മോഹൻലാലിന്റെ ബറോസിന് തുടക്കം, ആശംസ അറിയിക്കാൻ എത്തി മമ്മൂട്ടിയും; വിഡിയോ 

കാക്കനാട് നവോദയ സ്റ്റുഡിയോയിൽ ചിത്രത്തിന്റെ പൂജ നടന്നു. മലയാളത്തിലെ പ്രമുഖ താരങ്ങൾ പൂജയിൽ പങ്കെടുത്തു
ബറോസ് പൂജ വേളയിൽ നിന്ന്
ബറോസ് പൂജ വേളയിൽ നിന്ന്

മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം ബറോസിന് തുടക്കമായി. കാക്കനാട് നവോദയ സ്റ്റുഡിയോയിൽ ചിത്രത്തിന്റെ പൂജ നടന്നു. മലയാളത്തിലെ പ്രമുഖ താരങ്ങൾ പൂജയിൽ പങ്കെടുത്തു. മോഹൻലാൽ തന്നെയാണ് പൂജ വിശേഷങ്ങൾ ഫേയ്സ്ബുക്ക് ലൈവായി ആരാധകരെ അറിയിച്ചത്. 

മമ്മൂട്ടി സംവിധായകരായ പ്രിയദർശൻ, സത്യൻ അന്തിക്കാട്, സിബി മലയിൽ, പൃഥ്വിരാജ്, സിദ്ദീഖ് ഉൾപ്പടെയുള്ള നിരവധി പ്രമുഖർ പങ്കെടുത്തു. ബോളിവുഡ‍് സൂപ്പർതാരം അമിതാഭ് ബച്ചനും താരത്തിന് ആശംസകൾ അറിയിച്ചിട്ടുണ്ട്. ട്വിറ്ററിലൂടെയായിരുന്നു ബി​ഗ് ബിയുടെ ആശംസ എത്തിയത്. 

കഴിഞ്ഞ ദിവസം ബറോസിന് തുടക്കം കുറിക്കുമെന്ന് അറിയിച്ചുകൊണ്ട് മോഹൻലാൽ എത്തിയിരുന്നു. ജീവിത വഴിത്താരയിൽ വിസ്മയ ചാർത്തുകളിൽ സ്വയം നടനായി, നിർമ്മാതാവായി, സിനിമ തന്നെ ജീവനായി, ജീവിതമായി. ഇപ്പോഴിതാ, ആകസ്മികമായ മറ്റൊരു വിസ്മയത്തിനു തിരനോട്ടം കുറിക്കുന്നു. 24ന് ചിത്രീകരണം ആരംഭിക്കുന്ന ബറോസ് എന്ന ത്രിമാന ചിത്രത്തിലൂടെ സംവിധായകനായി അരങ്ങേറ്റം കുറിക്കുകയാണ് ഞാൻ. ഈ നിയോഗത്തിനും എനിക്ക് തിര-ജീവിതം തന്ന നവോദയയുടെ ആശിർവാദവും, സാമീപ്യവും കൂടെയുണ്ടെന്നത് ഈശ്വരാനുഗ്രഹം. ബറോസിനൊപ്പമുള്ള തുടർ യാത്രകളിലും അനുഗ്രഹമായി, നിങ്ങൾ ഏവരും ഒപ്പമുണ്ടാകണമെന്ന്, ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു- എന്നാണ് അദ്ദേഹം ആരാധകരോട് പറഞ്ഞത്. 

പോര്‍ച്ചുഗീസ് പശ്ചാത്തലമുള്ള പിരീഡ് സിനിമയാണ് ബറോസ്. വാസ്‌കോഡഗാമയുടെ നിധി സൂക്ഷിപ്പുകാരനായ ഒരു ഭൂതമാണ് ബറോസ്. നാനൂറ് വര്‍ഷങ്ങളായി നിധിക്ക് കാവലിരിക്കുന്ന ബറോസ് യഥാര്‍ത്ഥ അവകാശിയെയാണ് കാത്തിരിക്കുന്നത്. നിധി തേടി ഒരു കുട്ടി ബറോസിന് മുന്നിലെത്തുന്നതാണ് സിനിമയുടെ പ്രമേയം. മോഹൻലാൽ തന്നെയാണ് നായകകഥാപാത്രമായ ബറോസിന്റെ വേഷം അവതരിപ്പിക്കുന്നത്. 

ചിത്രത്തിൽ പൃഥ്വിരാജ് സുകുമാരൻ, പ്രതാപ് പോത്തൻ എന്നിവർ വേഷമിടുന്നുണ്ട്. വിദേശ നടി പാസ് വേഗ ചിത്രത്തിന്റെ ഭാഗമാണ്. മൈഡിയര്‍ കുട്ടിച്ചാത്തന്റെ സൃഷ്ടാവ് ജിജോ പുന്നൂസിന്റെ രചനയിലാണ് ബറോസ് വരുന്നത്. ഛായാഗ്രഹണം സന്തോഷ് ശിവൻ, പ്രൊഡക്‌‌ഷൻ ഡിസൈനർ - സന്തോഷ് രാമൻ, ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് നിര്‍മാണം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com