'ദി ടെർമിനലി'ന്റെ യഥാർത്ഥ നായകൻ വിടവാങ്ങി; മരിച്ചത് 18 വർഷം ജീവിച്ച അതേ വിമാനത്താവളത്തിൽ വച്ച്

കഴിഞ്ഞദിവസം ഉച്ചയോടെ വിമാനത്താവളത്തിലെ 2 എഫ് ടെർമിനലിൽ വെച്ചുണ്ടായ ഹൃദയാഘാതമാണ് 70 കാരനായ മെഹ്റാന്റെ ജീവൻ കവർന്നത്
ചിത്രം: എഎഫ്പി
ചിത്രം: എഎഫ്പി

ടോം ഹാങ്ക്സിനെ നായകനാക്കി സ്റ്റീവൻ സ്പീൽബർ​ഗ് സംവിധാനം ചെയ്ത പ്രമുഖ ചിത്രമാണ് ദ ടെർമിനൽ. വിമാനയാത്രയ്ക്കിടെ ന്യൂയോർക്കിലെ ജോൺ എഫ് കെന്നഡി എയർപോർട്ടിൽ കടുങ്ങിപ്പോവുകയും പിന്നീട് വർഷങ്ങളോളം അവിടെ ജീവിക്കേണ്ടിവരുന്ന നായകന്റെ കഥയാണ് ചിത്രം പറയുന്നത്. ചിത്രമെടുക്കാൻ പ്രചോദനമായത് മെഹ്റാൻ കരീമി നാസ്സെറി എന്ന മനുഷ്യനാണ്. പാരീസിലെ ചാൾസ് ഡി ​ഗലേ വിമാനത്താവളത്തിൽ 18 വർഷത്തോളം കുടുങ്ങിപ്പോയ മെഹ്റാന്റെ ജീവിതമാണ് സിനിമയായത്. ഇപ്പോൾ അതേ വിമാനത്താവളത്തിൽ വച്ച് വിടപറഞ്ഞിരിക്കുകയാണ് മെഹ്റാൻ കരീമി നാസ്സെറി. 

കഴിഞ്ഞദിവസം ഉച്ചയോടെ വിമാനത്താവളത്തിലെ 2 എഫ് ടെർമിനലിൽ വെച്ചുണ്ടായ ഹൃദയാഘാതമാണ് 70 കാരനായ മെഹ്റാന്റെ ജീവൻ കവർന്നത്. പാരീസ് വിമാനത്താവള അധികൃതരാണ് ഇക്കാര്യം അറിയിച്ചത്. പൊലീസും ആരോ​ഗ്യസംഘവും ശ്രമിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 

ഇറാനിലെ ബ്രിട്ടീഷ് നിയന്ത്രണത്തിലുള്ള പ്രവിശ്യയിൽ 1945-ലാണ് കരീമിയുടെ ജനനം. പിതാവ് ഇറാൻ സ്വദേശിയും മാതാവ് ബ്രീട്ടീഷുകാരിയുമായിരുന്നു. 1988 ലാണ് അദ്ദേഹം പാരീസിലേക്ക് വരുന്നത്. എന്നാൽ റെസിഡൻസി പേപ്പറുകൾ ലഭിക്കാത്തതിനെ തുടർന്ന് രാജ്യത്തേക്ക് പ്രവേശിക്കാനായില്ല. തുടർന്ന് 2006 വരെ പാരീസ് വിമാനത്താവളത്തിലെ ഒന്നാം നമ്പർ ടെർമിനലിലാണ് മെഹ്റാൻ കരീമി ജീവിച്ചത്. ടെർമിനലിലെ പ്ലാസ്റ്റിക് ബെഞ്ചിൽ ഉറങ്ങും. വിമാനത്താവളത്തിലെ ജീവനക്കാരുമായി സൗഹൃദം സ്ഥാപിച്ചു. ഡയറിയെഴുത്തും വായനയുമെല്ലാമായിട്ടായിരുന്നു ജീവിതം. ഇതോടെ പാരീസ് വിമാനത്താവളത്തിലെ പ്രമുഖനായി അദ്ദേഹം മാറി.  ലോർഡ് ആൽഫ്രെഡ് എന്ന പേരും ആരോ സമ്മാനിച്ചു. 

1999-ൽ അഭയാർത്ഥി പദവിയും ഫ്രാൻസിൽ തുടരാനുള്ള അവകാശവും ലഭിച്ചു. എങ്കിലും 2006 ൽ അസുഖം ബാധിച്ച് ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് കൊണ്ടുപോകും വരെ അദ്ദേഹം വിമാനത്താവളത്തിൽ തന്നെ താമസിക്കുകയായിരുന്നു. ഏതാനും ആഴ്‌ചകൾക്ക് മുൻപാണ്  വിമാനത്താവളത്തിലേക്ക് അദ്ദേഹം വീണ്ടും തിരിച്ചെത്തിയത്. അദ്ദേഹത്തിന്റെ അവസാനവും അതേ വിമാനത്താവളത്തിൽ തന്നെയായി. 2004-ലാണ് സ്പീൽബർ​ഗിന്റെ ദി ടെർമിനൽ റിലീസ് ചെയ്തത്. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com