"ഞാനിനി എങ്ങനെ പുറത്തിറങ്ങി നടക്കും, ഡിവോഴ്‌സോടെ എല്ലാം അവസാനിക്കും എന്ന പേടിയായിരുന്നു": തുറന്നുപറഞ്ഞ് ഗായിക അഞ്ജു

ജീവിതത്തില്‍ വിവാഹമോചനം എന്ന വലിയ തീരുമാനം എടുത്തതിനെക്കുറിച്ചും ആ നാളുകളെ എങ്ങനെ അതിജീവിച്ചെന്നും തുറന്നുപറയുകയാണ് അഞ്ജു
അഞ്ജു ജോസഫ്
അഞ്ജു ജോസഫ്

ജീവിതത്തിലെ വളരെ പ്രയാസമേറിയ നാളുകള്‍ മറികടന്നതിനെക്കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ് ഗായിക അഞ്ജു ജോസഫ്. റിയാലിറ്റി ഷോയിലൂടെ ശ്രദ്ധനേടിയ അഞ്ജു പിന്നീട് സ്റ്റേജ് ഷോകളിലും ചാനല്‍ പരിപാടികളിലും സജീവ സാന്നിധ്യമായിരുന്നു. സിനിമകളില്‍ പിന്നണി ഗായികയായും തിളങ്ങിയിട്ടുണ്ട്. എന്നാലിപ്പോള്‍, ജീവിതത്തില്‍ വിവാഹമോചനം എന്ന വലിയ തീരുമാനം എടുത്തതിനെക്കുറിച്ചും ആ നാളുകളെ എങ്ങനെ അതിജീവിച്ചെന്നും തുറന്നുപറയുകയാണ് അഞ്ജു. ഐ ആം വിത്ത് ധന്യ വര്‍മ്മ എന്ന അഭിമുഖത്തിലാണ് അഞ്ജു ഡിവോഴ്‌സിനെക്കുറിച്ച് സംസാരിച്ചത്. 

ഡിവോഴ്‌സോടെ എല്ലാം അവസാനിക്കും എന്ന് കരുതിയ ആളായിരുന്നു താനെന്ന് അഞ്ജു പറയുന്നു. "നമ്മള്‍ ഒരാളെ സ്‌നേഹിക്കുമ്പോള്‍ നമ്മള്‍ ഭയങ്കരമായിട്ടായിരിക്കും സ്‌നേഹിക്കുന്നത്. അതിപ്പോള്‍ അപ്പുറത്ത് നില്‍ക്കുന്ന വ്യക്തിയും അങ്ങനെതന്നെയായിരിക്കും. അങ്ങനെ സനേഹിക്കുമ്പോള്‍ നമ്മള്‍ വിചാരിക്കും നമ്മുക്കിനി അവരില്ലാതെ ജീവിക്കാന്‍ പറ്റില്ലെന്ന്. നമ്മുക്ക് ഏറ്റവും കൂടുതല്‍ പേടിയുള്ള കാര്യവും നമുക്ക് ഇഷ്ടമുള്ളവര്‍ നമ്മളെ ഇട്ടിട്ടുപോകുമോ എന്നായിരിക്കും. ഞാന്‍ ഇതില്‍ നിന്ന് പഠിച്ച ഒരു കാര്യം, ഞാന്‍ ഒരിക്കലും എന്നെ സ്‌നേഹിച്ചിട്ടില്ല. എനിക്കെന്നെ ഇഷ്ടമേ അല്ലായിരുന്നു. എപ്പോഴും മറ്റൊരാള്‍ക്ക് വേണ്ടിയാണ് ഞാന്‍ ജീവിച്ചിരുന്നത്. ഗുഡ് ഗേള്‍ സിന്‍ഡ്രോം ഭയങ്കരായിട്ടുണ്ടായിരുന്ന ഒരാളായിരുന്നു ഞാന്‍", അഞ്ജു പറഞ്ഞു. 

