'രാജാവിന്റെ മകന് മമ്മൂട്ടി ഡേറ്റ് കൊടുത്തില്ല, ​ഗുണം കിട്ടിയത് മോഹൻലാലിന്'

'മമ്മൂട്ടി വെറുതെയായിരുന്നില്ല ഡേറ്റ് കൊടുക്കാതിരുന്നത്. ആറോ ഏഴോ ചിത്രമായിരുന്നു ഒരുപോലെ പൊളിഞ്ഞത്'
മമ്മൂട്ടി, രാജാവിന്റെ മകനിലെ മോഹൻലാൽ
മമ്മൂട്ടി, രാജാവിന്റെ മകനിലെ മോഹൻലാൽ

രാജാവിന്റെ മകനിലെ വിൻസെന്റ് ​ഗോമസ് എന്ന കഥാപാത്രത്തിലൂടെ മോഹൻലാൽ മലയാള സിനിമയുടെ താര പദവിയിലേക്ക് എത്തുന്നത്. എന്നാൽ മോഹൻലാലിനു വേണ്ടി എഴുതിയ ചിത്രമായിരുന്നില്ല ഇത്. മമ്മൂട്ടിയെ മനസിൽവച്ചാണ് രാജാവിന്റെ മകൻ എഴുതുന്നത്. ചിത്രത്തിന് ഡേറ്റ് കൊടുക്കാൻ മമ്മൂട്ടി വിസമ്മതിച്ചതോടെയാണ് മോഹൻലാലിന് അവസരം ലഭിക്കുന്നത്. ​ഗാനരചയിതാവും തിരക്കഥാകൃത്തുമായ ഷിബു ചക്രവർത്തിയാണ് അധികമാരും അറിയാത്ത അണിയറക്കഥ തുറന്നു പറഞ്ഞത്. 

‘രാജാവിന്റെ മകന്‍ എന്ന ചിത്രത്തിന് മമ്മൂട്ടി വെറുതെയായിരുന്നില്ല ഡേറ്റ് കൊടുക്കാതിരുന്നത്. ആറോ ഏഴോ ചിത്രമായിരുന്നു ഒരുപോലെ പൊളിഞ്ഞത്. ഈ സമയത്താണ് അടുത്ത പടവുമായി എത്തുന്നത്. അതുകൊണ്ട് മമ്മൂക്ക ഡേറ്റ് കൊടുക്കാന്‍ വിസമ്മതിച്ചു. എന്നാല്‍ ഈ തിരക്കഥ കൊണ്ട് ഗുണം കിട്ടിയത് മോഹന്‍ലാലിന് ആയിരുന്നു. മോഹന്‍ലാലിന്റെ ഇമേജില്‍ ഒരിക്കലും ഒരാളും രാജാവിന്റെ മകന്‍ പേലുള്ള ചിത്രം ചിന്തിക്കില്ല. സീരിയസ് കഥാപാത്രങ്ങള്‍ മാത്രം ചെയ്തുവന്ന മമ്മൂക്കയ്ക്ക് വേണ്ടി എഴുതിയ ചിത്രമായിരുന്നു രാജാവിന്റെ മകന്‍.- ഏഷ്യാനെറ്റിന് നൽകിയ അഭിമുഖത്തിൽ ഷിബു ചക്രവർത്തി പറഞ്ഞു. 

മോഹൻലാലിന്റെ കരിയറിൽ വലിയ മാറ്റം കൊണ്ടുവരാൻ ചിത്രത്തിനായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതുവരെ ആദ്യം മുതല്‍ അവസാനം വരെ ചിരിപ്പിക്കുന്ന കഥാപാത്രങ്ങളായിരുന്നു മോഹൻലാൽ ചെയ്തത്. എന്നാൽ രാജാവിന്റെ മകനില്‍ വന്നപ്പോള്‍ ഒരേയൊരു സീനില്‍ മാത്രമാണ് അദ്ദേഹം ചിരിക്കുന്നത്. ബാക്കി ആ സിനിമയില്‍ മോഹന്‍ലാല്‍ ചിരിക്കുന്ന രംഗങ്ങളില്ല. ആ ഒരു മാറ്റം മലയാള സിനിമയിലെ മറ്റൊരു താരോദയത്തിന് കാരണമായി. മോഹന്‍ലാലിന് എല്ലാ തരത്തിലുമുളള ചിത്രങ്ങള്‍ ചെയ്യാന്‍ പറ്റുമെന്നുള്ളതിന്റെ തുടക്കമായിരുന്നു രാജാവിന്റെ മകനെന്നാണ് ഷിബു ചക്രവർത്തി പറയുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com