'നടന്മാരൊക്കെ താടിക്കാർ, ചിന്തിച്ചിട്ടൊരെത്തും പിടിയും കിട്ടുന്നില്ല'; മോഹൻലാലിന് കത്തെഴുതി വികെ ശ്രീരാമൻ, മറുപടി ഇങ്ങനെ   

അമ്മ ജനറൽ ബോഡി മീറ്റിങ്ങിലെ രസകരമായ നിമിഷത്തേക്കുറിച്ച് ശ്രീരാമൻ തന്നെയാണ് സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്
മോഹൻലാൽ, വികെ ശ്രീരാമൻ/ഫോട്ടോ: ഫെയ്സ്ബുക്ക്
മോഹൻലാൽ, വികെ ശ്രീരാമൻ/ഫോട്ടോ: ഫെയ്സ്ബുക്ക്

ലയാള നടന്മാരിൽ താടിക്കാർ കൂടുന്നതിനെക്കുറിച്ചാണ് നടൻ വികെ ശ്രീരാമന്റെ ആശങ്ക മുഴുവൻ. ചിന്തിച്ചിട്ട് എത്തുംപിടിയും കിട്ടാതിരുന്നതോടെ ഇതേക്കുറിച്ച് താരസംഘടനയായ അമ്മയുടെ പ്രസിഡന്റ് മോഹൻലാലിന് ഒരു കത്തെഴുതി. വൈകാതെ താരത്തിന്റെ മറുപടിയും എത്തി, 'രോമത്തിന് താരത്തിലുള്ള സ്വാധീനം' എന്ന വിഷയത്തിലുള്ള ചർച്ച അരോമ മോഹൻ്റെ നേതൃത്വത്തിൽ നടത്താം എന്നായിരുന്നു ഉറപ്പ്. 

അമ്മ ജനറൽ ബോഡി മീറ്റിങ്ങിലെ രസകരമായ നിമിഷത്തേക്കുറിച്ച് ശ്രീരാമൻ തന്നെയാണ് സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. മലയാള നടന്മാർ താടിവെക്കുന്നതിന് കാരണം തേടിക്കൊണ്ടാണ് ശ്രീരാമൻ മോഹൻലാലിന് കത്തെഴുതിയത്. രസകരമായ കത്തിന് മോഹൻലാൽ അതേരീതിയിൽ തന്നെ മറുപടി എഴുതുകയായിരുന്നു. 

വികെ ശ്രീരാമന്റെ കുറിപ്പ്

ഇന്ന് മിഥുനം പതിനൊന്നാണ്.
തിങ്കളാഴ്ചയുമാണ്.
ഇന്നലെ, അല്ല മിനിഞ്ഞാന്ന് വന്നതാണ് കൊച്ചിക്ക് .
നടീനടന്മാരുടെ പൊതുയോഗമായിരുന്നിന്നലെ.
ആൺതാരങ്ങളും പെൺതാരങ്ങളും ധാരാളം.
കുറച്ചു കാലമായി ഒരു കാര്യം ഞാൻ ശ്രദ്ധിക്കുന്നുണ്ട്. ചെറുവാല്യേക്കാരായ ആൺതാരങ്ങളും പെരുംതാരങ്ങളുമെല്ലാം മുളങ്കൂട് പോലുള്ള താടിയും വെച്ചാണ് നടക്കുന്നത്. പെട്ടന്നു കണ്ടാലാരെയും തിരിച്ചറിയാത്ത വിധം മൊകറുകളൊക്കെ മൂടപ്പെട്ടിരിക്കുന്നു.
ഇവരൊക്കെ  ഇങ്ങനെ സോക്രട്ടീസുമാരോ ടോൾസ്റ്റോയിമാരോ ആയി പരിണമിക്കാൻ എന്തായിരിക്കും കാരണം?
ബൗദ്ധിക സൈദ്ധാന്തിക ദാർശനീക മണ്ഡലങ്ങൾ വികസിച്ചു വരുന്നതിൻ്റെ ദൃഷ്ടാന്തമാണോ?
ചിന്തിച്ചിട്ടൊരെത്തും പിടിയും കിട്ടാത്തതിനാൽ
ഒരു കത്ത് അസ്സോസിയേഷൻ തലൈവർക്കു കൊടുത്തു വിട്ടു.
'രോമത്തിന് താരത്തിലുള്ള സ്വാധീനം ' എന്ന വിഷയത്തിൽ ഒരു ഒരു പ്രബന്ധമവതരിപ്പിച്ച് ചർച്ച ചെയ്ത് സന്ദേഹനിവാരിണീതൈലം കാച്ചിയെടുത്ത് വിതരണം ചെയ്യാമോ എന്നായിരുന്നു കത്തിൻ്റെ കുത്ത്.
കുത്തിയതും മറുകുത്തുടനേ വന്നു.
അതവസാനിക്കുന്നതിങ്ങനെ
'രോമത്തിന് താരത്തിലുള്ള സ്വാധീനം' എന്ന വിഷയത്തിലുള്ള ചർച്ച അരോമ മോഹൻ്റെ നേതൃത്വത്തിൽ നടത്താം എന്നാണ് തീരുമാനം.

പോസ്റ്റിന് താഴെ നിരവധി ആരാധകരും കമന്റുമായി എത്തി. വിരാട് കോഹ് ലി സിൻട്രം ആണ് എന്നായിരുന്നു ഒരാളുടെ കമന്റ്. താടിക്കാരുടെ അപൂർവത നഷ്ടപ്പെടുന്നതിൽ ഖേദമുണ്ട് എന്നായിരുന്നു മറ്റൊരാളുടെ കമന്റ്. താടിക്ക് ആഡംബരനികുതി ഏര്‍പ്പെടുത്തിയാലോ എന്നാണ് മറ്റൊരാളുടെ ചോദ്യം. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com