'എന്റെ കോപ്രായം കണ്ട് പല ചേട്ടന്മാരും ചോദിച്ചത് അടിച്ച ബ്രാൻഡ് ഏതാണെന്ന്'; കുഞ്ചാക്കോ ബോബൻ

തന്നെ തേടിയെത്തിയ ആൻ‌ഡ്രോയ്ഡ് കുഞ്ഞപ്പൻ വേണ്ടെന്ന് വച്ചതിന്റെ പ്രായശ്ചിത്തമാണ് 'ന്നാ താൻ കേസ് കൊട്' എന്നും താരം
ചിത്രം; ഫേയ്സ്ബുക്ക്
ചിത്രം; ഫേയ്സ്ബുക്ക്

കുഞ്ചാക്കോ ബോബൻ നായകനായി എത്തുന്ന ന്നാ താൻ പോയി കേസ് കൊട് എന്ന ചിത്രം റിലീസിന് ഒരുങ്ങുകയാണ്. ദേവദൂതർ പാടി എന്ന ​ഗാനത്തിലെ താരത്തിന്റെ തകർപ്പൻ ഡാൻസ് ഇതിനോടകം ആരാധകരുടെ ഹൃദയം കീഴടക്കിക്കഴിഞ്ഞു. എന്നാൽ ഈ ​ഗാനത്തിലെ തന്റെ കോപ്രായം കണ്ട് അടിച്ച ബ്രാൻഡ് ഏതാണെന്നാണ് പല ചേട്ടന്മാരും ചോദിച്ചത് എന്നാണ് താരം പറഞ്ഞത്. അല്ലെങ്കിൽ ഇത്രയും പവർ കിട്ടില്ലല്ലോ എന്നായിരുന്നു അവരുടെ സംശയമെന്നും ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ടു നടത്തിയ മീറ്റ് ദ പ്രസിൽ താരം പറഞ്ഞു. 

സ്റ്റേജിൽ 'ദേവദൂതർ' പാടുമ്പോൾ പുറത്തെ എന്റെ കോപ്രായം സെറ്റിലെ ആയിരത്തോളം വരുന്ന നാട്ടുകാരോട് ക്ഷമ ചോദിച്ചായിരുന്നു. കൊറിയോഗ്രഫറില്ലാതെ താളബോധമില്ലാതെ ചുവടുവച്ച അനുഭവം വേറിട്ടതായിരുന്നു. വൈറലാകുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല.- കുഞ്ചാക്കോ ബോബൻ പറഞ്ഞു. 

തന്നെ തേടിയെത്തിയ ആൻ‌ഡ്രോയ്ഡ് കുഞ്ഞപ്പൻ വേണ്ടെന്ന് വച്ചതിന്റെ പ്രായശ്ചിത്തമാണ് 'ന്നാ താൻ കേസ് കൊട്' എന്നും താരം കൂട്ടിച്ചേർത്തു. താൻ അങ്ങോട്ട് പോയി രതീഷിന്റെ കാലുപിടിച്ചാണ് ഈ ചിത്രത്തിൽ അഭിനയിച്ചതെന്നും കുഞ്ചാക്കോ ബോബൻ പറഞ്ഞു. 

അതിനിടെ ദേവദൂതർ പാടി എന്ന ​ഗാനം ഹിറ്റാകുകയാണ്. ഒരു കോടിയിൽ അധികം പേരാണ് വിഡിയോ കണ്ടത്. ഭരതന്‍  ചിത്രമായ കാതോട് കാതോരത്തിന് വേണ്ടി ഒഎന്‍വി കുറുപ്പ് - ഔസപ്പേച്ചന്‍ - യേശുദാസ് എന്നിവരാണ് ഈ ഗാനം അണിയിച്ചൊരുക്കിയത്. 1985ല്‍ പുറത്തിറങ്ങിയ ഈ ഗാനം പുതുതായി ആലപിച്ചിരിക്കുന്നത് ബിജു നാരായണനാണ്. 37 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് 'ദേവദൂതര്‍ പാടി' എന്ന ഗാനം വീണ്ടും എത്തുന്നത്.

ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍', 'കനകം കാമിനി കലഹം' എന്നീ സിനിമകളിലൂടെ പ്രേക്ഷകശ്രദ്ധ നേടിയ സംവിധായകനാണ് രതീഷ് ബാലകൃഷ്ണന്‍ പൊതുവാള്‍. സന്തോഷ് ടി കുരുവിളയാണ് ചിത്രത്തിന്റെ നിര്‍മ്മാണം. 'ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പനു' ശേഷം രതീഷ് ബാലകൃഷ്ണനും സന്തോഷ് ടി കുരുവിളയും ഒന്നിക്കുന്ന ചിത്രവുമാണിത്. 11 നാണ് ചിത്രം തിയറ്ററിലെത്തുന്നത്. 

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com