ലോക്ക്ഡൗണിനിടെ പൊലീസ് കണ്ടെത്തിയ കുട്ടിത്താരത്തിന് മോഹൻലാലിന്റെ വിളിയെത്തി; പഠനചെലവ് ഏറ്റെടുത്തു

ഒരിക്കലും മറക്കാനാവാത്ത ദിവസവും സന്തോഷവുമാണ് ലാലേട്ടൻ തനിക്കു സമ്മാനിച്ചതെന്നാണ് വിനയ് പറയുന്നത്
ലോക്ക്ഡൗണിനിടെ പൊലീസ് കണ്ടെത്തിയ കുട്ടിത്താരത്തിന് മോഹൻലാലിന്റെ വിളിയെത്തി; പഠനചെലവ് ഏറ്റെടുത്തു

ലോക്ക്ഡൗണിനിടെയാണ് വിനയ് എന്ന തൃശൂർ സ്വദേശിയെക്കുറിച്ച് വാർത്തകൾ വരുന്നത്. സാമൂഹിക അടുക്കളയിൽ നിന്നുള്ള ഭക്ഷണം വാങ്ങാൻ പോകുന്നതിനിടെ പിടിച്ചുനിർത്തിയ പൊലീസുകാരാണ് വിനയിന്റെ ജീവിതം നാടിനെ അറിയിച്ചത്. ഒന്നാം ക്ലാസിൽ മാതാപിതാക്കളെ നഷ്ടപ്പെട്ടതോടെ ബന്ധുവിനൊപ്പവും അനാഥാലയത്തിലുമായി വളർന്ന അവന്റെ ജീവിതം സിനിമയെ വെല്ലുന്നതായിരുന്നു. അതിനിടെ തലയിൽ കയറിയ സിനിമപ്രേമം വിനയിനെ മുംബൈയിൽ എത്തിച്ചു. കുറച്ചു സിനിമകളിൽ മുഖം കാണിച്ചെങ്കിലും  വിദ്യാഭ്യാസമാണ് ഏറ്റവും വലുതെന്ന് മനസിലാക്കി മുടങ്ങിപ്പോയ പഠനം തുടരുകയാണ് വിനയ്. പലജോലികളുമെടുത്ത് ജീവിതം മുന്നോട്ടു കൊണ്ടുപോകുന്നതിനിടെ പ്രഖ്യാപിച്ച ലോക്ക്ഡൗൺ അവന് വലിയ തിരിച്ചടിയായിരുന്നു.

ഇപ്പോൾ വിനയിനെ തേടി ഏറ്റവും വലിയ സമ്മാനം എത്തിയിരിക്കുകയാണ്. കൊച്ചുകലാകാരനെക്കുറിച്ച് അറിഞ്ഞ മോഹൻലാൽ വിനയിനെ നേരിട്ട് വിളിച്ചിരിക്കുകയാണ്. വിനയിന്റെ പഠന ചെലവ് ഏറ്റെടുത്തിരിക്കുകയാണ് താരം. കൂടാതെ എപ്പോഴും കൂടെയുണ്ടാകുമെന്ന ഉറപ്പും നൽകി. ഒരിക്കലും മറക്കാനാവാത്ത ദിവസവും സന്തോഷവുമാണ് ലാലേട്ടൻ തനിക്കു സമ്മാനിച്ചതെന്നാണ് വിനയ് പറയുന്നത്. അദ്ദേഹത്തിന്റെ ശബ്ദം ഫോണിലൂടെ കേട്ടപ്പോൾ എന്ത് പറയണമെന്നറിയാതെ ഞെട്ടലിലായിരുന്നു താനെന്നും വിനയ് പറഞ്ഞു.

തൃശൂർ തലോർ സ്വദേശിയായ വിനയ് ഇപ്പോൾ ആലുവ അത്താണിയിൽ ഒരു സുഹൃത്തിനൊപ്പം താമസിക്കുകയാണ്. എട്ടാം ക്ലാസിൽ പഠിക്കുമ്പോഴാണ് വിനയ് സിനിമ മോഹവുമായി മുംബൈയിലേക്ക് പോകുന്നത്. സിനിമയിലെ അവസരത്തിവായി പല സൈറ്റുകളിലും കറങ്ങിനടന്ന് രണ്ട് വർഷത്തോളം മുംബൈയിൽ ചെലവഴിച്ചു. റെയിൽവേ സ്റ്റേഷനുകളിലായിരുന്നു രാത്രി തങ്ങിയിരുന്നത്. തിരുവനന്തപുരത്ത് തിരിച്ചെത്തി ഓപ്പൺ സ്കൂൾ വഴി പത്താംക്ലാസ് പരീക്ഷ ജയിച്ചു. തേക്കടിയിൽ ഹോട്ടലിൽ ജോലിക്കു കയറി. ഹ്രസ്വകാല ഹോട്ടൽ മാനേജ്മെന്റ് കോഴ്സ് പഠിച്ച ശേഷം കൊച്ചിയിലെ ഹോട്ടലിലെത്തി. സിനിമാഭിനയത്തിനു ഹോട്ടൽ ജോലി പറ്റില്ലെന്നു മനസ്സിലാക്കിയ വിനയ് അതുവിട്ട് തൊഴിലന്വേഷിച്ചു നെടുമ്പാശേരിയിലെത്തി. 

അതിനിടെയാണ് ദുൽഖറിന്റെ ആദ്യ ബോളിവുഡ് ചിത്രം കാർവാനിൽ അവസരം ലഭിക്കുന്നത്. സെറ്റുകളിൽ ചാൻസ് തേടി അലയുന്നതിനിടെ ലോട്ടറി വിൽപന തുടങ്ങി. അടുത്തുള്ള ചായക്കടക്കാരന്റെ കയ്യിൽ നിന്നു രാവിലെ കടം വാങ്ങുന്ന തുകയുമായി ലോട്ടറി വാങ്ങി വിമാനത്താവളത്തിൽ വിൽപന നടത്തും. അതിരാവിലെ മുതൽ ഉച്ചവരെ പരിശ്രമിച്ചാൽ 200 രൂപയൊക്കെയേ പോക്കറ്റിലാവൂ. ഇതിനിടെ, ലോനപ്പന്റെ മാമ്മോദീസ, കൽക്കി, ചിൽഡ്രൻസ് പാർക്ക് തുടങ്ങിയ സിനിമകളിൽ ചെറിയ വേഷങ്ങൾ ലഭിച്ചു. ജിജോ ജോസഫിന്റെ ‘വരയൻ’ എന്ന സിനിമയിൽ ശ്രദ്ധിക്കപ്പെടാവുന്ന വേഷം ലഭിച്ചു.

ഇപ്പോൾ പ്ലസ് ടു പരീക്ഷയ്ക്കുള്ള തയാറെടുപ്പിലാണ്. അത്താണിയിലെ അമ്പലത്തിൽനിന്ന് ലഭിക്കുന്ന സൗജന്യ ഭക്ഷണം കഴിച്ചും കിട്ടുന്ന വരുമാനം കൊണ്ട് വീടിന്റെ വാടക കൊടുത്തും കഴിയവേയാണ് ഇരുട്ടടിയായി ലോക്ഡൗൺ വരുന്നത്. ലോട്ടറി വിൽപന നിരോധിക്കുകയും ചെയ്തതോടെ വരുമാനം പൂർണമായി ഇല്ലാതാകുകയായിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com