകയാണ് നടൻ ജോജു ജോർജ്. 19 ദിവസമായി താൻ വയനാട് കുടുങ്ങിക്കിടക്കുകയാണെന്നും ലോക്ക്ഡൗൺ കഴിയുന്നതുവരെ പുറത്തിറങ്ങില്ലെന്നുമാണ് താരം പറയയുന്നത്. ഫേയ്സ്ബുക്കിൽ പങ്കുവെച്ച വിഡിയോയിലൂടെയായിരുന്നു ജോജു ലോക്ക്ഡൗൺ അനുഭവം പങ്കുവെച്ചത്. തടി കുറക്കുന്നതിനുള്ള ചികിത്സക്കായാണ് താരം വയനാട്ടിലുള്ള ആയുർവേദ കേന്ദ്രത്തിൽ എത്തിയത്. ഈ സമയത്ത് സുഹൃത്തുക്കളേയും പിണക്കമുള്ളവരെയുമെല്ലാം ഫോണിൽ വിളിച്ച് സമാധാനിപ്പിക്കണം എന്നാണ് താരം പറയുന്നത്. 19 ദിവസമായി താൻ സി​ഗററ്റു വലിക്കുകയോ മദ്യപിക്കുകയോ ചെയ്യുന്നില്ലെന്നും താരം വ്യക്തമാക്കി. ഇത് ലഭിക്കാത്തതിനെ തുടർന്ന് മാനസികബുദ്ധിമുട്ട് നേരിടുന്നവരെ ചേർത്തുനിർത്തണമെന്നും താരം പറഞ്ഞു. ‌‌

ജോജുവിന്റെ വാക്കുകൾ ഇങ്ങനെ

കഴിഞ്ഞ പത്തൊൻപത് ദിവസമായി ഞാൻ വയനാട്ടിലാണ്. കൊറോണ വിഷയം തുടങ്ങുന്നതിനു മുമ്പേ ഇവിടെയൊരു ആയുർവേദ കേന്ദ്രത്തിൽ എത്തിയതാണ്. തടികുറയുന്നതുമായി ബന്ധപ്പെട്ട ചികിത്സയ്ക്കാണ് വന്നത്. അതിനു ശേഷമാണ് ലോക്ഡൗൺ ഉണ്ടാകുന്നത്. ഞാൻ ഇവിടെ നിന്നു ഇതുവരെ പുറത്തിറങ്ങിയിട്ടില്ല. സർക്കാർ പറയുന്നതുവരെ ലോക്ഡൗൺ കാലവധി കഴിയുന്നതുവരെ ഇവിടെ തുടരാനാണ് തീരുമാനം. ഇതിനിടെ എന്റെ സുഹൃത്തുക്കളെയും ഞാൻ വിളിക്കുകയും അവർ എന്നെ വിളിക്കുകയും ചെയ്യുന്നുണ്ട്. ഈ സമയത്ത് ചെയ്യേണ്ട ഏറ്റവും വലിയ കാര്യം ഇതാണ്. നമുക്ക് പരിചയമുള്ളവരെയും സ്നേഹമുള്ളവരെയും പിണക്കമുള്ളവരെയും വിളിക്കണം, അവരെ ആശ്വസിപ്പിക്കണം. ഈ സമയത്ത് പതറിപ്പോവാതിരിക്കാൻ ഒറ്റക്കെട്ടായി നേരിടണം. 

ഈ പത്തൊൻപത് ദിവസമായി സിഗരറ്റ് വലിയോ കള്ളുകുടിയോ ഒന്നുമില്ല. ഇതിനെ തുടർന്ന് ബുദ്ധിമുട്ട് അനുഭവിക്കുന്നവർ നിരവധി പേരുണ്ട്, അങ്ങനെ ഡിപ്രഷനിൽ ഇരിക്കുന്ന മറ്റ് ആളുകളെ അവരുടെ സുഹൃത്തുക്കള്‍ വിഡിയോ കോളോ മറ്റോ ചെയ്ത് അവരെ പിന്തുണയ്ക്കണം. ഇന്ത്യയ്ക്ക് പുറത്തുനിന്നു വരുന്നവരോടും സ്നേഹത്തോടു കൂടി പെരുമാറാൻ നമുക്ക് കഴിയണം. ഈ അസുഖം വന്നതിന്റെ പേരിൽ അവരെ കുറ്റപ്പെടുത്താൻ പാടില്ല.‌ ഇത് കാലം തീരുമാനിച്ചതാണ്. എല്ലാത്തിനും ഓരോ ഉദ്ദേശമുണ്ട്. വല്ലാത്തൊരു അവസ്ഥയിലൂടെയാണ് നമ്മുടെ നാട് മുന്നോട്ടുപോകുന്നത്. നമ്മളെല്ലാവരും ഒന്നിച്ച് നിൽക്കേണ്ട സമയം. സർക്കാർ പറയുന്ന തീരുമാനങ്ങൾ കേട്ട് അതനുസരിച്ച് പ്രവർത്തിക്കണം. ഇത് നമുക്ക് വേണ്ടി എടുക്കുന്ന തീരുമാനങ്ങളാണ്. എല്ലാവരും ഒരുമിച്ച് നിൽക്കുക. ഈ സമയവും കടന്നുപോകും.’

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com