'ചങ്ങനാശ്ശേരി ചന്തയിലൂടെ ചെരുപ്പിടാതെ ഓടാന്‍ ഭദ്രന്‍ സാര്‍ പറഞ്ഞു'; സ്ഫടികം ഓര്‍മയില്‍ മോഹന്‍ലാല്‍ 

4കെ മിഴിവോടെ റീ റിലീസ് ചെയ്ത സ്ഫടികത്തിന് മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിക്കുന്നത്
സ്ഫടികത്തിൽ മോഹൻലാൽ/ ചിത്രം; ഫെയ്സ്ബുക്ക്
സ്ഫടികത്തിൽ മോഹൻലാൽ/ ചിത്രം; ഫെയ്സ്ബുക്ക്

ടുതോമ വീണ്ടും പ്രേക്ഷകരെ ഒന്നാകെ ആവേശത്തിലാഴ്ത്തുകയാണ്. 4കെ മിഴിവോടെ റീ റിലീസ് ചെയ്ത സ്ഫടികത്തിന് മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിക്കുന്നത്. അതിനിടെ സ്ഫടികം ഓര്‍മകളുമായി വീണ്ടും ഒന്നുചേര്‍ന്നിരിക്കുകയാണ് മോഹന്‍ലാലും സംവിധായകന്‍ ഭദ്രനും. ഇന്‍സ്റ്റഗ്രാം ലൈവില്‍ എത്തിയാണ് ഇരുവരും സന്തോഷം പങ്കുവച്ചത്.  

ചിത്രം വീണ്ടും തിയറ്ററില്‍ എത്തിക്കാന്‍ മുന്‍കൈയെടുത്ത അണിയറ പ്രവര്‍ത്തകരോടും സ്വീകരിച്ച പ്രേക്ഷകരോടും നന്ദി പറഞ്ഞുകൊണ്ടാണ് മോഹന്‍ലാല്‍ ലൈവ് ആരംഭിച്ചത്. സ്ഫടികം റീ റിലീസ് ചെയ്യണം എന്നു തോന്നിയത് എപ്പോഴാണെന്ന മോഹന്‍ലാലിന്റെ ചോദ്യത്തിന് ഭദ്രന്റെ മറുപടി ഇങ്ങനെയായിരുന്നു;

'നിങ്ങള്‍ തന്നെയാണ് അതിന് കാരണം. മോഹന്‍ലാലിന്റെ പിറന്നാള്‍ ദിനത്തിന് മൂന്നു ദിവസം മുന്‍പു തന്നെ പാലായുടെ സമീപ പ്രദേശങ്ങളില്‍ നിന്നുള്ള കുറച്ചുപേര്‍ മോട്ടോര്‍ സൈക്കിളുകളില്‍ വരും. ഗുണ്ടകള്‍ വരുന്നതുപോലെയാണ് അവര്‍ വരിക. എന്നിട്ട് സിനിമ ബിഗ് സ്‌ക്രീനില്‍ എങ്ങനെ കാണാന്‍ പറ്റുമെന്ന് ചോദിക്കും. ഒരിക്കല്‍ ഏറ്റുമാനില്‍ ഒരു കല്യാണത്തില്‍ പങ്കെടുക്കുന്നതിനിടെ രണ്ട് ചെറുപ്പക്കാര്‍ എന്റെ അടുത്തുവന്നു. അവരുടെ ഒരു ടാക്കീസില്‍ ചിത്രത്തിന്റെ ഫസ്റ്റ് ഹാഫ് ഉണ്ടെന്നു പറഞ്ഞു. പ്രൊജക്ടര്‍ സംഘടിപ്പിച്ചുവച്ചിട്ടുണ്ടെന്നും തെങ്ങില്‍ വെള്ളത്തുണി വലിച്ചു കെട്ടി കാണാന്‍ അനുവാദം തരണം എന്നു പറഞ്ഞു. അവരുടെ എനര്‍ജിയില്‍ നിന്നാണ് അങ്ങനെയൊരു ചിന്തയുണ്ടായത്.' 