ഡിവോഴ്‌സ് എന്ന തീരുമാനത്തിലേക്കെത്തുന്നതില്‍ നിന്ന് തന്നെ പിന്തിരിപ്പിച്ച കാര്യങ്ങളെക്കുറിച്ചും അഞ്ജു അഭിമുഖത്തില്‍ പറഞ്ഞു. "ഒന്ന്, ഞാന്‍ തന്നെ കണ്ടുപിടിച്ച ബന്ധമായിരുന്നു ഞങ്ങളുടേത്. അപ്പോള്‍ എനിക്കിത് എങ്ങനെയെങ്കിലും ശരിയാക്കിയെടുക്കണം എന്നൊരു സമ്മര്‍ദ്ദം എന്റെയുള്ളില്‍ തന്നെയുണ്ടായിരുന്നു. രണ്ടാമത്തേത് ഡിവോഴ്‌സ് എന്ന വാക്കിനോടുള്ള പേടി. വല്ലാത്ത പേടിയായിരുന്നു. സമൂഹത്തില്‍ ഇതെന്നെ എങ്ങനെ ബാധിക്കും. ഞാനിനി എങ്ങനെ പുറത്തിറങ്ങി നടക്കും. എന്റെ അച്ഛനും അമ്മയും എങ്ങനെ പുറത്തിറങ്ങി നടക്കും. എന്റെ ചേട്ടന്‍, എന്നെ അറിയാവുന്ന ആളുകളെല്ലാം എന്നെ വേറെയായിട്ട് കാണുമോ എന്നൊക്കെ ചിന്തിച്ചിരുന്നു. പക്ഷെ ഞാന്‍ ഡിവോഴ്‌സ് ആയതിന് ശേഷം മനസ്സിലാക്കിയ ഒരു കാര്യം, നമുക്ക് വേണ്ട ആളുകളൊക്കെ നമ്മളെ അതുപോലെതന്നെയെ കാണുകയൊള്ളു എന്നാണ്. വ്യത്യാസമൊന്നും ഉണ്ടായിരിക്കില്ല. ഒന്നും മാറാന്‍ പോകുന്നില്ല. ഉറപ്പായും പുറത്തുനിന്ന് പലതും കേള്‍ക്കേണ്ടിവരും. അത്, പറയാനുള്ളവര്‍ പറയും, നമ്മള്‍ കേള്‍ക്കും, അത് അവഗണിച്ച് നമ്മള്‍ മുന്നോട്ടുപോകും".  

ഡിവോഴ്‌സ് വളരെ കഠിനമായിരുന്നു എന്നാണ് അഞ്ജുവിന്റെ വാക്കുകള്‍. "എല്ലാ ബന്ധങ്ങളും അവസാനിപ്പിക്കുമ്പോള്‍ അത് വേദനിക്കും, അതില്‍ നിന്ന് പുറത്തുകടക്കുക വളരെ പ്രയാസവുമാണ്. ചിലര്‍ പറയുന്നത് കേള്‍ക്കാം ബന്ധം വേര്‍പ്പെടുത്താന്‍ വളരെ എളുപ്പമാണെന്ന്. പൊതുവേ ഉള്ള ഒരു തെറ്റിധാരണയാണത്. ഞാന്‍ പലരുടെയും അടുത്തുനിന്ന് കേട്ടിട്ടുണ്ട്, ഒരുമിച്ച് ജീവിക്കുന്നതാണ് പ്രയാസം, സെപ്പറേറ്റഡ് ആകുന്നത് വളരെ എളുപ്പമാണെന്ന്. പക്ഷെ, ഇതിനകത്തൂടെ കടന്നുപോയ ഒരാളും അങ്ങനെ പറയില്ല. ഒരുപാട് വികാരങ്ങളാണ് മനസിലൂടെ കടന്നുപോകുന്നത്. പക്ഷെ, നിങ്ങളുടെ ബന്ധത്തില്‍ സംഭവിക്കുന്ന കാര്യങ്ങളില്‍ നിങ്ങള്‍ക്ക് സന്തോഷം കണ്ടെത്താനാകുന്നില്ലെങ്കില്‍, അതില്‍ നിന്ന് പുറത്തുകടക്കാന്‍ കഴിയുമെന്ന് ചിന്തിക്കുന്നുണ്ടെങ്കില്‍ അത് ചെയ്യണം. കാരണം, ഡിവോഴ്‌സിന് ശേഷവും ഒരു ജീവിതമുണ്ട്", അഞ്ജു പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com