മരണം പോലും കലഹമാക്കി ആഘോഷിച്ച നടൻ; അച്ഛന്റെ ഓർമ്മയിൽ ഷമ്മി തിലകൻ

നടൻ തിലകനെ കുറിച്ച് ഷമ്മി തിലകന്റെ വാക്കുകൾ
തിലകനൊപ്പം ഷമ്മി തിലകൻ/ ഫെയ്‌സ്‌ബുക്ക്
തിലകനൊപ്പം ഷമ്മി തിലകൻ/ ഫെയ്‌സ്‌ബുക്ക്

ലയാള സിനിമയുടെ പെരുന്തച്ഛൻ ഓർമ്മയായിട്ട് പതിനൊന്ന് വർഷം.  മറ്റാർക്കും പകർന്നാടാൻ കഴിയാത്ത അഭിനയ മികവായിരുന്നു തിലകൻ എന്ന മഹാനടൻ മലയാള സിനിമയ്‌ക്ക് നൽകിയ സംഭാവന. ഏത് കഥാപാത്രത്തിലേക്കും ഒരു ഉന്മാദിയെ പോലെ ഇറങ്ങി വന്നിരുന്ന തിലകൻ സിനിമാ വിദ്യാർഥികൾക്ക് എല്ലാക്കാലവും ഒരു പാഠപുസ്തകമാണ്.

അദ്ദേഹത്തിന്റെ ഓർമ്മ ദിനത്തിൽ മകൻ ഷമ്മി തിലകൻ സമൂഹമാധ്യമങ്ങളിൽ കുറിച്ച വാക്കുകൾ ശ്രദ്ധേയമാകുന്നു. കലഹിക്കാനുള്ള പഴുതുകളൊന്നും പാഴാക്കാത്ത, മരണം പോലും കലഹമാക്കി ആഘോഷിച്ച, തന്നെ തള്ളിപ്പറഞ്ഞ വ്യവസ്ഥിതിയോട് 'ജനപക്ഷപിന്തുണ' എന്ന വജ്രായുധംകൊണ്ട് മധുരമായി പകരം വീട്ടിയ നിഷേധിയായ പോരാളി വീരമൃത്യു അടഞ്ഞിട്ട് പതിനൊന്നു വർഷം എന്ന് ഷമ്മി കുറിക്കുന്നു. 

ഷമ്മി തിലകന്റെ കുറിപ്പ്

വർഷം #പതിനൊന്ന്.
ചില്ലക്ഷരം കൊണ്ടുപോലും കള്ളം പറയാത്ത അഭിനയസമർപ്പണമായതിനാൽ കാലം നെഞ്ചിലേറ്റി..; ഒന്നിലും ഒരിക്കലും തോൽക്കാത്ത മഹാനടന്മാരുടെ മുൻനിരയിൽ തന്നെ പേര് ചേർത്ത് എഴുതിയിരിക്കുന്ന നടന കുലപതി അരങ്ങൊഴിഞ്ഞിട്ട് പതിനൊന്നുവർഷം..!

 

കലഹം ജന്മപ്രകൃതമായ.; 
കലഹിക്കാനുള്ള പഴുതുകളൊന്നും പാഴാക്കാത്ത.; 
മരണം പോലും കലഹമാക്കി ആഘോഷിച്ച.; 
തന്നെ തള്ളിപ്പറഞ്ഞ വ്യവസ്ഥിതിയോട് 'ജനപക്ഷപിന്തുണ' എന്ന വജ്രായുധംകൊണ്ട് മധുരമായി പകരം വീട്ടിയ.; 
നിഷേധിയായ പോരാളി വീരമൃത്യു അടഞ്ഞിട്ട് പതിനൊന്നുവർഷം..!
അന്യായം, അധർമ്മം, അക്രമം എന്ന് തോന്നുന്ന എന്തിനെയും, അതിൻറെ വരുംവരാഴികകൾ ആലോചിക്കാതെ എതിർക്കുന്ന ഏതൊരുവന്റെയുള്ളിലും തിലകന്റെ ഒരംശം പ്രവർത്തിക്കുന്നുണ്ട് എന്ന് കാരശ്ശേരി മാഷ് ഒരിക്കൽ പറയുകയുണ്ടായി. 

 

അതെ..! 
ജീവിച്ചിരുന്നപ്പോൾ അദ്ദേഹം ഉത്പാദിപ്പിച്ച ഊർജ്ജം മലയാള സംസ്കാരം ഉള്ളടത്തോളം കാലം  എക്കാലവും ബാക്കിയുണ്ടാവും..! 
എന്നിരുന്നാലും..; 'പെറ്റ് കിടക്കുന്ന പുലി' എന്ന് മുഖത്തുനോക്കി വിളിക്കാൻ ചുരുക്കം ചിലർക്കെങ്കിലും മൗനാനുവാദം നൽകി, എന്നെന്നും ആ വാൽസല്യ വിളി ആസ്വദിച്ചിരുന്ന നിഷ്കളങ്കനായ "തിലകൻ ചേട്ടൻ" എന്ന
പാലപുരത്ത് കേശവൻ മകൻ സുരേന്ദ്രനാഥ തിലകൻ.; എൻറെ അഭിവന്ദ്യ പിതാവ്..; 

 

ഇഹലോകവാസം വെടിഞ്ഞിട്ട് ഇന്നേക്ക് പതിനൊന്നുവർഷം..!
നഷ്ടങ്ങളോടും ദുഃഖങ്ങളോടും എപ്പോഴും നന്ദി ഉണ്ട്. 
കാഴ്ചകളെ വലുതാക്കിയതിന്..! 
മനുഷ്യരെ തിരിച്ചറിയാൻ സഹായിച്ചതിന്..!!
ഒറ്റയ്ക്ക് നിൽക്കാൻ പഠിപ്പിച്ചതിന്..!!!
 പ്രണാമം 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com