'നായകന്മാരല്ലാത്ത എല്ലാവരേയും രണ്ടാംതരം പൗരന്മാരായി കണ്ടു'; കോവിഡ് ബോളിവുഡിനെ മാറ്റിയെന്ന് മനോജ് ബാജ്പേയി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 12th March 2022 11:16 AM  |  

Last Updated: 12th March 2022 11:16 AM  |   A+A-   |  

manoj_bajpayee

ചിത്രം: ഫേയ്സ്ബുക്ക്

 

ബോളിവുഡിൽ നായകന്മാർ അല്ലാത്തവരെ എല്ലാം രണ്ടാംതരം പൗരന്മാരായാണ് കണക്കാക്കിയിരുന്നത് എന്ന് നടൻ മനോജ് ബാജ്പേയി. എന്നാൽ കോവിഡ് മഹാമാരിയെ തുടർന്ന് ഇതിൽ മാറ്റമുണ്ടായതായും അദ്ദേഹം പറഞ്ഞു. മുൻനിര താരങ്ങൾക്കൊപ്പം കഴിവുറ്റ കലാകാരന്മാർക്കും തുല്യ അവസരങ്ങൾ ഇപ്പോൾ ലഭിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജയ്പുർ സാഹിത്യോത്സവത്തിന്റെ ഭാ​ഗമായി നടന്ന 'പ്യൂർ ഇവിൾ: ബാഡ് മെൻ ഓഫ് ബോളിവുഡ്' എന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

നായകന്റേത് ഒഴികെയുള്ള വേഷങ്ങൾ ചെയ്യുന്ന എല്ലാവരേയും രണ്ടാം തരം പൗരന്മാരെപ്പോലെയാണ് പ്രേക്ഷകരും  സെറ്റിലും പോസ്റ്ററുകളിലും അവാർഡ് ചടങ്ങുകളിലുമെല്ലാം കണ്ടിരുന്നത്. എനിക്ക് അത് നല്ല കാര്യമായി തോന്നിയില്ല, അതുകൊണ്ടുതന്നെയാണ് ഒരിക്കലും ബോംബെയിലേക്ക് മാറാൻ ഞാൻ ആ​ഗ്രഹിക്കാതിരുന്നത്. കാരണം അവർക്ക് പരമാവധി എനിക്ക് നൽകാനാവുക വില്ലൻ വേഷമാണെന്ന് ഞാൻ മനസിലാക്കി. എന്നാൽ അവസാനം അത് നായകന്മാരെയും നായകന്മാരെ ആഘോഷിക്കുന്നതിലേക്കും എത്തും- മനോജ് ബാജ്പേയി പറഞ്ഞു.

കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ വലിയ മാറ്റമാണ് സിനിമമേഖലയിലുണ്ടായെന്നും അദ്ദേഹം പറഞ്ഞു. പ്രത്യേകിച്ച് കോവിഡ് കാലത്ത്. കോവിഡ് എന്നത് ലോകത്തിനെ മൊത്തത്തിൽ ദോഷകരമായി ബാധിച്ചു. പക്ഷേ അത് സിനിമാ മേഖലയിൽ ​ഒരു നല്ല മാറ്റത്തിനിടയാക്കി. ഫിലിംമേക്കിങ്ങിന്റേയും കഥാപാത്രങ്ങളുടേയും മൊത്തം രീതി തന്നെ ഇത് മാറ്റിയെന്നും അദ്ദേഹം വ്യക്തമാക്കി. 

നാനാപടേക്കറേക്കുറിച്ചും ചടങ്ങിൽ അദ്ദേഹം വാചാലനായി. "ബോളിവുഡിൽ അധികമാരാലും പ്രശംസിക്കപ്പെടാത്ത ഒരു താരം നാനാ പടേക്കറാണ്. പ്രതിഭയാണ് അദ്ദേഹം. ഹിന്ദി സിനിമാലോകത്ത് വാണിജ്യ സിനിമകൾ അരങ്ങുവാഴുന്ന സമയത്ത് നാടക കാലാകാരന്മാർക്കും കഴിവുകളുള്ളവർക്കും അവസരം നൽകിയയാളാണ് അദ്ദേഹം". മനോജ് ബാജ്പേയി പറഞ്ഞു.