അതിനു പിന്നാലെ ഷൂട്ടിങ്ങിനിടയിലെ രസകരമായ ഓര്‍മകളും ഭദ്രന്‍ പങ്കുവച്ചു. 'ചുവന്ന ബനിയനും കറുത്ത ഷോര്‍ട്‌സും ധരിച്ചുകൊണ്ടുള്ള അടി കഴിഞ്ഞ് ബഹദൂര്‍ക്കയുടെ കടയിലേക്ക് വരുന്ന സമയത്ത് അതിലൂടെ ഒരു റിക്ഷ പാസ് ചെയ്യുന്നുണ്ട്. ആ വണ്ടിയിലേക്ക് ചാടിക്കയറി ഇപ്പുറത്തേക്ക് ചാടണം എന്നു പറഞ്ഞപ്പോള്‍ ലാല്‍ എന്റെ മുഖത്തുനോക്കി ചിരിച്ചു. അങ്ങനെ പറ്റുമോ എന്ന് ലാല്‍ ചോദിച്ചു. ലാലിന് പറ്റില്ലായിരിക്കും തോമയ്ക്ക് അത് പറ്റും എന്നാണ് പറഞ്ഞത്. അത് ഊര്‍ജമാക്കിയെടുത്താണ് ലാലത് ചെയ്തത്. ഇന്ന് തിയറ്ററില്‍ ആ രംഗം എത്തിയപ്പോള്‍ എന്തൊരു കയ്യടിയായിരുന്നു.' 

ചങ്ങനാശ്ശേരി ചന്തയിലെ സംഘടനരംഗത്തെക്കുറിച്ചുള്ള ഓര്‍മകള്‍ മോഹന്‍ലാലും പങ്കുവച്ചു. 'ഫൈറ്റിനിടെ ജീപ്പിനു പിന്നാലെ ഓടുന്ന രംഗത്തില്‍ ചെരുപ്പ് ഇട്ടോട്ടെ എന്നു ഞാന്‍ ചോദിച്ചു. എന്നാല്‍ ചെരുപ്പ് ഇടേണ്ട എന്നാണ് എന്നോട് പറഞ്ഞത്. ഞാന്‍ അത് സമ്മതിച്ചു. പിന്നെ മനസ് അലിവു തോന്നിയായതുകൊണ്ടാണെന്നുതോന്നുന്നു ചെരുപ്പ് ഇട്ടോളാന്‍ എന്നോട് പറഞ്ഞു. ആ ഫൈറ്റില്‍ ഞാന്‍ ചെരിപ്പ് ഇട്ടിട്ടുണ്ടോ ഇല്ലയോ എന്നു എനിക്ക് ഓര്‍മയില്ല.' - മോഹന്‍ലാല്‍ പറഞ്ഞു. 

ചിത്രത്തിന്റെ നിര്‍മാതാക്കളേയും അണിയറ പ്രവര്‍ത്തകരേയും അഭിനേതാക്കളേയുമെല്ലാം അനുസ്മരിച്ചു. തിലകന്‍, കെപിഎസി ലളിത, ബഹദൂര്‍, സില്‍ക് സ്മിത തുടങ്ങിയ മണ്‍മറിഞ്ഞ കലാകാരന്മാരുടെ പേരെടുത്ത് പറഞ്ഞുകൊണ്ടാണ് മോഹന്‍ലാല്‍ നന്ദി പറഞ്ഞത്. പുതിയ ചിത്രം മലൈക്കോട്ട വാലിബന്‍ സിനിമയുടെ ജയ്‌സാല്‍മീറിലെ സെറ്റില്‍ നിന്നായിരുന്നു മോഹന്‍ലാല്‍ ലൈവില്‍ ജോയിന്‍ ചെയ്തത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com