എതിര്‍ക്കുന്നവരെ സംഘിയായി മുദ്ര കുത്തുന്നത് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ രീതി; തലച്ചോറ് ഊരി മാറ്റി അടിമയായി നില്‍ക്കാനില്ല: ജയമോഹന്‍

'പൊതുജനത്തെ നിരന്തരം സംഘിയുടെ കൂടാരത്തിലേക്ക് തള്ളിവിടുന്നതാണ് ഇവരുടെ രാഷ്ട്രീയം'
ജയമോഹൻ
ജയമോഹൻ ഫെയ്സ്ബുക്ക് ചിത്രം

ചെന്നൈ: എതിര്‍ക്കുന്നവരെ സംഘിയായി മുദ്ര കുത്തുന്നതാണ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ രീതിയെന്ന് എഴുത്തുകാരന്‍ ജയമോഹന്‍. കമ്യൂണിസ്റ്റുകാരനോ ഡിഎംകെയോ അല്ലാത്ത എല്ലാവരും അവര്‍ക്ക് സംഘിയാണ്. അങ്ങനെ പൊതുജനത്തെ നിരന്തരം സംഘിയുടെ കൂടാരത്തിലേക്ക് തള്ളിവിടുന്നതാണ് ഇവരുടെ രാഷ്ട്രീയം. ഒരുപാട് കാലമായി ഇതാണ് ഇവിടെ നടന്നുവരുന്നതെന്നും ജയമോഹന്‍ പറഞ്ഞു.

മഞ്ഞുമ്മല്‍ ബോയ്‌സ് എന്ന സിനിമയെക്കുറിച്ച് എഴുതിയ ലേഖനത്തില്‍ മലയാളികളെ മദ്യപരായ പെറുക്കികള്‍ എന്നു ജയമോഹന്‍ വിശേഷിപ്പിച്ചതിനെതിരെ, എംഎ ബേബി ഉള്‍പ്പെടെയുള്ള ഇടതു നേതാക്കളും ഉണ്ണി ആര്‍ നെപ്പോലുള്ള എഴുത്തുകാരും രൂക്ഷമായ എതിര്‍പ്പുമായി രംഗത്തു വന്നിരുന്നു. ജയമോഹനെ സംഘപരിവാറുകാരനെന്നും വിളിച്ചിരുന്നു. ഇതിന് മറുപടിയായാണ് ജയമോഹന്‍ സിപിഎമ്മിനും ഡിഎംകെക്കുമെതിരെ രൂക്ഷ വിമര്‍ശനമുയര്‍ത്തിയത്.

'മാര്‍ക്സിസ്റ്റ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഒരുപാട് പ്രവര്‍ത്തനങ്ങളെ സ്വീകരിക്കുന്ന ആളാണ് ഞാന്‍. അവരുടെ മനുഷ്യത്വ പ്രവര്‍ത്തനങ്ങളെ വളരെയെറേ അനുകൂലിക്കുന്നുണ്ട്. പക്ഷേ പ്രകൃതി- വന സംരക്ഷണംപോലുള്ള കാര്യങ്ങളിലെ അവരുടെ സമീപനങ്ങള്‍ ഒട്ടും സ്വീകാര്യമല്ല. ഇവരുടെയൊക്കെ രീതി എന്നത് ഒപ്പം നില്‍ക്കുകയാണെങ്കില്‍ തലച്ചോറ് ഊരി മാറ്റി അടിമയായി ഒപ്പം നില്‍ക്കുക എന്നുള്ളതാണ്. അത് എനിക്ക് പറ്റില്ല. ഞാന്‍ ഏകാകിയാണ്'. ജയമോഹന്‍ പറഞ്ഞു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

