താന്‍ രാഷ്ട്രപതിയാകാതിരുന്നത് പ്രകാശ് കാരാട്ട് കാരണം: സോമനാഥ് ചാറ്റര്‍ജി

ജ്യോതി ബസുവിനെ പ്രധാനമന്ത്രിയാകുന്നതില്‍ നിന്ന് തടഞ്ഞത് വച്ച് നോക്കുമ്പോള്‍ തന്റെ കാര്യം വളരെ ചെറിയ വിഷയം മാത്രമാണ്
താന്‍ രാഷ്ട്രപതിയാകാതിരുന്നത് പ്രകാശ് കാരാട്ട് കാരണം: സോമനാഥ് ചാറ്റര്‍ജി

കൊല്‍ക്കത്ത: സിപിഎം മുന്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് എതിര്‍ത്തതുകൊണ്ടാണ് താന്‍ രാഷ്ട്രപതിയാകാതെ പോയതെന്ന് മുന്‍ ലോക
സഭ സ്പീക്കറും സിപിഎം നേതാവുമായ മോമനാഥ് ചാറ്റര്‍ജി. ബംഗാളി ദിനപത്രമായ ആജ്കലിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഈ വെളിപ്പെടുത്തല്‍ നടത്തിയത്. 

'2007 ല്‍ ലോക്‌സഭാ സ്പീക്കറായിരിക്കെ ജെഡിയു നേതാവ് ശരദ് യാദവ് തന്നെ വന്നു കണ്ടു. രാഷ്ട്രപതി സ്ഥാനാര്‍ഥിയാകണമെന്നതായിരുന്നു അവരുടെ ആവശ്യം. കോണ്‍ഗ്രസ് നേതൃത്വം ആവശ്യപ്പെട്ടത് അനുസരിച്ചാണ് അദ്ദേഹം തന്നെ വന്നുകണ്ടത്.ജെഡിയുവിന് പുറമെ, ഡിഎംകെ, ബിജെഡി. ശിരോമണി അകാലിദള്‍ എന്നീ കക്ഷികളും പിന്തുണ അറിയിച്ചതായി അവര്‍ പറഞ്ഞു. ഇക്കാര്യം പാര്‍ട്ടി നേതൃത്വവുമായി സംസാരിക്കാന്‍ താന്‍ ശരദ് യാദവിനോട് പറഞ്ഞുവിട്ടു. എന്നാല്‍ തന്നെ സ്ഥാനാര്‍ഥിയാക്കാനുള്ള നിര്‍ദേശം പാര്‍ട്ടി ജനറല്‍ സെക്രട്ടറിയായിരുന്ന കാരാട്ട് തള്ളിക്കളഞ്ഞു.സ്ഥാനാര്‍ഥിയെ പോലും നിര്‍ത്തേണ്ടെന്ന് ബിജെപി തീരുമാനിച്ച സമയത്തായിരുന്നു ഇത്. അത് കഴിഞ്ഞ് കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം കാരാട്ട് എന്നെ വന്നു കണ്ടു. പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ സിപിഎം ആരെയും സ്ഥാനാര്‍ഥിയായി നിര്‍ദേശിക്കില്ലെന്ന് പറയുകയുണ്ടായി.

അദ്ദേഹം അന്ന് എതിര്‍ത്തില്ലായിരുന്നുവെങ്കില്‍ താന്‍ രാഷ്ട്രപതിയാകുമായിരുന്നു. ജ്യോതി ബസുവിനെ പ്രധാനമന്ത്രിയാകുന്നതില്‍ നിന്ന് തടഞ്ഞത് വച്ച് നോക്കുമ്പോള്‍ തന്റെ കാര്യം വളരെ ചെറിയ വിഷയം മാത്രമാണ്'. പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ സോമനാഥ് ചാറ്റര്‍ജി പറയുന്നു.

പ്രകാശ് കാരാട്ടിന്റെ എതിര്‍പ്പ് മൂലമായിരുന്നു ജ്യോതി ബസുവിനെ പ്രധാനമന്ത്രിയാക്കാനുള്ള നീക്കം പാളിയത്. ഇന്ത്യ-അമേരിക്ക ആണവ കരാറിന്റെ പേരില്‍ ഒന്നാം യുപിഎ സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ച കാരാട്ടിന്റെ തീരുമാനത്തേയും അദ്ദേഹം വിമര്‍ശിച്ചു.

ഇപ്പോഴത്തെ ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി രാജ്യസഭയയിലേക്ക് വീണ്ടും മത്സരിക്കണം എന്ന് ബംഗാള്‍ ഘടകം ഉള്‍പ്പെടെ നിലപാടെടുത്തതപ്പോള്‍ എതിര് നിന്നത് കാരാട്ട് പക്ഷമായിരുന്നു. ജനറല്‍ സെക്രട്ടറി ഇനി രാാജ്യസഭയിലേക്ക് പോകേണ്ടെന്ന് കാരാട്ട് പക്ഷം പിബിയില്‍ നിലപാട് സ്വീകരിക്കുകയായിരുന്നു.

യച്ചൂരി വീണ്ടും രാജ്യസഭയിലേക്ക് പോകണം എന്ന് ആവശ്യപ്പെട്ട് വിഎസ് അച്യുതാനന്ദനും രംഗത്തെത്തിയിരുന്നു. കേന്ദ്ര കമ്മിറ്റിയില്‍ ഇക്കാര്യം ആവശ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം രാജ്യസഭയിലേക്ക് ഇനി മത്സരിക്കുന്നില്ലായെന്ന് സിതാറാം യച്ചൂരി വ്യക്തമാക്കി. യച്ചൂരിയാണ് മത്സരിക്കുന്നതെങ്കില്‍ തങ്ങള്‍ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുന്നില്ലായെന്ന് കോണ്‍ഗ്രസ് പറഞ്ഞിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com