'നായകനാകാന്‍ പോന്ന സൗന്ദര്യമൊന്നും എനിക്കില്ലായിരുന്നു, അന്നും ഇന്നും'; മോഹന്‍ലാല്‍ പറയുന്നു

ആറാം ക്ലാസില്‍വെച്ച് ആദ്യമായി നാടകത്തില്‍ അഭിനയിച്ചതു മുതല്‍ ഇപ്പോഴും തുടരുന്ന യാത്രയെക്കുറിച്ചാണ് താരം കുറിക്കുന്നത്
'നായകനാകാന്‍ പോന്ന സൗന്ദര്യമൊന്നും എനിക്കില്ലായിരുന്നു, അന്നും ഇന്നും'; മോഹന്‍ലാല്‍ പറയുന്നു

ലയാളത്തിന്റെ നടന വിസ്മയം മോഹന്‍ലാലിന് ഇന്ന് അറുപത് വയസു തികയുകയാണ്. പുതിയ ബ്ലോഗില്‍ താരം കുറിക്കുന്നത് തന്റെ അഭിനയ ജീവിതത്തെക്കുറിച്ചാണ്. ആറാം ക്ലാസില്‍വെച്ച് ആദ്യമായി നാടകത്തില്‍ അഭിനയിച്ചതു മുതല്‍ ഇപ്പോഴും തുടരുന്ന യാത്രയെക്കുറിച്ചാണ് താരം കുറിക്കുന്നത്. സിനിമയില്‍ ഇത്ര ദൂരം കീഴടക്കാന്‍ സഹായിച്ചവര്‍ക്ക് നന്ദി പറഞ്ഞുകൊണ്ടാണ് താരം തുടങ്ങുന്നത്. നീ ഉണ്മയാ പൊയ്യാ എന്ന തലക്കെട്ടിലാണ് ബ്ലോഗ്. 

സ്‌കൂളിലും കൊളജിലും നാടകങ്ങളില്‍ അഭിനയിക്കുമ്പോഴും പിന്നീട് തിരനോട്ടം എന്ന സിനിമയില്‍ അഭിനയിച്ചപ്പോഴും സൗഹൃദങ്ങളാണ് തന്റെ മുഖത്ത് ചായമിട്ടത്. പരിശീലനങ്ങളൊന്നുമില്ലാത്ത തന്നില്‍ നിന്ന് ഭാവങ്ങള്‍ ആവശ്യപ്പെട്ടതും അവരായിരുന്നു. മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ എന്ന സിനിമയിലേക്ക് തന്നെ എത്തിച്ചതും സുഹൃത്തുക്കളാണ് എന്നാണ് അദ്ദേഹം കുറിക്കുന്നത്. സിനിമ തന്നെയാണോ തന്റെ മേഖല എന്ന് ഇരുന്നു ചിന്തിക്കാന്‍ പോലും തനിക്ക് സമയം കിട്ടിയിരുന്നില്ലെന്നും കൊടുങ്കാറ്റില്‍പ്പെട്ട കരിയില പോലെ താന്‍ ഉഴറിപ്പറക്കുകയായിരുന്നു എന്നുമാണ് മോഹന്‍ലാല്‍ കുറിക്കുന്നത്. അന്നും ഇന്നും നായകനാകാന്‍ പോന്ന സൗന്ദര്യമൊന്നും തനിക്കില്ലായിരുന്നെന്നാണ് അദ്ദേഹം പറയുന്നത്. 

അഭിനയത്തിന്റെ യാതൊരുവിധ ഗ്രന്ഥങ്ങളും ഇന്നുവരെ വായിച്ചിട്ടില്ല, എങ്ങനെയാണ് ഒരു കഥാപാത്രമായി മാറുന്നത് എന്നു ചോദിച്ചാല്‍ സ്വന്തമായി ഒരുത്തരം എനിക്കില്ല. തിരക്കഥയുടേയും സംവിധായകന്റേയും മിടുക്കാണ് മികച്ച സിനിമയും കഥാപാത്രങ്ങളും ഉണ്ടാകുന്നതെന്നും താരം പറഞ്ഞു. പ്രതിഭാശാലികളാണ് എഴുത്തുകാരുടേയും സംവിധായകരുടേയും കൂടെ പ്രവര്‍ത്തിക്കാന്‍ സാധിച്ചതാണ് ഏറ്റവും വലിയ ഭാഗ്യമെന്നും അവരാണ് എന്നിലെ നടനെ രൂപപ്പെടുത്തിയത്. അവരുടെ സ്പര്‍ഷം ഇല്ലായിരുന്നെങ്കില്‍ മോഹന്‍ലാല്‍ ഇന്നും ഒരു കാട്ടുശിലയായി ശേഷിക്കുമായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

ആറാം ക്ലാസിലെ ആദ്യ അഭിനയം മുതല്‍ കരിയറിലുണ്ടായതെല്ലാം തന്റെ തിരഞ്ഞെടുപ്പുകളായിരുന്നില്ല. തന്റെ എഴുത്തുകാരെയും സംവിധായകരേയും വിശ്വസിച്ച് ജോലി ചെയ്യുകയായിരുന്നു. ഒരു സിനിമയുടെ വിജയവും എന്റെ വിജയമായി അവകാശപ്പെട്ടിട്ടില്ല. എന്നാല്‍ പരാജയങ്ങള്‍ തന്റെ പരാജയമായി മുദ്രകുത്തപ്പെട്ടിട്ടുണ്ടെന്നാണ് താരം പറയുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com