'സിദ്ദിഖ് ഒരു ദുശ്ശീലവുമില്ലാത്ത വ്യക്തി, ഒരിക്കലും വരാൻ പാടില്ലാത്ത രോ​ഗം വന്നു': ജയറാം 

ഒരു ദുശീലവുമില്ലായിരുന്ന സിദ്ദിഖിന് ഇത്തരത്തിലൊരു അസുഖം വന്നത് ഞെട്ടിപ്പിച്ചു എന്നാണ് നടൻ ജയറാം പറഞ്ഞത്
സിദ്ദിഖിന് ആദരാഞ്ജലി അർപ്പിക്കാനെത്തിയ ജയറാം ലാലിനൊപ്പം/ വിഡിയോ സ്ക്രീൻഷോട്ട്
സിദ്ദിഖിന് ആദരാഞ്ജലി അർപ്പിക്കാനെത്തിയ ജയറാം ലാലിനൊപ്പം/ വിഡിയോ സ്ക്രീൻഷോട്ട്

സംവിധായകൻ സിദ്ദിഖിന്റെ മരണം മലയാള സിനിമയ്ക്ക് ഒന്നാകെ വേദനയാവുകയാണ്. കരൾ രോ​ഗത്തെ തുടർന്ന് ഒരു മാസത്തോളമായി ചികിത്സയിലായിരുന്നു സിദ്ദിഖ്. ഒരു ദുശ്ശീലവുമില്ലായിരുന്ന സിദ്ദിഖിന് ഇത്തരത്തിലൊരു അസുഖം വന്നത് ഞെട്ടിപ്പിച്ചു എന്നാണ് നടൻ ജയറാം പറഞ്ഞത്. മലയാള സിനിമ കണ്ട ഏറ്റവും നല്ല ഹൃദയത്തിന്റെ ഉടമയായി കണക്കാക്കുന്ന പ്രേംനസീറിനെക്കാൾ ഒരു പടി മുകളിൽ നിൽക്കുന്ന നല്ല മനസ്സിന് ഉടമയാണ് സിദ്ദിഖ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

സിദ്ദിഖുമൊത്തുള്ള സൗഹൃദത്തിന്റെ ഓർമകളിലേക്ക് പോകണമെങ്കിൽ ഏകദേശം 40 വർഷം പിന്നിലേക്ക് സഞ്ചരിക്കണം. കലാഭവനും മുൻപേ തുടങ്ങിയ സൗഹൃദമാണ്. വൈകുന്നേരങ്ങളിൽ പുല്ലേപ്പടി ജങ്ഷനിൽ ഒത്തുകൂടുന്ന സൗഹൃദ കൂട്ടായ്മയിൽ സിദ്ദിഖ്, ഞാൻ, ലാൽ, കലാഭവൻ റഹ്മാൻ, സൈനുദീൻ, പ്രസാദ് എല്ലാവരും ഉണ്ടാകും.  അതിനുശേഷം സിനിമയിലെത്തി.- സിദ്ദിഖിനെ കടവന്ത്ര രാജീവ് ​ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ എത്തി അവസാനമായി കണ്ടതിനു ശേഷം മാധ്യമങ്ങളോട് ജയറാം പറഞ്ഞു. 

മലയാള സിനിമ കണ്ട ഏറ്റവും നല്ല ഹൃദയത്തിന്റെ ഉടമ എന്ന് പറയുമ്പോൾ ആദ്യം മനസ്സിലേക്ക് ഓടിവരുന്നത് പ്രേംനസീറിനെ കുറിച്ചാണ് ഞാൻ തന്നെ പറയാറുണ്ട്. ഒരുപക്ഷേ പ്രേംനസീറിനെക്കാൾ ഒരു പടി മുകളിൽ നിൽക്കുന്ന നല്ല മനസ്സിന് ഉടമയാണ് സിദ്ദിഖ്. സിദ്ദിഖിനെ പോലെയുള്ള വ്യക്തിത്വങ്ങൾ ഒന്നും ഇപ്പോൾ സിനിമയിൽ ഇല്ലെന്നും അദ്ദേഹം പറഞ്ഞു.

എന്നെ ഏറെ ഞെട്ടിപ്പിക്കുന്ന ഒരു സംഭവം തന്നെയാണ് ഇത്.  സിദ്ദിഖിന് ഇങ്ങനെ സംഭവിക്കുമെന്ന് ഞങ്ങളൊന്നും സ്വപ്നത്തിൽ വിചാരിക്കാത്ത കാര്യമാണ്. കാരണം ഒരു സ്വഭാവദൂഷ്യവുമില്ലാത്ത വ്യക്തിക്ക് വരാൻ പാടില്ലാത്ത അസുഖങ്ങൾ പിടിപെടുകയും കഴിഞ്ഞ കുറച്ചു ദിവസങ്ങൾ കൊണ്ടുതന്നെ അത് ഇത്രയേറെ വ്യാപിച്ച് ഞങ്ങളെയൊക്കെ വിട്ടുപിരിഞ്ഞു പോകുമെന്ന് സ്വപ്നത്തിൽ പോലും വിചാരിച്ചിട്ടില്ല. കഴിഞ്ഞ 24 മണിക്കൂർ മുൻപ് ഈ വാർത്ത കേട്ടത് ഞെട്ടലോടെയാണ്. എനിക്ക് എന്താണ് പറയേണ്ടത് എന്ന് അറിയില്ല. സിദ്ദിഖും ലാലും ഒക്കെ കലാഭവനിൽ നിന്ന് പോയിട്ട് ആ സ്ഥാനത്ത് ഞാനാണ് വന്നത്.  ഒരുമിച്ച് സിനിമകളിൽ വർക്ക് ചെയ്യാൻ സാധിച്ചു പക്ഷെ അതിനേക്കാളൊക്കെ ഉപരി ഇത്രയേറെ ഹൃദയശുദ്ധി ഉള്ള മനുഷ്യൻ വേറെ ഉണ്ടാകില്ല.  അത്ര ശുദ്ധനായ മനുഷ്യനാണ്.- ജയറാം കൂട്ടിച്ചേർത്തു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com