'നിലപാട് എടുക്കുമ്പോള്‍ ഇവരുടെ എതിര്‍ചേരിയില്‍ നമ്മെ കൊണ്ടുപോയി ചേര്‍ത്തുകെട്ടുകയാണ് ചെയ്യുന്നത്. കമ്യൂണിസ്റ്റുകാരന്‍ എന്നും മതപരിവര്‍ത്തനം നടത്തിയ ക്രിസ്ത്യാനിയെന്നും എന്നെക്കുറിച്ച് എഴുതുന്നു. അടുത്ത കാലത്ത് കുടുംബത്തോടൊപ്പം അജ്മീര്‍ ദര്‍ഗ സന്ദര്‍ശിച്ചു. അതെന്റെ ആത്മീയതയാണ്. ഉടനെ തന്നെ ഞാന്‍ ഇസ്ലാമിക ഫണ്ടമെന്റലിസ്റ്റ് ആണ് എന്ന വിശേഷണത്തോടെ ലേഖനം വന്നു. രാഷ്ട്രീയക്കാരുടെ രീതി അതാണ്. മറ്റൊന്നും അവര്‍ക്ക് ചിന്തിക്കാന്‍ പറ്റില്ല, മറ്റൊന്നും അവരില്‍ നിന്നും പ്രതീക്ഷിക്കാനും പാടില്ല'.

'ഞാന്‍ ഡിഎംകെ അല്ല, കമ്യൂണിസ്റ്റുകാരനുമല്ല. മതേതര ചിന്ത ഉള്ള ഒരാളാണ്. അതുകൊണ്ടാണ് ഹിന്ദുത്വ പോലുള്ള കാര്യങ്ങളെ ഞാന്‍ ശക്തമായി എതിര്‍ക്കുന്നത്. കഴിഞ്ഞ മുപ്പത് കൊല്ലമായി അവരെ നിരന്തരം എതിര്‍ത്തുകൊണ്ടേയിരിക്കുന്നതും അവരില്‍ നിന്നും ഒന്നും പ്രതീക്ഷിക്കാതിരിക്കുന്നതും അതുകൊണ്ടാണ്. അവരുടെ സര്‍ക്കാര്‍ പത്മശ്രീ തന്നപ്പോള്‍ പോലും അത് നിരസിച്ചു. എന്റെ സ്വാതന്ത്ര്യം എനിക്ക് വേണം. ഒരു സര്‍ക്കാറില്‍ നിന്നും ഒന്നും സ്വീകരിക്കാന്‍ പറ്റില്ല എന്ന നിലപാട് എടുത്തയാളാണ് ഞാന്‍. ഇന്നും തമിഴ്നാട് സര്‍ക്കാറില്‍ നിന്നും ഒന്നും പ്രതീക്ഷിക്കുന്നില്ല'.

ജയമോഹൻ
'സിനിമ റിലീസ് ചെയ്ത് 48 മണിക്കൂറിനുള്ളിൽ റിവ്യു എന്ന പേരിൽ വിലയിരുത്തൽ വേണ്ട'- അമിക്കസ് ക്യൂറി

'ഒരു സര്‍ക്കാറില്‍ നിന്നും ഒന്നും സ്വീകരിക്കില്ല എന്നത് എന്റെ സ്വാതന്ത്ര്യസംരക്ഷണമാണ്. പക്ഷേ വിമര്‍ശനം അവര്‍ക്ക് ദഹിക്കില്ല. ഹൈന്ദവതയെ എതിര്‍ത്തുകൊണ്ട് തമിഴ് വംശീയതയെ എങ്ങനെ സ്വീകരിക്കാന്‍ പറ്റും? ദ്രാവിഡ വംശീയതയെ എങ്ങനെ സ്വീകരിക്കാന്‍ പറ്റും? അതെങ്ങനെയാണ് പ്രോഗ്രസീവ് ആവുക? അതുപറയുമ്പോള്‍ ഞാന്‍ ഡിഎംകെയെ എതിര്‍ക്കുന്നു. ഡിഎംകെയെ എതിര്‍ക്കുമ്പോള്‍ സംഘി എന്നുവിളിക്കുന്നു'. ജയമോഹന്‍ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com