'ഇങ്ങനെയുള്ള പ്രയോഗങ്ങള്‍ ആവര്‍ത്തിക്കില്ല'; ജൂഡ് ആന്റണിയെ കുറിച്ചുള്ള പരാമര്‍ശം: ഖേദം പ്രകടിപ്പിച്ച് മമ്മൂട്ടി

സംവിധായകന്‍ ജൂഡ് ആന്റണി ജോസഫിനെ കുറിച്ചുള്ള പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് മമ്മൂട്ടി
ജൂഡ് ആന്റണി ജോസഫ്, മമ്മൂട്ടി/ ഫെയ്സ്ബുക്ക്
ജൂഡ് ആന്റണി ജോസഫ്, മമ്മൂട്ടി/ ഫെയ്സ്ബുക്ക്

കൊച്ചി: സംവിധായകന്‍ ജൂഡ് ആന്റണി ജോസഫിനെ കുറിച്ചുള്ള പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് മമ്മൂട്ടി. ജൂഡിന്റെ തലമുടിയെ കുറിച്ച് നടത്തിയ പരാമര്‍ശം ബോഡി ഷെയ്മിങ് ആണെന്ന വിമര്‍ശനവുമായി ഒരു വിഭാഗം രംഗത്തുവന്നതിന് പിന്നാലെയാണ് മമ്മൂട്ടി ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ ഖേദം പ്രകടിപ്പിച്ചത്. ജൂഡ് ആന്റണിയെ പ്രകീര്‍ത്തിക്കുന്ന ആവേശത്തില്‍ ഉപയോഗിച്ച വാക്കുകള്‍ ചിലരെ അലോസരപ്പെടുത്തിയതില്‍ ഖേദം പ്രകടിപ്പിക്കുന്നതായി മമ്മൂട്ടി കുറിച്ചു. 

'പ്രിയരെ കഴിഞ്ഞ ദിവസം '2018' എന്ന സിനിമയുടെ ട്രൈലര്‍ ലോഞ്ചിനോട് അനുബന്ധിച്ചു നടന്ന ചടങ്ങില്‍ സംവിധായകന്‍ ജൂഡ് ആന്റണിയെ പ്രകീര്‍ത്തിക്കുന്ന ആവേശത്തില്‍ ഉപയോഗിച്ച വാക്കുകള്‍ ചിലരെ അലോസരപ്പെടുത്തിയതില്‍ എനിക്കുള്ള  ഖേദം പ്രകടിപ്പിക്കുന്നതോടൊപ്പം ഇങ്ങനെയുള്ള പ്രയോഗങ്ങള്‍ ആവര്‍ത്തിക്കാതിരിക്കുവാന്‍ മേലില്‍ ശ്രദ്ധിക്കുമെന്ന് ഉറപ്പു തരുന്നു. ഓര്‍മ്മിപ്പിച്ച എല്ലാവര്‍ക്കും നന്ദി.'മമ്മൂട്ടി കുറിച്ചു. 

'ജൂഡിന് തലമുടിയില്ലെങ്കിലും നല്ല ബുദ്ധിയാണ്' എന്നായിരുന്നു മമ്മൂട്ടിയുടെ പരാമര്‍ശം. ഇതിന് പിന്നാലെ, പരാമര്‍ശം ബോഡി ഷെയ്മിങ് ആണെന്ന് വിമര്‍ശിച്ച് സാമൂഹ്യ മാധ്യമങ്ങളില്‍ ഒരുവിഭാഗം രംഗത്തെത്തി. എന്നാല്‍, അദ്ദേഹത്തിന്റെ വാക്കുകള്‍ വളച്ചൊടിക്കരുതെന്നും സ്‌നേഹത്തോടെ പറഞ്ഞതാണെന്നും ജൂഡ് ഫെയ്‌സ്ബുക്കില്‍ പറഞ്ഞിരുന്നു. 

'മമ്മൂക്ക എന്റെ മുടിയെക്കുറിച്ചു പറഞ്ഞത് ബോഡി ഷെയ്മിങ് ആണെന്ന് പൊക്കിപ്പിടിച്ചുക്കൊണ്ടു വരുന്നവരോട്... എനിക്ക് മുടി ഇല്ലാത്തതില്‍ എനിക്കോ എന്റെ കുടുംബത്തിനോ വിഷമമില്ല. ഇനി അത്രയ്ക്ക് പ്രയാസം ഉള്ളവര്‍ മമ്മൂക്കയെ ചൊറിയാന്‍ നിക്കാതെ എന്റെ മുടി പോയതിന്റെ കാരണക്കാരായ ബെംഗളൂരു കോര്‍പറേഷന്‍ വാട്ടര്‍, വിവിധ ഷാംപൂ കമ്പനികള്‍ എന്നിവര്‍ക്കെതിരെ ശബ്ദമുയര്‍ത്തുവിന്‍. ഞാന്‍ ഏറെ ബഹുമാനിക്കുന്ന ആ മനുഷ്യന്‍ ഏറ്റവും സ്‌നേഹത്തോടെ പറഞ്ഞ വാക്കുകളെ ദയവു ചെയ്തു വളച്ചൊടിക്കരുത്.''ജൂഡ് ആന്റണിയുടെ വാക്കുകള്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com