പെരുവണ്ണാനായി സുരേഷ് ​ഗോപി; കളിയാട്ടത്തിനു ശേഷം ജയരാജുമായി ഒന്നിക്കുന്നു; ഒരു പെരുങ്കളിയാട്ടം ഒരുങ്ങുന്നു

 തെയ്യത്തെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രത്തിൽ പെരുവണ്ണാൻ എന്ന കഥാപാത്രമായാണ് സുരേഷ് ​ഗോപി എത്തുന്നത്
സുരേഷ് ​ഗോപി/ചിത്രം; ഫെയ്‌സ്‌ബുക്ക്
സുരേഷ് ​ഗോപി/ചിത്രം; ഫെയ്‌സ്‌ബുക്ക്


സുരേഷ് ​ഗോപിയുടെ കരിയറിലെ ഏറ്റവും മികച്ച ചിത്രങ്ങളിലൊന്നാണ് ജയരാജ് സംവിധാനം ചെയ്ത കളിയാട്ടം. ചിത്രത്തിലൂടെ താരത്തെ തേടി ദേശിയ പുരസ്കാരവും എത്തിയിരുന്നു. 26 വര്‍ഷങ്ങള്‍ക്ക് ശേഷം സുരേഷ് ​ഗോപിയും ജയരാജും വീണ്ടും ഒന്നിക്കുകയാണ്. ഒരു പെരുങ്കളിയാട്ടം എന്നാണ് ചിത്രത്തിന്റെ പേര്. 

തെയ്യത്തെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രത്തിൽ പെരുവണ്ണാൻ എന്ന കഥാപാത്രമായാണ് സുരേഷ് ​ഗോപി എത്തുന്നത്. താടിയും മീശയും വടിച്ച ലുക്കിലാണ് താരം എത്തുന്നത്. പെരുവണ്ണാൻ ആയുള്ള ലുക്ക് സുരേഷ് ​ഗോപി തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചത്. സിനിമയുടെ ചിത്രീകരണം ആരംഭിച്ചു. 

"തെയ്യങ്ങളുടെ പശ്ചാത്തലത്തില്‍ ഞാനും സുരേഷ് ഗോപിയും ഒന്നിക്കുന്നു. ഒരു പെരുങ്കളിയാട്ടം. കളിയാട്ടം എന്ന സിനിമയുമായി ഇതിന് യാതൊരു ബന്ധവുമില്ല. ഇതൊരു വ്യത്യസ്തമായ അനുഭവമായിരിക്കും.- എന്നാണ് ചിത്രം പങ്കുവച്ച് ജയരാജ് കുറിച്ചത്. ഷൈന്‍ ടോം ചാക്കോ, അനശ്വര രാജന്‍, കന്നഡ താരം ബി.എസ്. അവിനാഷ് എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. 

1997ലാണ് കളിയാട്ടം റിലീസ് ചെയ്യുന്നത്. ഷേക്‌സ്പിയറുടെ ഒഥല്ലോ എന്ന വിശ്വപ്രസിദ്ധ നാടകത്തെ അടിസ്ഥാനമാക്കിയായിരുന്നു ചിത്രം ഒരുക്കിയത്. ബല്‍റാം മട്ടന്നൂരായിരുന്നു തിരക്കഥ. കണ്ണന്‍ പെരുമലയന്‍ എന്ന കഥാപാത്രമായാണ് സുരേഷ് ഗോപി എത്തിയത്. മഞ്ജു വാര്യർ, ലാൽ, ബിജു മേനോൻ, എന്നാവരാണ് പ്രധാന വേഷങ്ങൾ അഭിനയിച്ചത്.  ആ വര്‍ഷത്തെ മികച്ച സംവിധായകനും നടനുമുള്ള ദേശീയ പുരസ്‌കാരവും ചിത്രത്തെ തേടിയെത്തി. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com