മുഴുക്കുടിയനായി ജയസൂര്യ, അമ്പരപ്പിച്ച് 'വെള്ളം' ട്രെയിലർ
By സമകാലികമലയാളം ഡെസ്‌ക് | Published: 16th January 2021 10:53 AM |
Last Updated: 16th January 2021 10:53 AM | A+A A- |
വെള്ളം ടീസറിൽ നിന്ന്
ജയസൂര്യപ്രധാന വേഷത്തിൽ എത്തുന്ന വെള്ളത്തിന്റെ ട്രെയിലർ പുറത്ത്. പ്രജേഷ് സെൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മദ്യത്തിന് അടിമയായി മാറിയ മുരളി നമ്പ്യാർ എന്ന കഥാപാത്രമായാണ് ജയസൂര്യ എത്തുന്നത്. കോവിഡ് പ്രതിസന്ധിക്ക് ശേഷം മലയാളത്തിൽ ആദ്യമായി റിലീസ് ചെയ്യുന്ന ചിത്രമാണ് ഇത്. ഈ മാസം 22നാണ് റിലീസ്.
മദ്യാസക്തിയെ തുടർന്ന് ജീവിതം കൈവിട്ടുപോയ മുരളി നമ്പ്യാരായി ഞെട്ടിപ്പിക്കുകയാണ് ജയസൂര്യ. മദ്യം ഒരു വ്യക്തിയെ ഏതൊക്കെ രീതിയിൽ മാറ്റുമെന്ന് വ്യക്തമാക്കുന്നതാണ് ചിത്രം. 'ക്യാപ്റ്റനു' ശേഷം ജയസൂര്യയും പ്രജേഷ് സെന്നും വീണ്ടുമൊന്നിക്കുന്ന ചിത്രമാണ് ഇത്. ജയസൂര്യയുടെ ഉജ്ജ്വല പ്രകടനമാണ് ട്രെയിലറിന്റെ പ്രത്യേകത.
സംയുക്തമേനോനാണ് ചിത്രത്തിൽ നായികയാവുന്നത്. സ്നേഹ പാലിയേരി, സിദ്ദിഖ്, ശ്രീലക്ഷ്മി, ബാബു അന്നൂർ, സന്തോഷ് കീഴാറ്റൂർ, ബൈജു, നിർമൽ പാലാഴി, ജോണി ആന്റണി, ഇടവേള ബാബു തുടങ്ങിയ നീണ്ട നിരതന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ഫ്രണ്ട്‍ലി പ്രൊഡക്ഷൻസിനു വേണ്ടി ജോസ്‍കുട്ടി മഠത്തിൽ, യദുകൃഷ്ണ, രഞ്ജിത്ത് മണമ്പ്രക്കാട്ട് എന്നിവർ ചേർന്നാണ് വെള്ളം നിർമിച്ചിരിക്കുന്നത്. ഛായാഗ്രഹണം റോബി വര്‍ഗീസ്. സംഗീതം ബിജിബാല്‍. എഡിറ്റിംഗ് ബിജിത്ത് ബാല.