'മോഹന്‍ലാലും ലിജോയും അല്ല, നിങ്ങളാണ് പ്രശ്നം': വാലിബൻ മികച്ച സിനിമയെന്ന് അനുരാ​ഗ് കശ്യപ്

ചിത്രത്തെ മുൻവിധിയോടെ സമീപിച്ചതാണ് ആരാധകരെ നിരാശരാക്കിയത് എന്നാണ് സംവിധായകന്‍ പറയുന്നത്
അനുരാഗ് കശ്യപ്, മലൈക്കോട്ടൈ വാലിബന്‍ പോസ്റ്റര്‍
അനുരാഗ് കശ്യപ്, മലൈക്കോട്ടൈ വാലിബന്‍ പോസ്റ്റര്‍ഫെയ്സ്ബുക്ക്

കൊച്ചി: ലിജോ ജോസ് പെല്ലിശ്ശേരിയും മോഹൻലാലും ഒന്നിച്ച മലൈക്കോട്ടൈ വാലിബൻ സിനിമയെ പ്രശംസിച്ച് ബോളിവുഡ് സംവിധായകൻ അനുരാ​ഗ് കശ്യപ്. പുതുമയുള്ള സിനിമയാണ് 'മലൈക്കോട്ടൈ വാലിബനെന്നും തനിക്ക് വളരെ അധികം ഇഷ്ടപ്പെട്ടു എന്നുമാണ് സംവിധായകൻ പറഞ്ഞത്. ചിത്രത്തെ മുൻവിധിയോടെ സമീപിച്ചതാണ് ആരാധകരെ നിരാശരാക്കിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഡോൺ പാലത്തറയുടെ 'ഫാമിലി' എന്ന ചിത്രത്തിന്റെ ട്രെയ്ലർ ലോഞ്ചിനായി കൊച്ചിയിൽ എത്തിയതായിരുന്നു അ‌നുരാഗ് കശ്യപ്.

അനുരാഗ് കശ്യപ്, മലൈക്കോട്ടൈ വാലിബന്‍ പോസ്റ്റര്‍
ഉണ്ണി വ്ലോ​ഗ്സിനെ ജാതീയമായി അധിക്ഷേപിച്ചു, വധഭീഷണി മുഴക്കി: സംവിധായകൻ അനീഷ് അൻവറിനെതിരെ കേസ്

വാലിബനെതിരെ കൂട്ടായ ആക്രമണം നടക്കുന്നതായി കേൾക്കുന്നു. ആരാധകർ വളരെ നിരാശരാണെന്നാണ് പറയുന്നത്. ഞാൻ കാണാൻ പോകുന്ന സിനിമ ഇങ്ങനെയാണെന്ന് കരുതിയാണ് അ‌വർ തിയേറ്ററിൽ വരുന്നത്. ആ മുൻവിധിയാണ് ഏറ്റവും വലിയ പ്രശ്നം. ഞാനൊരു സിനിമയ്ക്ക് പോകുന്നത് ശൂന്യമായ മനസ്സുമായാണ്. ഞാൻ മലൈക്കോട്ടൈ വാലിബൻ കാണാനാണ് പോകുന്നത്, അ‌ങ്കമാലി ഡയറീസല്ല. ലിജോ ഇത്തവണ എന്താണ് ചെയ്തിരിക്കുന്നതെന്ന് അ‌റിയാനാണ് ഞാനാ സിനിമയ്ക്ക് കയറുന്നത്. എങ്ങനെയാണ് മോഹൻലാൽ ആ കഥാപാത്രത്തെ അ‌വതരിപ്പിച്ചിരിക്കുന്നതെന്ന് അ‌റിയാനാണ്. നിങ്ങൾ ഒരാളുടെ വീട്ടിൽ ചെന്നിട്ട് മസാലദോശയും സാമ്പാറും തരുമ്പോൾ ഞാൻ ബീഫാണ് പ്രതീക്ഷിച്ചതെന്ന് പറയുന്നതുപോലെയാണ്. അ‌ത് സിനിമയെന്ന വ്യവസായത്തെയാണ് ബാധിക്കുന്നത്. ഈ ലിജോയെയോ മോഹൻലാലിനെയോ അ‌ല്ല പ്രതീക്ഷിച്ചതെന്ന് പറയുമ്പോൾ പ്രശ്നം നിങ്ങളാണ്. മോഹൻലാലും ലിജോയുമല്ല.

അനുരാഗ് കശ്യപ്

സോഷ്യൽ മീഡിയയിൽ എല്ലാവരും സിനിമാ നിരൂപകരാണ് എന്നാണ് അനുരാ​ഗ് കശ്യപ് പറയുന്നത്. താൻ സിനിമയെ ഗൗരവമായി സമീപിക്കുന്ന ഫിലിം ക്രിട്ടിക്കുകളെ മാത്രമേ ശ്രദ്ധിക്കാറുള്ളൂ. മറ്റെല്ലാം അ‌ഭിപ്രായങ്ങളാണ്. ആളുകൾക്ക് അ‌ഭിപ്രായങ്ങളുണ്ടാകാം. കൂട്ടായ ആക്രമണം സിനിമയുടെ ബിസിനസിനെ തകർക്കും. എന്നാൽ, അ‌തുകൊണ്ട് നല്ല സിനിമയുടെ മൂല്യം ഇല്ലാതാവില്ലെന്നും അ‌ദ്ദേഹം കൂട്ടിച്ചേർത്തു.

വാലിബന്റെ ഹിന്ദി റീമേക്കിൽ മോഹൻലാലിന് ശബ്ദം നൽകിയിരിക്കുന്നത് അനുരാ​ഗ് കശ്യപാണ്. മോഹൻലാൽ തന്നെയാണ് ഇതേക്കുറിച്ച് തുറന്നു പറഞ്ഞത്. സിനിമ കണ്ട് ഇഷ്ടപ്പെട്ടതിനു ശേഷമാണ് മോഹൻലാലിനുവേണ്ടി ശബ്ദം നൽകാൻ അനുരാ​ഗ് കശ്യപ് തയ്യാറായത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com