ദൃശ്യത്തിന്റെ ഇന്തോനേഷ്യൻ റീമേക്ക് വരുന്നു, മലയാളത്തിൽ ഇത് ആദ്യം

ജക്കാർത്തയിലെ പിടി ഫാൽക്കൺ എന്ന കമ്പനിയാണ് ദൃശ്യത്തിന്റെ റീമേക്ക് റൈറ്റ്സ് സ്വന്തമാക്കിയത്
ഫയൽ ചിത്രം
ഫയൽ ചിത്രം

മോഹൻലാലും ജീത്തു ജോസഫും ഒന്നിച്ച ദൃശ്യം സമാനതകളില്ലാത്ത വിജയമാണ് നേടിയത്. തുടർന്ന് വിവിധ ഭാഷകളിലേക്ക് ചിത്രം മൊഴി മാറ്റം ചെയ്യപ്പെട്ടു. ചിത്രം പുറത്തിറങ്ങിഎട്ട് വർഷം കഴിഞ്ഞിട്ടും ദൃശ്യം മാജിക് മാഞ്ഞുപോയിട്ടില്ല. ഇപ്പോൾ ഇന്തോനേഷ്യൻ ഭാഷയിലേക്ക് റീമേക്ക് ചെയ്യാൻ ഒരുങ്ങുകയാണ് ചിത്രം. ഇന്തോനേഷ്യൻ ഭാഷയിലേക്ക് റീമേക് ചെയ്യപ്പെടുന്ന ആദ്യ ചിത്രമായിരിക്കുകയാണ് ദൃശ്യം. 

ചിത്രത്തിന്റെ നിർമാതാവ് ആന്റണി പെരുമ്പാവൂരാണ് സന്തോഷ വാർത്ത പങ്കുവെച്ചത്. ജക്കാർത്തയിലെ പിടി ഫാൽക്കൺ എന്ന കമ്പനിയാണ് ദൃശ്യത്തിന്റെ റീമേക്ക് റൈറ്റ്സ് സ്വന്തമാക്കിയത്. ഇൻഡോനേഷ്യൻ ഭാഷയിലേക്ക് റീമേക്ക് ചെയ്യുന്ന ആദ്യ മലയാള ചിത്രമായി 'ദൃശ്യം' മാറിയ വിവരം സന്തോഷപൂർവം അറിയിക്കുന്നു. ജക്കാർത്തയിലെ 'PT Falcon' കമ്പനിയാണ് ചിത്രം ഇന്ത്യോനേഷ്യയിൽ അവതരിപ്പിക്കുന്നത്. ഇതിനോടകം 4 ഇന്ത്യൻ ഭാഷകളിലും 2 വിദേശ ഭാഷകളിലും 'ദൃശ്യം' റീമേക്ക് ചെയ്തു കഴിഞ്ഞു. മാത്രമല്ല, ചൈനീസ് ഭാഷയിലേക്ക് റീമേക്ക് ചെയ്ത ആദ്യ മലയാള ചിത്രവും 'ദൃശ്യ'മാണ്. മോഹൻലാൽ സർ അഭിനയിച്ച് പ്രിയ സുഹൃത്ത് ജീത്തു ജോസഫ് സംവിധാനം ചെയ്ത, 'ദൃശ്യം' ഭാഷയുടെയും ദേശത്തിന്റെയും അതിരുകൾ ഭേദിച്ചു മുന്നേറുമ്പോൾ, ഈ ചിത്രം നിർമ്മിക്കാനായതിന്റെ സന്തോഷവും അഭിമാനവും നിങ്ങൾ ഓരോരുത്തരുമായും ഈ നിമിഷത്തിൽ പങ്കു വെക്കുന്നു.- ആന്റണി പെരുമ്പാവൂർ കുറിച്ചു. 

പാപനാശം എന്ന പേരില്‍ തമിഴിലും ദൃശ്യ എന്ന പേരില്‍ കന്നഡയിലും ദൃശ്യം എന്ന പേരില്‍ തെലുങ്കിലും ഹിന്ദിയിലും ചിത്രം റീമേക്ക് ചെയ്യപ്പെട്ടു. ധര്‍മ്മയുദ്ധയ എന്നായിരുന്നു സിംഹള റീമേയ്ക്കിന്റെ പേര്. ഷീപ്പ് വിത്തൗട്ട് എ ഷെപേര്‍ഡ് എന്ന പേരിലാണ് ചൈനീസ് ഭാഷയിൽ ചിത്രം പുറത്തിറങ്ങിയത്. ചിത്രത്തിന്റെ റീമേക്കുകളും മികച്ച വിജയമാണ് നേടിയത്. തുടർന്ന് 2021 ഫെബ്രുവരിയിൽ ദൃശ്യത്തിന്റെ രണ്ടാം ഭാ​ഗം പുറത്തിറങ്ങിയിരുന്നു. ആമസോൺ പ്രൈമിലൂടെ റിലീസ് ചെയ്ത ചിത്രം ലോകശ്രദ്ധ നേടാൻ ഇത് കാരണമായി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com